HOME » NEWS » Life » AYURVEDA DOYEN P K WARRIER TURNS 100 YEARS OLD MM TV

പി. കെ. വാര്യർ എന്ന സോഷ്യലിസ്റ്റ് പ്രചാരകനും ആയുർവേദം പഠിക്കാൻ ഉപദേശിച്ചയച്ച ഇഎംഎസ്സും

ഒരിക്കൽ പി. കെ. വാര്യരെ തിരിച്ച് വിളിക്കാൻ മഞ്ചേരിയിലേക്ക് ആളെ അയച്ചു. പോയ ആൾ അതിലും വലിയ കമ്യൂണിസ്റ്റ് ആയാണ് തിരിച്ചെത്തിയത്

News18 Malayalam | news18-malayalam
Updated: June 6, 2021, 3:17 PM IST
പി. കെ. വാര്യർ എന്ന സോഷ്യലിസ്റ്റ് പ്രചാരകനും ആയുർവേദം പഠിക്കാൻ ഉപദേശിച്ചയച്ച ഇഎംഎസ്സും
പി.കെ. വാര്യർ
  • Share this:
ശതപൂർണ്ണിമയിൽ വിളങ്ങുന്ന ആയുർവേദാചാര്യൻ പത്മഭൂഷൺ പി. കെ. വാര്യർക്ക് വിപ്ലവം നിറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു; കുടുംബത്തിലെ കാരണവർമാരെയെല്ലാം മറികടന്ന്  കമ്യൂണിസ്റ്റ് പ്രവർത്തനത്തിൽ സജീവമായ ഒരു കാലം. അന്ന് കൂടെക്കൂട്ടിയ സോഷ്യലിസവും മാനവികതയും തന്നെയാണ് ആയുർവേദ ചികിത്സാ രംഗത്തും പി. കെ. വാര്യരെ സമാനതകളില്ലാത്ത വ്യക്തിത്വത്തിനും നൈപുണ്യത്തിനും ഉടമയാക്കിയതും.

1940കളിൽ സ്വതന്ത്ര സമരം അതിൻ്റെ തീക്ഷ്ണാവസ്ഥയിൽ ആളിക്കത്തുന്ന കാലം. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കൃഷ്ണൻ കുട്ടി എന്ന പി. കെ. വാരിയർ കോൺഗ്രസിനൊപ്പമായിരുന്നു. പക്ഷേ ഏറെ വൈകാതെ കമ്യൂണിസ്റ്റ് വിപ്ളവ വീര്യത്തിനൊപ്പമായി കൃഷ്ണൻ കുട്ടിയുടെ പോരാട്ടം.

വീട് വിട്ടിറങ്ങിയ ആ 19കാരൻ, പി. കൃഷ്ണപിള്ളയുടെ മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാമ്പിലായിരുന്നു ഏറെക്കാലം. വല്യമ്മാവൻ വൈദ്യരത്നം പി. എസ്. വാര്യർക്ക് പോലും അന്ന് ഈ തീരുമാനത്തോട് യോജിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് കോട്ടയ്ക്കൽ ആര്യ വൈദ്യശാല ട്രസ്റ്റിയും പി. കെ. വാര്യരുടെ മരുമകനുമായ പി. രാഘവ വാരിയർ പറയുന്നു.

"അക്കാലത്ത് നിരോധിച്ച ഒരു സംഘടനയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി. അക്കാരണം കൊണ്ടായിരുന്നു വല്യമ്മാവനടക്കം എതിർത്തത്. കോൺഗ്രസ് എന്നാൽ അങ്ങനെയായിരുന്നില്ല. അതുകൊണ്ട് കോൺഗ്രസുമായി സഹകരിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല."

ഒരിക്കൽ പി. കെ. വാര്യരെ തിരിച്ച് വിളിക്കാൻ മഞ്ചേരിയിലേക്ക് ആളെ അയച്ചു. പോയ ആൾ അതിലും വലിയ കമ്യൂണിസ്റ്റ് ആയാണ് തിരിച്ചെത്തിയത്.

"പി. കൃഷ്ണപിള്ളയായിരുന്നു മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഒരിക്കൽ കൃഷ്ണനെ വിളിച്ച് കൊണ്ടുവരാൻ ഏട്ടൻ ആളെ പറഞ്ഞയച്ചു ഇവിടേക്ക്. കൃഷ്ണപിള്ളയോട് സംസാരിച്ച് മടങ്ങിയെത്തിയ ആൾ ഇങ്ങനെ പറഞ്ഞു: കൃഷ്ണൻ ഇപ്പൊ അവിടെ നിന്നോട്ടെ.. അതിന് എന്താ പ്രശ്നം... അത്രയും വാക്ചാതുരി ഉണ്ടായിരുന്നു കൃഷ്ണ പിള്ളക്ക്."കുറച്ച് വർഷങ്ങൾക്ക് ശേഷം പി. കെ. വാര്യർ കോട്ടക്കൽ തിരിച്ചെത്തുകയും  ആയുർവേദ പഠനം തുടരുകയും ചെയ്തു. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായില്ലെങ്കിലും ജീവിതത്തിൽ ഇപ്പോഴും സോഷ്യലിസ്റ്റ് ശൈലി അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്.  അതിന് വഴിവെച്ചത് അന്നത്തെ പ്രവർത്തനങ്ങൾ തന്നെയാണ്.

പി. രാഘവ വാര്യർ തുടർന്നു... "പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അദ്ദേഹം കോട്ടക്കലിലേക്ക് മടങ്ങി വന്നു. പിന്നീട്  വൈദ്യപഠനം പൂർത്തിയാക്കി. പക്ഷേ അന്നത്തെ സോഷ്യലിസ്റ്റ് സഹവാസം അദ്ദേഹത്തിൻ്റെ സ്വഭാവത്തിൽ വലിയ സ്വാധീനം ഉണ്ടാക്കി എന്ന് തന്നെ കരുതണം. സഹാനുഭൂതി, സഹജീവി സ്നേഹം, കാരുണ്യം, സമത ഒക്കെയും അദ്ദേഹത്തിൽ നിറഞ്ഞത് ഇതൊക്കെ കൊണ്ട് കൂടി ആകാം. ഉദാഹരണത്തിന്, അദ്ദേഹം ചികിത്സ കഴിഞ്ഞ് ഊണ് കഴിക്കാൻ മടങ്ങും നേരത്ത് ഏതെങ്കിലും ഒരു രോഗി വന്നാൽ അദ്ദേഹത്തെ കൂടി പരിശോധിച്ച് മരുന്ന് നൽകിയ ശേഷം മാത്രമേ ഊണ് കഴിക്കാൻ പോകൂ. അത്രയും പരിഗണന തന്നെ കാണാൻ എത്തുന്നവർക്ക് അദ്ദേഹം നൽകുന്നുണ്ട്."

പി. കെ. വാര്യർ എന്ന ആയുർവേദ ആചാര്യനെ ലോകത്തിന് ലഭിക്കാൻ കാരണക്കാരൻ ഒരു കമ്യൂണിസ്റ്റ് ആചാര്യനാണ്; ഇ.എം.എസ്. ഒരു നിർണ്ണായക ഘട്ടത്തിൽ ഇഎംഎസിൻ്റെ ഉപദേശമാണ് തന്നെ ആയുർവേദ പഠനം തുടങ്ങാൻ പ്രേരിപ്പിച്ചത് എന്ന് പി. കെ. വാര്യർ തൻ്റെ ആത്മകഥയിൽ പറയുന്നുണ്ട്.

ആയുർവേദം പഠിക്കണം എന്ന നിർദേശം പൂർണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഒരിക്കൽ ഇഎംഎസ്സുമായി ഇക്കാര്യം ചർച്ച ചെയ്തു.

എല്ലാ വശങ്ങളും വിശദീകരിച്ച ശേഷം ഇഎംഎസ് പറഞ്ഞു. "മണ്ണാൻ വൈദ്യന്റെ അടുത്തു പോയാൽ കുട്ടികളുടെ രോഗം ചികിത്സിച്ചു മാറ്റാം. പക്ഷേ എങ്ങനെയാണ് മാറിയത് എന്ന് പറയാൻ അയാൾക്ക് അറിയില്ല . അത് കണ്ടുപിടിക്കുകയാണ് നിങ്ങളുടെ ജോലി. ആയുർവേദം ശാസ്ത്രീയമായിത്തന്നെ പഠിക്കണം." ഇതിന് ശേഷമാണ് പി. കെ. വാര്യർ വൈദ്യം പഠിക്കാൻ കോളേജിൽ ചേർന്നത്.
Published by: user_57
First published: June 6, 2021, 3:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories