നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • ഏത്തയ്ക്കായും പോത്തിറച്ചിയും ആയാലോ?

    ഏത്തയ്ക്കായും പോത്തിറച്ചിയും ആയാലോ?

    • Last Updated :
    • Share this:
      സുരേഷ് പിള്ള- കോർപറേറ്റ് ഷെഫ്, റാവിസ് ഹോട്ടൽസ്(ലോകപ്രശസ്ത പാചക മത്സര പരിപാടിയായ ബിബിസിയിലെ മാസ്റ്റർ ഷെഫിൽ പങ്കെടുത്ത മലയാളി)

      ട്രോളായി പറഞ്ഞുകേൾക്കാറുണ്ട് ഏത്തയ്ക്കായും പോത്തിറച്ചിയുമെന്ന്. ഇനി ശരിക്കും ഏത്തയ്ക്കായും പോത്തിറച്ചിയും കഴിച്ചാൽ എങ്ങനെയിരിക്കും. രുചികരമായ ഒരു അനുഭവമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഏത്തയ്ക്കായും പോത്തിറച്ചിയും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

      ചേരുവകൾ

      സെറ്റ്- 1

      പോത്തിറച്ചി- ഒരുകിലോ
      മഞ്ഞൾപ്പൊടി- അഞ്ച് ഗ്രാം
      ഉപ്പ്- ആവശ്യത്തിന്
      കറിവേപ്പില- ആവശ്യത്തിന്

      സെറ്റ്- 2

      ചുവന്നുള്ളി- ഒരു കപ്പ്
      സവാള- ഒരു കപ്പ്
      ഇഞ്ചി ചതച്ചത്- 15 ഗ്രാം
      വെളുത്തുള്ളി ചതച്ചത്- 15 ഗ്രാം
      പച്ചമുളക്- നാല് എണ്ണം
      പെരുംജീരകം- 10 ഗ്രാം
      മുളക് പൊടി- 10 ഗ്രാം
      മല്ലി പൊടി- 30 ഗ്രാം
      മഞ്ഞൾ പൊടി- അഞ്ച് ഗ്രാം
      കുരുമുളക് പൊടി- 15 ഗ്രാം
      ഗരം മസാല- 15 ഗ്രാം
      ഉപ്പ്- ആവശ്യത്തിന്

      സെറ്റ്- 3

      തേങ്ങാക്കൊത്ത്- 150 ഗ്രാം
      വെളിച്ചെണ്ണ- 10 മി.ലി
      കറിവേപ്പില- നാല് അല്ലി

      തയ്യാറാക്കുന്നവിധം

      ഒരുകിലോ പോത്തിറച്ചി, അൽപ്പം എല്ലോട് കൂടിയുള്ളതാണെങ്കിൽ നന്നായിരിക്കും. ഇതിലേക്ക് ഒന്നാമത്തെ ചേരുവയിലെ മഞ്ഞൾ പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂർ വെക്കുക. ഇതിനുശേഷം കുറച്ച് വെള്ളം ചേർത്ത് കുക്കറിലിട്ട് നാലോ അഞ്ചോ വിസിൽ വരുന്നതുവരെ വേവിക്കുക. വെള്ളം ചേർക്കുമ്പോൾ അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം. കുക്കറിൽ അല്ലാതെയും വേവിച്ചെടുക്കാം. ബീഫ് പാകമാകുന്നതുവരെ വേണം വേവിക്കേണ്ടത്. ഇതിനുശേഷം വേവിക്കാനായി ചേർത്ത വെള്ളം മാറ്റിവെക്കുക. ഇത് പിന്നീട് ഉപയോഗിക്കേണ്ടതുണ്ട്.



      ഒരു ഉരുളിയിലോ കട്ടിയുള്ള പരന്ന പാത്രത്തിലോ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് തേങ്ങാക്കൊത്ത് മൂപ്പിച്ചെടുക്കുക. മൂപ്പാകുമ്പോൾ തേങ്ങാക്കൊത്ത് മാറ്റിവെക്കുക. ഇതിനുശേഷം പെരുംജീരകം ഒന്ന് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കുക. അധികം ഫ്രൈ ആകാതെ പച്ചമണം മാറുന്നതുവരെ മാത്രമേ മൂപ്പിക്കാൻ പാടുള്ളു. ഇതിലേക്ക് ഉള്ളി, സവാള എന്നിവ ചെറുതായി അരിഞ്ഞതും പച്ചമുളകും ചേർത്ത് വഴറ്റുക.

      ഇത് നന്നായി വഴറ്റിവരുമ്പോൾ അതിലേക്ക് മസാലപ്പൊടികൾ ചേർക്കുക. മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവ ചേർക്കാം. ഇത് നന്നായി ഇളക്കിക്കൊടുക്കണം. കുറച്ചുസമയം കഴിയുമ്പോൾ ബീഫ് വേവിച്ച വെള്ളം ഇതിലേക്ക് ചേർക്കുക. ഇത് നന്നായി കുറുകിവരുന്നതിന് അനുസരിച്ച് തീ കുറയ്ക്കണം. ഇനി ഇതിലേക്ക് വേവിച്ചുവെച്ച ബീഫ് ചേർക്കാം. ചെറിയ ചൂടിൽ ഇത് ഡ്രൈ ആക്കിയെടുക്കുക. ഇതിലേക്ക് കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ഏറ്റവും കുറഞ്ഞ തീയിൽ വേവിക്കുക. മസാലയെല്ലാം ഇറച്ചിയിൽ നന്നായി പിടിക്കുന്നതുവരെ വേവിക്കുക. വേണമെങ്കിൽ കുറച്ച് എണ്ണ ചേർക്കാം. എരിവ് പോരെങ്കിൽ, അൽപ്പം കുരുമുളക് കൂടി ചേർക്കാം. അത് ഓരോരുത്തരുടെയും രുചിക്ക് അനുസരിച്ച് ചേർക്കാം. വീട്ടിൽ ഉണ്ടാക്കി പൊടിച്ച നാടൻ ഗരംമസാലയാണെങ്കിൽ വളരെയധികം രുചികരമായിരിക്കും.
      First published:
      )}