• HOME
  • »
  • NEWS
  • »
  • life
  • »
  • 'മതപരമായ ആവശ്യം' പറഞ്ഞ് കൊണ്ടുപോയ 97 ആനകളിൽ ഒന്നു പോലും തിരിച്ചെത്തിയിട്ടില്ലെന്ന് ആസാം സര്‍ക്കാര്‍

'മതപരമായ ആവശ്യം' പറഞ്ഞ് കൊണ്ടുപോയ 97 ആനകളിൽ ഒന്നു പോലും തിരിച്ചെത്തിയിട്ടില്ലെന്ന് ആസാം സര്‍ക്കാര്‍

കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയയുടെ ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് വനം വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

  • Share this:

    മതപരമായ ആവശ്യങ്ങള്‍ പറഞ്ഞ് 2006 മുതൽ അസമില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോയത് 97 ആനകളെയെന്ന് റിപ്പോർട്ട്. എന്നാൽ വനം വകുപ്പ് പലതവണ ഓർമ്മിപ്പിച്ചിട്ടും ഈ ആനകളില്‍ ഒന്നിനെപ്പോലും തിരികെ എത്തിച്ചിട്ടില്ലെന്ന് അസം സർക്കാർ വ്യാഴാഴ്ച സംസ്ഥാന നിയമസഭയിൽ പറഞ്ഞു.

    മതപരമായ ചടങ്ങുകള്‍ക്ക് എന്ന ആവശ്യം ചൂണ്ടിക്കാട്ടി 97 ആനകളെയാണ് അസമില്‍ നിന്ന് കൊണ്ടുപോയിരിക്കുന്നത്. അതില്‍ 57 എണ്ണത്തെ ബീഹാറിലേക്കാണ് കൊണ്ടുപോയത്. ബാക്കിയുള്ളവയെ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം എന്നീ സംസ്ഥാനങ്ങൾക്കാണ് നല്‍കിയതെന്ന് അസം വനം വകുപ്പ് മന്ത്രി ചന്ദ്രമോഹന്‍ പട്ടോവാരി പറഞ്ഞു. കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയയുടെ ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് വനം വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

    ചടങ്ങുകള്‍ക്ക് ഉപയോഗിച്ച ശേഷം ആനകളെ തിരികെ ഏല്‍പ്പിക്കണമെന്ന വനം വകുപ്പിന്റെ കരാറനുസരിച്ചാണ് ആനകളെ ഈ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അതില്‍ ഒരു ആനയെപ്പോലും തിരിച്ചെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    സംസ്ഥാനങ്ങള്‍ കൊണ്ടുപോയ ആനകളെപ്പറ്റിയുള്ള സമ്പൂര്‍ണ്ണ വിവരങ്ങളടങ്ങിയ രേഖയും പട്ടോവാരി പുറത്തുവിട്ടു. ജോയ്മാല എന്ന പിടിയാനയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത് 2011ലാണ്. ഇതുവരെ ആനയെ തിരിച്ചേല്‍പ്പിച്ചിട്ടില്ല. എന്നാല്‍ പിന്നീട് ജോയ്മാലയെ മൃഗീയമായി പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.

    ഇതേത്തുടര്‍ന്ന് ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അസമില്‍ നിന്ന് ഒരു സംഘം വിദഗ്ധര്‍ തമിഴ്‌നാട്ടിലെത്തി ജോയ്മാലയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചിരുന്നു. ആനയെ അസമിന് വിട്ടുനല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.

    ആനയെ വിട്ടുനല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് തമിഴ്‌നാട് സര്‍ക്കാര്‍.

    തടിവ്യാപാരത്തിനായിട്ടാണ് അസമില്‍ നാട്ടാനകളെ ഉപയോഗിക്കുന്നത്. എന്നാല്‍ 1996ല്‍ മരം മുറിക്കുന്നത് തടഞ്ഞുകൊണ്ട് സുപ്രീം കോടതി ഉത്തരവ് ഇറക്കിയതോടെ നാട്ടാനകളെ തടിവ്യാപാരത്തിനായി ഉപയോഗിക്കുന്നത് നിര്‍ത്തി. പിന്നീടാണ് ഇവയെ മറ്റ് സംസ്ഥാനങ്ങളുടെ മതപരമായ ആവശ്യങ്ങള്‍ക്കായി നല്‍കാം എന്ന് അസം സര്‍ക്കാര്‍ തീരുമാനിച്ചത്.

    ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അവയെ തിരിച്ചേല്‍പ്പിക്കണമെന്ന കരാറിലാണ് ഇവയെ വിട്ടുനല്‍കിയിരുന്നത്. എന്നാല്‍ അസമില്‍ നിന്ന് കൊണ്ടുപോയ ഒരൊറ്റ ആന പോലും പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഇത് 1972ലെ വന്യജീവി സംരംക്ഷണ നിയമത്തിന്റെ കടുത്ത ലംഘനമാണ്.

    1996ലെ സുപ്രീം കോടതിയ്ക്ക് വിധിയ്ക്ക് ശേഷം ഏകദേശം 1000ഓളം ആനകളെയാണ് അസമില്‍ നിന്ന് വിവിധയിടങ്ങളിലേയ്ക്ക് കൊണ്ടുപോയിട്ടുള്ളത്. ഇത്തരത്തില്‍ കൊണ്ടുപോയ എല്ലാ ആനകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരംക്ഷണ സംഘടനയായ ‘പെറ്റ’ രംഗത്തെത്തിയിട്ടുണ്ട്. തിരിച്ചെത്തുന്ന ആനകള്‍ക്ക് ആവശ്യമായ പുനരധിവാസ സംവിധാനങ്ങള്‍ ഒരുക്കാന്‍ അസം സര്‍ക്കാര്‍ തയ്യാറാകണമെന്നും ‘പെറ്റ’ പ്രതിനിധികള്‍ പറയുന്നു.

    അതേസമയം, തമിഴ്‌നാട് മന്ത്രിയുടെ മകന്റെ വിവാഹം കൊഴുപ്പിക്കാന്‍ കേരളത്തില്‍ നിന്ന് ആനകളെ എത്തിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി പി. മൂര്‍ത്തിയുടെ മകന്റെ കല്യാണത്തിനായാണ് കോട്ടയത്ത് നിന്ന് ആനകളെ എത്തിച്ചത്. നരായണന്‍കുട്ടി, സാധു എന്നീ ആനകളെ ഗജപൂജയ്‌ക്കെന്ന പേരില്‍ മധുരയിലെത്തിക്കുകയായിരുന്നു.

    സെപ്റ്റംബര്‍ 30നു നടന്ന മന്ത്രിയുടെ മകന്റെ വിവാഹത്തിന് മുഖ്യമന്ത്രിയടക്കമുള്ള അതിഥികളെ സ്വീകരിക്കാനാണ് ആനകളെ ഉപയോഗിച്ചത്. വിവാഹത്തിനായി കോടിക്കണക്കിനു രൂപ ചെലവിട്ടെന്ന ആരോപണം നിലനില്‍ക്കേയാണു പുതിയ വിവാദം. വിവരാവകാശ നിയമപ്രകാരം കിട്ടിയ വിവരങ്ങള്‍ വഴിയാണു സംഭവം പുറത്തായത്.

    വനം വകുപ്പു നല്‍കിയ മറുപടിയില്‍ കേരളത്തില്‍ നിന്ന് ആനകളെ കൊണ്ടു വരാന്‍ അനുമതി നല്‍കിയിരുന്നതായി പറയുന്നു. എന്നാല്‍ ഗജപൂജയ്ക്ക് പങ്കെടുപ്പിക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്. വിവാഹ ചടങ്ങുകളില്‍ ആനകളെ പങ്കെടുപ്പിക്കുന്നതില്‍ നിരോധനമുള്ളതിനാല്‍ ഗജപൂജയ്‌ക്കെന്ന പേരിലാണ് ആനകളെ മധുരയിലെത്തിച്ചത്.

    Published by:user_57
    First published: