HOME » NEWS » Life » APARNA REMEMBER THE UNFORGETTABLE MOMENTS OF ASHITHA NEW

'അഷിതാമ്മേ, നിങ്ങളെ ഇപ്പഴാണ് ഞാൻ കൂടുതൽ ഫീൽ ചെയ്യുന്നത്; അതു കൊണ്ട് ഇനി വിഷമം ഇല്ല'

അന്തരിച്ച എഴുത്തുകാരി അഷിതയെക്കുറിച്ചു ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ പങ്കുവെക്കുകയാണ് മാധ്യമപ്രവർത്തകയായ അപർണ

news18
Updated: March 27, 2019, 7:55 PM IST
'അഷിതാമ്മേ, നിങ്ങളെ ഇപ്പഴാണ് ഞാൻ കൂടുതൽ ഫീൽ ചെയ്യുന്നത്; അതു കൊണ്ട് ഇനി വിഷമം ഇല്ല'
News 18
  • News18
  • Last Updated: March 27, 2019, 7:55 PM IST
  • Share this:
അപർണ, അസിസ്റ്റന്‍റ് ന്യൂസ് എഡിറ്റർ, ന്യൂസ് 18 കേരളം

അഞ്ച് വര്‍ഷാകുന്നു. 'അഷിതയുടെ ഹൈക്കു കവിതകള്‍' പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

ശ്രീബാല ചേച്ചിക്കൊപ്പം ഞാനുമുണ്ട് ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തില്‍. ഇതു വരെ നേരിട്ട് കാണാത്ത അഷിത ടീച്ചറെ കാണുന്നതിന്റെ സന്തോഷം പെട്ടെന്ന് കെട്ടു. അനാരോഗ്യം കാരണം എഴുത്തുകാരിക്ക് ചടങ്ങിന് വരാന്‍ വയ്യ, പകരമുള്ള സന്ദേശം വേദിയില്‍ വായിക്കാനുള്ള ഡ്യൂട്ടി കൂടിയായി എനിക്ക്. സന്ദേശം വായിക്കുന്നയാളുമായി സംസാരിക്കണമെന്ന് ടീച്ചര്‍. അങ്ങനെയാണ് ആദ്യമായി വിളിക്കുന്നത്.

കടുപ്പമായിരുന്നു ശബ്ദം, സാഹിത്യത്തിന്റെ ആ ജാഡ മാധ്യമ പ്രവര്‍ത്തകരോട് പൊതുവേ കാണിക്കാറുള്ള സ്ഥിരം ശൈലിയും.

'ഞാനയച്ചു തന്ന സന്ദേശം വായിച്ചു കൊണ്ട് ഒപ്പം ചേര്‍ക്കാന്‍ പോകുന്ന പൊടിപ്പും തൊങ്ങലും എന്താണെന്ന് വ്യക്തമായി കേള്‍ക്കാനാണ് വിളിച്ചത്. പറയാനാഗ്രഹിക്കാത്തതും കൂട്ടിച്ചേര്‍ക്കുന്നവരാണല്ലോ നിങ്ങള്‍' എന്ന് അങ്ങ് തുടങ്ങി.

ഭൂതകാലക്കുളിരായിരുന്നില്ല ആ ജീവിതം

ദേഷ്യം പുറത്തു കാണിക്കാതെ അല്പം സാഹിത്യവും ഭാവനയും ചേര്‍ത്ത ഒരു പ്രസംഗം മറുപടിയായി ഞാനും കാച്ചി.

ടീച്ചര്‍ ചിരിച്ചു.

'നിനക്കറിയുമോ ഞാന്‍ കീമോ വാര്‍ഡില്‍ ഇരുന്നു കൊണ്ടാണ് സംസാരിക്കുന്നതെന്ന്, ഇത്ര കടുപ്പത്തില്‍ വളച്ചുകെട്ടി പറയാനില്ലാതെ തീര്‍ന്ന് വരികയാണ് ഞാനെന്ന്. അപ്പോള്‍ അതങ്ങനെ സിമ്പിളായി പറഞ്ഞാല്‍ പോരേ ?'

അത്രേയുള്ളൂ.

അത്രേം മാത്രമേ പിന്നെ ഞാന്‍ പറഞ്ഞുള്ളൂ .
ധാരാളമായിരുന്നു.

'എഴുതിയാൽ ഭ്രാന്തു വരുമെന്ന് പറഞ്ഞ് എന്നെ മുറിയിൽ പൂട്ടിയിട്ടു, ഞാൻ ആ മുറിയിൽ നഖം കൊണ്ടു കവിത കോറിയിട്ടു..'

ആ പ്രസംഗത്തിന്റെ ഓഡിയോ കേട്ട് പിന്നെയും ഒന്ന് കൂടി വിളിച്ചു .
കടുപ്പം നേര്‍ത്തു പോയിരുന്നു .
അങ്ങനെ അല്പം നാടകീയമായി പറഞ്ഞാലും വേണ്ടീല , ടീച്ചര്‍ ,അഷിതാമ്മയായി.
അങ്ങനെ പറഞ്ഞ് പേടിപ്പിച്ചതു പോലെ ആള് അത്ര പെട്ടെന്നൊന്നും തീര്‍ന്നും പോയില്ല .

വൈറലാകാന്‍ ഒരു ഫേസ് ബുക്ക് പേജൊക്കെ തുടങ്ങാന്‍ ഞാന്‍ ആഹ്വാനം ചെയ്തപ്പോ മറുവശത്ത് കണ്ടത് ഒരു ഇരുപതുകാരി പെണ്‍കുട്ടിയായിരുന്നു. സിനിമ പിടിക്കുന്നതു മുതല്‍ പല തരം ബിസിനസുകളൊക്കെ തുടങ്ങാന്‍ സ്ഥിരം പദ്ധതികളിട്ട് അപ്പത്തന്നെ പൂട്ടിക്കെട്ടുന്നത് ഞങ്ങള്‍ ശീലമാക്കി വച്ചു.

കത്തുകള്‍ പുസ്തകമാക്കിയതുപോലെ വാട്‌സപ്പുകള്‍ ബുക്കാക്കിയാലോന്നും ഓര്‍ത്തു വച്ചിരുന്നു.
ന്യൂസിലന്റിലെ ചിക്കന്‍ പോക്‌സ് കാലത്ത് കിടന്ന് വായിക്കാന്‍ എഴുതി വിട്ട നുറുങ്ങുകളും, കഥകളുടെ ഫോട്ടോകളും...

കൊച്ചു വേദനകളെ പറ്റി നെഞ്ചത്തടിക്കുന്ന എന്നോട് സ്വയം കടന്നു പോകുന്ന ഞണ്ട് ഇറുക്കലിനെക്കുറിച്ച് നിസ്സാരമാക്കി പറഞ്ഞു. കേട്ട് പേടിച്ച് വിഷയം മാറ്റുന്ന എനിക്ക് അയച്ചു തന്നത് അഷിതാമ്മയുടെ കുട്ടിക്കഥകളും.

അഷിത: ഒരു ദേശത്തിന് മുഴുവൻ വെളിച്ചമായി കാറ്റത്തുലയാതെ ശാന്തമായി തെളിഞ്ഞ് കത്തി കൊണ്ടിരിക്കുന്ന ദീപം

സുന്ദരിക്കുട്ടിയായി നടക്കണംന്നൊക്കെ പറഞ്ഞിരുന്നു. കുറച്ചു കൂടി സുന്ദരിയായിട്ട് ഒരു അപ്രതീക്ഷിത വിസിറ്റ് വീട്ടിലേക്ക് നടത്തുമെന്നും ഇഷ്ടമല്ലാത്ത ക്യാമറ ഒളിപ്പിച്ച് ആ വര്‍ത്തമാനം ഷൂട്ട് ചെയ്ത് വില്‍ക്കുമെന്നുംപ്രതീക്ഷിച്ചോയെന്ന് ഞാന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

അത് ചെയ്യില്ലായിരുന്നു. ന്നാലും ക്യാമറയൊന്നുമില്ലാതെ ഒന്നൂടെ കാണണംന്നുണ്ടായിരുന്നു.

എന്റെ മടിയാണ് , അവസാന പിറന്നാളും ഞാന്‍ വിട്ടു പോയി. ന്നാലും എന്നെ നല്ല ഇഷ്ടമായിരുന്നൂന്ന് പലപ്പഴും പറഞ്ഞൂന്ന് ബാല ചേച്ചി ഇന്ന് പറഞ്ഞു. എവിടേം പോയിട്ടില്ലാന്നും .

എബടെ പോകാന്‍ ? അഷിതാമ്മേ ,നിങ്ങളെ ഇപ്പഴാണ് ഞാന്‍ കൂടുതല്‍ ഫീല്‍ ചെയ്യുന്നത്. അതു കൊണ്ട് ഇനി വെഷമം ഇല്ല.
First published: March 27, 2019, 7:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading