ഉത്സവങ്ങളുടെയും മതങ്ങളുടെയും നാടാണ് ഇന്ത്യ. അതിൽ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി.
ദീവാലി അല്ലെങ്കിൽ ദീപാവലി എന്ന ഉത്സവത്തെ ഇന്ത്യയിൽ "ദീപങ്ങളുടെ ഉത്സവം" എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ദിവസം രാജ്യം മുഴുവൻ പ്രകാശം കൊണ്ട് അലങ്കരിക്കും. ആളുകൾ കെട്ടിടങ്ങളും വീടുകളും ദീപങ്ങളും പൂക്കളും കൊണ്ട് അലങ്കരിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ എല്ലായിടത്തും തന്നെ ദീപാവലി ഉത്സവം ആഘോഷിക്കാറുണ്ട്. എന്നാൽ ഓരോ നഗരങ്ങളിലും ഈ ഉത്സവം ആഘോഷിക്കുന്നത് വ്യത്യസ്ത രീതികളിലാണ്.
അതുകൊണ്ട് തന്നെ ദീപാവലി ഉത്സവം പ്രമാണിച്ച് ആഘോഷത്തിനായി നിങ്ങൾ മറ്റേതെങ്കിലും നഗരത്തിലേക്കോ സ്ഥലത്തേക്കോ ഒരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ, നിങ്ങൾ തീർച്ചയായും പരിഗണിക്കേണ്ട ചില സ്ഥലങ്ങൾ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം
അയോധ്യ ശ്രീരാമൻ തൻ്റെ 14 വർഷത്തെ വനവാസത്തിന് ശേഷം ഒരു ദീപാവലി ദിനത്തിലാണ് അയോധ്യയിൽ തിരിച്ചെത്തിയതെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ രാമന്റെ ജന്മസ്ഥലമായ അയോധ്യയിലെ ദീപാവലി ആഘോഷം തീർച്ചയായും കാണേണ്ട ഒന്നാണ്.
ഇവിടെ ദീപാവലി ദിവസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ വന്ന് സരയൂ നദിയുടെ തീരത്ത് വിളക്കുകൾ തെളിക്കും. നാല് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൻ്റെ ഭാഗമായി കളർ പേപ്പറുകൾ, ലൈറ്റുകൾ, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവകൊണ്ട് നഗരം മനോഹരമായി അലങ്കരിച്ചിരിക്കും.
വാരണാസി ദീപാവലി ആഘോഷിക്കാൻ ഏറ്റവും മികച്ച രണ്ടാമത്തെ സ്ഥലം വാരണാസിയാണ്. അവിടെ നിങ്ങൾക്ക് ഗംഗ നദിയിൽ മുങ്ങിക്കുളിക്കുകയും നാടിൻ്റെ തനത് വസ്ത്രങ്ങളും വൈവിധ്യമാർന്ന മധുരപലഹാരങ്ങളും ലഭിക്കുന്ന സ്ഥലങ്ങൾ കാണുകയും ആസ്വദിക്കുകയും ചെയ്യാം.
വാരണാസിയിലെ സൂര്യാസ്തമയ സമയത്തെ ബോട്ട് സവാരി നിങ്ങളെ തീർച്ചയായും വിസ്മയിപ്പിക്കും. ദശാശ്വമേധ ഘട്ട്, അസ്സി ഘട്ട്, മണികർണിക ഘട്ട്, ധമേക് സ്തൂപം, ശ്രീ കാശി വിശ്വനാഥ ക്ഷേത്രം എന്നിവയാണ് വാരണാസിയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ.
ഉദയ്പൂർ ഇന്ത്യയിലെ ഏറ്റവും മികച്ച ദീപാവലി ആഘോഷങ്ങളിലൊന്നാണ് ഉദയ്പൂരിലേത്. ഫെയറി ലൈറ്റുകളാൽ പ്രകാശപൂരിതമായ നഗരത്തിലെ ദീപാവലി രാത്രികളിൽ നാടോടി സംഗീതം വായിക്കുന്ന പ്രാദേശിക സംഗീതജ്ഞരാണ് മുഖ്യ ആകർഷണം.
ദീപാവലി ഷോപ്പിംഗ് നടത്താനും മാർവാടി പാചകരീതികൾ ആസ്വദിക്കാനുമായി ഉദയ്പൂരിൽ നിരവധി മാർക്കറ്റുകൾ ഉണ്ട്. പിച്ചോള ലേക്ക്, സിറ്റി പാലസ്, ലേക്ക് പാലസ് എന്നിവ ഉദയ്പൂരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
ഗോവ നിങ്ങൾക്ക് ബീച്ചുകളോടാണ് പ്രിയം കൂടുതലെങ്കിൽ, ഗോവയിലെ ദീപാവലി ആഘോഷങ്ങൾ നിങ്ങൾ തീർച്ചയായും ഇഷ്ടപ്പെടും. ഇവിടെ പ്രദേശവാസികൾ നരകാസുരന്റെ പ്രതിമകൾ കത്തിക്കുന്ന നരക ചതുർദശി മുതലാണ് ദീപാവലി ഉത്സവം ആരംഭിക്കുന്നത്. ഇന്ത്യയുടെ പാർട്ടി തലസ്ഥാനം എന്നറിയപ്പെടുന്ന ഗോവയുടെ ദീപാവലി ആഘോഷവും തികച്ചും വ്യത്യസ്ഥമാണ്. ഇതു കൂടാതെ ഗോവയിൽ നിങ്ങൾക്ക് അഗ്വാഡ ഫോർട്ട്, കലാൻഗുട്ട് ബീച്ച്, ദുദ്സാഗർ വെള്ളച്ചാട്ടം എന്നിവിടങ്ങളും സന്ദർശിക്കാം.
കൊൽക്കത്ത രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്ന തിരക്കിലായിരിക്കുമ്പോൾ ബംഗാളി സമൂഹം കാളിപൂജയാണ് ആഘോഷിക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് നടക്കുന്ന ബംഗാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണിത്.
ദീപാവലി ആഘോഷവേളയുടെ ഭാഗമായി പശ്ചിമ ബംഗാൾ നഗരങ്ങൾ ദീപങ്ങൾ, വിളക്കുകൾ, മെഴുകുതിരികൾ, ഫെയറി ലൈറ്റുകൾ എന്നിവ കൊണ്ട് അലങ്കരിക്കും. ഈ സമയത്തെ കൊൽക്കത്ത യാത്രയിലൂടെ കാളിപൂജയ്ക്കും മറ്റു മനോഹരമായ ചടങ്ങുകൾക്കും നിങ്ങൾക്ക് സാക്ഷിയാകാം. ദക്ഷിണേശ്വർ ക്ഷേത്രം, വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യൻ മ്യൂസിയം എന്നിവയാണ് കൽക്കത്തയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.