നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • മാതാപിതാക്കൾക്ക് മക്കളിൽ നിന്ന് നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നത്; മറച്ചുവെക്കുന്നതല്ല പരിഹാരം

    മാതാപിതാക്കൾക്ക് മക്കളിൽ നിന്ന് നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നത്; മറച്ചുവെക്കുന്നതല്ല പരിഹാരം

    'മക്കളുടെ ഭാഗത്ത് നിന്ന് ഉപദ്രവം ഉണ്ടായാല്‍ മാതാപിതാക്കള്‍ തങ്ങളുടെ സുഹൃത്തുക്കളോട് പോലും അതേക്കുറിച്ച് തുറന്നു പറയാന്‍ തയ്യാറാകില്ല. വളരെ നാണക്കേടുണ്ടാക്കുന്ന ഒരു കാര്യമാണ് അതെന്ന് അവര്‍ കരുതുന്നു'

    (Credits:https://www.bbc.com)

    (Credits:https://www.bbc.com)

    • Share this:
      ഭര്‍ത്താക്കന്മാരുടെ മര്‍ദ്ദനവും ഉപദ്രവവും ചെറുക്കാനും വേണ്ടിവന്നാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തി ഒറ്റയ്ക്ക് മുന്നോട്ട് പോകാന്‍ ഒരുപക്ഷേ സ്ത്രീകള്‍ക്ക് കഴിഞ്ഞെന്നിരിക്കും. എന്നാല്‍, മക്കളില്‍ നിന്ന് ഇത്തരത്തില്‍ മര്‍ദ്ദിക്കപ്പെടുകയോ ആക്രമണത്തിന് ഇരയാവുകയോ ചെയ്താല്‍ ഏതൊരു രക്ഷിതാവും വല്ലാത്ത പ്രതിസന്ധിയിലാകും. മക്കളുമായുള്ള ബന്ധം ഉപേക്ഷിച്ച് മുന്നോട്ട് പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. മാത്രവുമല്ല, അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കുന്നത് മക്കളുടെ ഭാവിയെ അപായപ്പെടുത്തുമോ എന്ന ചിന്തയും രക്ഷിതാക്കളെ അലട്ടിയേക്കാം. ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് മക്കളില്‍ നിന്ന് മാതാപിതാക്കള്‍ ഉപദ്രവം നേരിടേണ്ടി വരുന്ന സാഹചര്യം നമുക്കിടയില്‍ വളരെ സാധാരണമാണ് എന്നാണ്. എന്നാല്‍, മേല്‍സൂചിപ്പിച്ചവയും അല്ലാത്തതുമായ നിരവധി കാരണങ്ങള്‍ മൂലം ഇത്തരം സംഭവങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്ന് മാത്രം.

      2010-ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ മക്കളില്‍ നിന്ന് മാതാപിതാക്കള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പോലീസ് രേഖകള്‍ വിശദമായി പരിശോധിക്കുകയുണ്ടായി. അത്തരമൊരു വിശകലനം അന്ന് ആദ്യമായാണ് സംഘടിപ്പിക്കപ്പെട്ടത്. 12 മാസക്കാലയളവിനുള്ളില്‍ സമാനമായ 1,900 സംഭവങ്ങളാണ് ലണ്ടന്‍ നഗരത്തില്‍ മാത്രം രേഖപ്പെടുത്തിയിരുന്നത്. യു.കെയിലുടനീളം പ്രതിവര്‍ഷം സമാനസ്വഭാവമുള്ള പതിനായിരക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ആ പഠനത്തിന് നേതൃത്വം നല്‍കിയ ക്രിമിനോളജി പ്രൊഫസര്‍ റേച്ചല്‍ കോണ്‍ട്രി അഭിപ്രായപ്പെടുന്നു. ഇത്തരം സംഭവങ്ങളില്‍ ബഹുഭൂരിപക്ഷവും പോലീസ് കേസായി രേഖപ്പെടുത്തപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 'വളരെ രഹസ്യ സ്വഭാവമുള്ള ഒരു സാമൂഹ്യ പ്രശ്‌നമാണ് ഇത്. മക്കളില്‍ നിന്ന് അതിക്രമത്തിന് വിധേയരാകുന്ന മാതാപിതാക്കളില്‍ ഭൂരിഭാഗം പേരും അത് പോലീസിനെ അറിയിക്കാനോ മറ്റ് സഹായങ്ങളോ സേവനങ്ങളോ തേടാനോ തയ്യാറാകുന്നില്ല', അവര്‍ പറയുന്നു.

      പോലീസില്‍ പരാതി കൊടുത്തിട്ടുള്ള മാതാപിതാക്കളില്‍ പലരും എത്രയോ കാലമായി മക്കളുടെ ഭാഗത്ത് നിന്ന് ഉപദ്രവം നേരിടുന്നുണ്ടെന്നും വല്ലാതെ ഭീതിജനകമായ സാഹചര്യം ഉണ്ടായപ്പോഴാണ് പോലീസിനെ അറിയിക്കാന്‍ തയ്യാറായതെന്നും തുറന്നു പറഞ്ഞിട്ടുണ്ട്. മക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടാല്‍ അത് അവരുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് പോലീസില്‍ പരാതിപ്പെടുന്നതില്‍ നിന്നും മിക്ക മാതാപിതാക്കളെയും പിന്തിരിപ്പിക്കുന്ന ഘടകമെന്നും റേച്ചല്‍ പറയുന്നു. റേച്ചലിന്റെ നേതൃത്വത്തിലുള്ള പഠനത്തിന് മുമ്പ് ഈ വിഷയത്തില്‍ വളരെ കുറച്ച് ഗവേഷണങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. മാതാപിതാക്കള്‍ക്ക് നേരെയുള്ള മക്കളുടെ അതിക്രമത്തെക്കുറിച്ചുള്ള അവബോധവും പൊതുസമൂഹത്തിന് കുറവായിരുന്നു.

      'മക്കളുടെ ഭാഗത്ത് നിന്ന് ഉപദ്രവം ഉണ്ടായാല്‍ മാതാപിതാക്കള്‍ തങ്ങളുടെ സുഹൃത്തുക്കളോട് പോലും അതേക്കുറിച്ച് തുറന്നു പറയാന്‍ തയ്യാറാകില്ല. വളരെ നാണക്കേടുണ്ടാക്കുന്ന ഒരു കാര്യമാണ് അതെന്ന് അവര്‍ കരുതുന്നു', ഈ വിഷയത്തെ സംബന്ധിച്ച് പുസ്തകം എഴുതിയിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തക ഹെലന്‍ ബോണിക്ക് പറയുന്നു. 'ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങളുടെ കടമ മക്കളെ സാമൂഹ്യ ഉത്തരവാദിത്തമുള്ള പൗരനായി വളര്‍ത്തുക എന്നതാണ്. ഒപ്പം സ്‌നേഹവും മറ്റുള്ളവരോട് കരുതലുമുള്ള നല്ല മനുഷ്യരാക്കി അവരെ മാറ്റുക എന്നതുമാണ്. എന്നാല്‍, മക്കളുടെ സ്വഭാവവും പെരുമാറ്റവും ഇതിന് വിപരീതമായാല്‍ തങ്ങള്‍ പരാജയപ്പെട്ടെന്ന് മാതാപിതാക്കള്‍ കരുതുന്നു. അതിനാല്‍ അതേക്കുറിച്ച് സംസാരിക്കാന്‍ തന്നെ അവര്‍ തയ്യാറാകുന്നില്ല. പൊതുവെ മറ്റാരും ഇതേക്കുറിച്ച് പരസ്യമായി സംസാരിക്കാത്തതിനാല്‍ ഈ അനുഭവം നേരിടുന്ന ഒരേയൊരാള്‍ നിങ്ങളാണെന്ന് നിങ്ങള്‍ കരുതുകയും ചെയ്യും', അവര്‍ കൂട്ടിച്ചേര്‍ത്തു.

      ഗാര്‍ഹിക പീഡനവും പങ്കാളികളില്‍ നിന്ന് നേരിടുന്ന പീഡനവും പോലെ തന്നെ മക്കളില്‍ നിന്ന് അച്ഛനമ്മമാര്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമവും സമൂഹത്തിന്റെ എല്ലാ തുറകളിലും കണ്ടുവരുന്നുണ്ട്. സമ്പന്ന കുടുംബങ്ങളിലും പാവപ്പെട്ട കുടുംബങ്ങളിലും ഒരുപോലെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു. മിക്കവാറും കേസുകളിലും അമ്മമാരാണ് ഇത്തരത്തില്‍ അതിക്രമത്തിന് ഇരയാകാറുള്ളത്. 'എല്ലാ തരത്തിലുമുള്ള ഗാര്‍ഹിക പീഡനങ്ങളിലും എന്ന പോലെ മക്കളില്‍ നിന്നുള്ള അതിക്രമത്തിന്റെ കാര്യത്തിലും സ്ത്രീകളാണ് കൂടുതല്‍ ഇരകളാകാറുള്ളത്. അച്ഛന്മാരെ ഉപദ്രവിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ടെങ്കിലും ആണ്‍മക്കള്‍ അമ്മമാരെ ഉപദ്രവിക്കുന്ന സംഭവങ്ങളാണ് കൂടുതല്‍ സാധാരണം', റേച്ചല്‍ പറയുന്നു.

      എങ്ങനെയാണ് മക്കളിലെ അക്രമവാസന തിരിച്ചറിയാന്‍ കഴിയുക?
      മാതാപിതാക്കളെ കൂടുതലായി നിയന്ത്രിക്കാനുള്ള പ്രവണത, ഭീഷണിപ്പെടുത്തല്‍, അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. മക്കളുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പെരുമാറ്റത്തില്‍ മാറ്റം വരുത്തേണ്ടി വരികയോ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ സുരക്ഷയില്‍ ആശങ്ക ഉണ്ടാവുകയോ ചെയ്താല്‍ അവരിലെ അക്രമവാസന നിങ്ങളെ അലട്ടാന്‍ തുടങ്ങി എന്ന് തിരിച്ചറിയാം. കുടുംബാംഗങ്ങളുടെ വസ്തുക്കള്‍ അവര്‍ മോഷ്ടിക്കുന്നതും നശിപ്പിക്കുന്നതുമൊക്കെ ഇതിന്റെ ലക്ഷണങ്ങളായി കാണാവുന്നതാണ്. ആക്രമസ്വഭാവം കാണിക്കുന്ന കുട്ടികള്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്ന അവസ്ഥയും കണ്ടുവരാറുണ്ട്.

      മറച്ചുവെയ്‌ക്കേണ്ടതില്ല, സഹായം തേടാം
      മാതാപിതാക്കള്‍ എന്ന നിലയിലുള്ള വൈകാരികാവസ്ഥ മക്കളുടെ അതിക്രമങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനുള്ള കാരണമാകരുത്. മക്കളുടെ ഭാവിയെക്കുറിച്ചുള്ള പെട്ടെന്നുള്ള ആകുലതകളാണ് ഇത്തരം സംഭവങ്ങള്‍ മറച്ചുവെയ്ക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതെങ്കിലും അതിലൂടെ അവരെ തിരുത്താനും നല്ല പൗരന്മാരാക്കി മാറ്റാനുമുള്ള അവസരം കൂടിയാണ് നഷ്ടപ്പെടുന്നത് എന്നോര്‍ക്കണം. മക്കളില്‍ നിന്നുള്ള ഗാര്‍ഹിക അതിക്രമങ്ങള്‍ മറച്ചുവെയ്ക്കാതെ അതിനെ അഭിസംബോധന ചെയ്യാനും വേണ്ടിവന്നാല്‍ അടുപ്പമുള്ള മറ്റു വ്യക്തികളോട് ഇതേക്കുറിച്ച് തുറന്നു പറയാനും തയ്യാറാകണം. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന സുഹൃത്തുക്കളോടോ ബന്ധുക്കളോടോ അതല്ലെങ്കില്‍ കൗണ്‍സിലര്‍മാരോടോ ഒക്കെ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ തേടുകയും ചെയ്യാം. വേണ്ടി വന്നാല്‍ ഉറപ്പായും നിയമ സഹായം തേടണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ പ്രാഥമികമായി നിങ്ങളുടെ സുരക്ഷ തന്നെയായിരിക്കണം നിങ്ങളുടെ മുന്‍ഗണന. ഒരു വ്യക്തി എന്ന നിലയിലും രക്ഷിതാവ് എന്ന നിലയിലും നിങ്ങള്‍ ബഹുമാനവും ആദരവും അര്‍ഹിക്കുന്നുണ്ട് എന്ന വസ്തുത ഉള്‍ക്കൊള്ളുകയും അതില്‍ നിന്ന് ഊര്‍ജം കണ്ടെത്തുകയും ചെയ്യുക.
      Published by:Jayashankar AV
      First published:
      )}