• HOME
 • »
 • NEWS
 • »
 • life
 • »
 • AN OLD STUDENT REMEMBERS PROF KC MATHEW WHO SET UP BISHOP MOOR COLLEGE RV

'വിയറ്റ്‌നാം കോളനി സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കൃഷ്‍ണമൂർത്തി എന്ന കഥാപാത്രത്തിന്റെ റോളായിരുന്നു മാത്യു അച്ചന്'

മാവേലിക്കര ബിഷപ് മൂർ കോളേജ് സ്ഥാപക പ്രിൻസിപ്പൽ അന്തരിച്ച റവ. പ്രൊഫ. കെ .സി മാത്യുവിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുമായി ബിഷപ് മൂർ കോളേജ് അലമ്‌നെ യുഎഇ ചാപ്റ്റർ ജനറൽ സെക്രട്ടറി റോജിൻ പൈനുംമൂട്

prof. Kc mathew

prof. Kc mathew

 • Share this:
  റോജിൻ പൈനുംമൂട്

  ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ഒരു ബന്ധുവിന്റെ വിവാഹ റിസപ്ഷനിലാണ് കെ സി മാത്യു അച്ചന്റെ ചിത്രം ആദ്യമായി കാണുന്നത്. ഓഡിറ്റോറിയത്തിലെ സ്റ്റേജിന്റെ വലതു വശത്തുള്ള എണ്ണച്ചായ ചിത്രത്തില്‍ സുസ്‌മേരവദനനായ നില്‍ക്കുന്ന അച്ചന്റെ രൂപം കാണുന്നത് ഒരു ഐശ്വര്യമായിരുന്നു.

  1993 ജൂണില്‍ ഇതേ ഓഡിറ്റോറിയത്തില്‍ അമ്മയ്ക്കൊപ്പം പ്രീഡിഗ്രി കോമേഴ്സ് ഗ്രൂപ്പിലെ ഇന്റര്‍വ്യൂനു ചെന്നപ്പോള്‍ വീണ്ടും ഈ ചിത്രം കണ്ടു. അച്ചന്റെ ഡ്രസ്സിങ് സെന്‍സ് അന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു, ഷര്‍ട്ട് ഇന്‍ ചെയ്തതിനു പോലും ഒരു പ്രത്യേക ചേലായിരുന്നു. പിന്നീടുള്ള അഞ്ചു വര്‍ഷക്കാലത്തെ കോളേജ് പഠന കാലത്തു പല ചടങ്ങുകള്‍ക്ക് അവിടെ എത്തിയ അച്ചനെ ദൂരത്തെ നിന്നും കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്.

  1964-ല്‍ കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ അനേകം ജൂനിയര്‍ കോളേജുകള്‍ ആരംഭിച്ചത് ഈ വര്‍ഷമാണ്, മാവേലിക്കരയില്‍ സി എസ് ഐ മാനേജ്‌മെന്റിന് സര്‍ക്കാര്‍ ഒരു കോളേജ് അനുവദിച്ചു. കോട്ടയം സി എം എസ് കോളേജില്‍ ഫിസിക്‌സ് അധ്യാപകനായ അച്ചനെ അന്നത്തെ സഭാ ബിഷപ് റവ . എം എം ജോണ്‍ മാവേലിക്കര കോളേജിന്റെ ചുമതല ഏല്‍പിക്കുകയായിരുന്നു.

  കോളേജിന് വേണ്ടി സഭ വാങ്ങിയ സ്ഥലം കാണാന്‍ കോട്ടയത്തു നിന്നും അച്ചന്‍ എത്തി, പിന്നീട് സംഭവിച്ചത് ചരിത്രം. കപ്പക്കൃഷി ചെയ്തിരുന്ന ഒരു പറമ്പ് മാവേലിക്കരയ്ക്ക് സമീപം കല്ലുമലയില്‍ സി എസ് ഐ മാനേജ്മന്റ് വാങ്ങുന്നത്, വിയറ്റ്നാം കോളനി സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തിന്റെ റോളായിരുന്നു അച്ചന്, ആ പറമ്പില്‍ ഉണ്ടായിരുന്ന ഏഴു വീടുകളിലെ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള ചുമതല ഭംഗിയായി നിര്‍വഹിച്ചു. 1964 ഏപ്രില്‍ 23 ന് കോളേജിന് തറക്കല്ലിട്ടു. അന്ന് കോളേജിന്റെ ഓഫീസ് പ്രവര്‍ത്തിച്ചത് ഇന്നത്തെ ഐ ഇ എം ബൈബിള്‍ കോളേജിന്റെ ഓഫീസിലായിരുന്നു അച്ചനും ചില അധ്യാപകരും താമസിച്ചിരുന്നത്.

  പേരുകള്‍ വിളിച്ചുതന്നെ ഹാജര്‍ എടുക്കണമെന്നുള്ള അച്ചന്റെ നിര്‍ബന്ധം മൂലം ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥികളെയാകെ പേരുസഹിതം തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും, പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളെ വ്യക്തികളായി കണ്ടു അവരുടെ വളര്‍ച്ചയില്‍ ഒരു വഴികാട്ടി ആയി മാറാന്‍ കഴിയുന്നത് എന്തുകൊണ്ടെന്ന് അധ്യാപകര്‍ക്ക് വ്യക്തമായത് അച്ചന്റെ ഈ നിര്‍ബന്ധം മൂലമെന്ന് ആദ്യബാച്ചിലേ അധ്യാപകനായ പ്രൊഫ. വി സി  ജോണ്‍ ഓര്‍ക്കുന്നു.

  പണത്തിന് ഞെരുക്കം അനുഭവിച്ചിരുന്ന കാലത്തും അച്ചന്‍ ഒരു കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചിരുന്നു. കടമെടുത്തായാലും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം നല്‍കുന്ന കാര്യം. കെട്ടിട നിര്‍മാണത്തിനും ലബോറട്ടറി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമൊക്കെ പണം കൂടിയേ തീരൂ.  മൂന്ന് നെടുനീളന്‍ ഓലഷെഡ്ഡുകളില്‍ ഒതുങ്ങരുതെല്ലോ ഒരു ഉന്നതവിദ്യാഭാസ സ്ഥാപനം. മറ്റുമാര്‍ഗങ്ങളോടൊപ്പം ഒരു നൂതന പരിപാടിക്ക് അച്ചന്‍ നേതൃത്വം നല്‍കി. സായാഹ്നങ്ങളില്‍ മാവേലിക്കരയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും സംഭാവന പിരിക്കുക. ഒരു പറ്റം അധ്യാപകര്‍ കൂട്ടിനുണ്ടാകും, ആരും നിര്‍ബന്ധിച്ചിട്ടല്ല. അച്ചന് മാത്രമേ അന്ന് സ്വന്തമായി സൈക്കിള്‍ ഉണ്ടായിരുന്നുള്ളൂ. അധ്യാപകര്‍ 'കൂലി' സൈക്കിളില്‍ നേതാവിനൊപ്പം. കര്‍ശനപിരിവൊന്നുമില്ല . സ്‌നേഹത്തോടെ നല്‍കുന്ന തുക, അത് അഞ്ചു രൂപയായാലും അഞ്ഞൂറ് രൂപയായാലും ആദരവോടെ കൈപറ്റിയകാലം വി. സി ജോണ്‍ ഓര്‍ക്കുന്നു.

  അച്ചടക്കത്തിന്റെ കാര്യത്തില്‍ അച്ചന്‍ വളരെ കര്‍ക്കശക്കാരനായിരുന്നു , അച്ചന്റെ കാല്‍പ്പെരുമാറ്റം ക്ലാസ് വരാന്തയില്‍ കേട്ടാല്‍ കുട്ടികള്‍ നിശബ്ദരാകുമായിരുന്നു പുലിയിറങ്ങി എന്നായിരുന്നു അന്ന് വിദ്യാര്‍ത്ഥികളുടെ കോഡ് , അത്ര ഗാംഭീര്യം ആയിരുന്നു ആ നടപ്പിന് പോലും. ബഹുമാനം കലര്‍ന്ന ഭയത്തോടെ എല്ലാവരും ഓടിയൊളിച്ചിരുന്നു അന്ന് , പ്രീഡിഗ്രി കാലത്തു കുട്ടികള്‍ അച്ചടക്കത്തോടെ പഠിക്കേണ്ട കാലമെന്നാണ് അച്ചന്റെ പക്ഷം , കാമ്പസില്‍ കയറിയാല്‍ ആണ്‍കുട്ടികള്‍ മുണ്ട് മടക്കി കുത്തരുത് ,ഷര്‍ട്ടിന്റെ രണ്ടാമത്തെ ബട്ടണ്‍ ഇല്ലാതെ നടക്കരുത് എന്നത് നിഷ്‌കര്‍ഷകളില്‍ ചിലത് മാത്രമായിരുന്നു.

  പ്രീഡിഗ്രി പെണ്‍കുട്ടികളുടെ ഇഷ്ടവേഷമായിരുന്നു അക്കാലത്തു ഇറക്കമുള്ള ബ്ലൗസും ഹാഫ് സ്‌കര്‍ട്ടും , പാതിമനസോടെ അച്ചന്‍ അത് അനുവദിച്ചുകൊടുത്തിരുന്നു. ഡിഗ്രിക്ക് ചേര്‍ന്ന് കഴിഞ്ഞാല്‍ സാരി നിര്‍ബന്ധമായിരുന്നു. ഫുള്‍ സാരി വേണമെന്നില്ല ഹാഫ് സാരിയായാലും മതി. എന്നാല്‍ അച്ചന്റെ വക ചില നിയന്ത്രണങ്ങള്‍ പിന്നീട് വന്നു . ആണ്‍കുട്ടികള്‍ എത്ര ചെറിയവരായാലും നിക്കര്‍ ധരിച്ചുകൊണ്ട് കോളേജില്‍ വരാന്‍ പാടില്ല. ഒന്നുകില്‍ മുണ്ട് അല്ലെങ്കില്‍ പാന്റ്‌സ് നിര്‍ബന്ധം. ഫുള്‍ ഷര്‍ട്ടിന്റെ സ്ലീവുകള്‍ ചുരുക്കി കയറ്റിവയ്ക്കാന്‍ പാടില്ല . പെണ്‍കുട്ടികള്‍ക്കുമുണ്ട് നിബന്ധനകള്‍. മിനിസ്‌കേര്‍ട്ട് ധരിച്ചുകൊണ്ട് കോളേജില്‍ വരാന്‍ പാടില്ല. ഒന്നുകില്‍ ഫുള്‍സ്‌കേര്‍ട്ട് അല്ലെങ്കില്‍ ഹാഫ് സാരി. അന്ന് ചുരിദാര്‍ ഇത്ര പ്രചുരപ്രചാരം നേടിയിട്ടില്ല , സല്‍വാര്‍ കമ്മീസ് ഹിന്ദി സിനിമകളില്‍ മാത്രമേ കണ്ടിരുന്നുള്ളൂ, സുധാകരൻ ഓർക്കുന്നു.

  കല്ലുമല എന്ന പ്രദേശം ശരിക്കും കല്ലുകൾ നിറഞ്ഞ ഒരു മല തന്നെയായിരുന്നുവെന്നാണ് കോളേജിലെ മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി അന്തരിച്ച പ്രൊഫ. അനന്തശിവ അയ്യർ എന്ന അയ്യർ സാർ പറഞ്ഞിരുന്നത് ഈ പ്രദേശത്തിന് ഒരു മാറ്റം ഉണ്ടാകുന്നതിനു മുഖ്യ പങ്കുവഹിച്ച വ്യക്തികളിൽ പ്രധാനി അച്ചനായിരുന്നവെന്ന് അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്. പ്രീഡിഗ്രി കാലത്തു അദ്ദേഹത്തിന്റെ വീട്ടിൽ പ്രഭാതത്തിൽ പങ്കെടുത്ത ഇംഗ്ലീഷ് പഠന കാലത്തു അനേകം പുതിയ വാക്കുകൾ പഠിച്ചിരുന്നു , അങ്ങനെ പഠിച്ച ഒരു വാക്കാണ് 'ക്ലർജി' എന്നുള്ളത് , ക്ലർജിയും ക്ലർജി കോളറും ഒക്കെ അദ്ദേഹം പഠിപ്പിച്ചപ്പോൾ ഉദാഹരണമായി പറഞ്ഞത് അച്ചന്റെ കാര്യവും.

  കോളേജിന്റെ പൂർവ വിദ്യാർത്ഥി സംഘടനയുടെ യു എ ഇ ചാപ്റ്ററിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു 2010 ൽ ദുബായിൽ നടത്തിയ "ചായങ്ങൾ" ചിതറിയ ഓർമകളുടെ പത്തുവർഷങ്ങൾ എന്ന പരിപാടിയുടെ ഉദ്‌ഘാടകനായി എത്തിയത് പ്രിയപ്പെട്ട അച്ചൻ ആയിരുന്നു, അന്ന് അച്ചൻ ഞങ്ങളോടൊപ്പം പങ്കിട്ട നിമിഷങ്ങൾ സന്തോഷത്തോടെ ഓർക്കുന്നു. പണ്ടത്തെ തീപ്പൊരി നേതാക്കളൊക്കെ കുഞ്ഞാടുകളെപ്പോലെ അച്ചന്റെ അടുക്കൽ നിന്നപ്പോൾ അച്ചന്റെ പുഞ്ചിരിയോടെയുള്ള തമാശകൾക്കൊപ്പം ഊറിച്ചിരിക്കാൻ കോളേജിന്റെ മുൻ വൈസ് പ്രിൻസിപ്പലായ വി സി ജോൺ സാറുമുണ്ടായിരുന്നു. മുൻ വൈസ് പ്രിൻസിപ്പൽ ആയിരുന്ന അന്തരിച്ച പ്രൊഫ രാജൻ വർഗീസിന്റെ സ്മരണാർത്ഥം നൽകുന്ന ചെറുകഥാ പുരസ്‌കാരം ആ വർഷം നേടിയത് പൊന്നാനിക്കാരനായ ചെറുകഥാകൃത്തും സുഹൃത്തുമായ ഷാജി ഹനീഫിനാണ് 'ആഹിർഭൈരവ്' എന്നായിരുന്നു ആ കഥയുടെ പേര് , അന്ന് അച്ചൻ നടത്തിയ പ്രസംഗം ഇടയ്ക്കു ഷാജി എന്നെ ഓർമിപ്പിക്കും , ആ രാഗത്തെ കുറിച്ച് അച്ചൻ പറഞ്ഞ ചില കാര്യങ്ങളും , ഒരു പക്ഷെ എം എസ്സിക്ക് ബിറ്റ്‌സ് പിലാനിയിൽ പഠിച്ച കാലത്തെ ഓർമ്മകൾ കാരണമാകാം അച്ചൻ അന്ന് ആ രാഗമൊക്കെ പറഞ്ഞതെന്ന് കരുതുന്നു.

  തൊട്ടടുത്ത വർഷം നാട്ടിൽ അവധിക്കെത്തിയപ്പോഴാണ് പത്രത്തിൽ ഒരു വാർത്ത കണ്ടത് , കോളേജിലെ വിരമിച്ച അധ്യാപകരുടെ ഒരു സമ്മേളനം നടക്കുന്നുവെന്ന് ഞാനും പോൾ ജോർജും കൂടെ നേരെ കോളേജിലേക്ക് , അവിടെ മുഖ്യാഥിതിയായി അച്ചനുണ്ടായിരുന്നു , അന്ന് പ്രിയപ്പെട്ട അധ്യാപകർക്കൊപ്പം കുറെ നല്ല നിമിഷങ്ങൾ പൂർവ വിദ്യാർത്ഥിയും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ ബാബൂസ് പനച്ചമൂട് എടുത്ത ചില ചിത്രങ്ങൾ ഇന്നും നിധി പോലെ സൂക്ഷിക്കുന്നു. പൂർവവിദ്യാർഥി സംഘടനയുടെ അമരക്കാരൻ കെ . ജി മുകുന്ദനും ഞങ്ങൾക്കൊപ്പം ഗ്രൂപ് ഫോട്ടോയ്ക്ക് കൂടി. അതായിരുന്നു അച്ചനുമായുള്ള എൻറെ അവസാന കൂടിക്കാഴ്ച .

  (ബിഷപ് മൂർ കോളേജ് അലുംനെ യു എ ഇ ചാപ്റ്റർ ജനറൽ സെക്രട്ടറിയാണ് ലേഖകൻ, അഭിപ്രായങ്ങൾ വ്യക്തിപരം)
  Published by:Rajesh V
  First published:
  )}