Food Truck | ഇനി ഫുഡ് ട്രക്ക്; ചായക്കട നടത്തി വൈറലായ പ്രിയങ്കയുടെ അടുത്ത സംരംഭം
- Published by:Arun krishna
- news18-malayalam
Last Updated:
കോളേജിനു പുറത്ത് ചായ വിൽപന നടത്തുന്ന പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകൾ അഭിനന്ദനങ്ങളുമായി എത്തിയിരുന്നു
പാറ്റ്ന വുമൺസ് കോളേജിനു (Patna Women’s College) മുന്നിൽ ചായക്കട നടത്തുന്ന പ്രിയങ്ക ഗുപ്ത (Priyanka Gupta) എന്ന ഇക്കണോമിക്സ് ബിരുദധാരിയായ പെൺകുട്ടിയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഒരു പടി കൂടി കടന്ന് ഒരു ഫുഡ് ട്രക്ക് (food truck) നടത്താനുള്ള ഒരുക്കങ്ങളിലാണ് പ്രിയങ്ക. ചായക്കൊപ്പം ചെറുകടികളും ഫുഡ് ട്രക്കിൽ ഉണ്ടാകും. എന്നാൽ ചായക്കട നിർത്താനും പ്രിയങ്ക ഉദ്ദേശിച്ചിട്ടില്ല.
പ്രിയങ്കയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ ഒരാളാണ് ഫുഡ് ട്രക്ക് വാഗ്ദാനം ചെയ്തത്. ആദ്യം നിരസിച്ചെങ്കിലും പിന്നീട് പണം നൽകാം എന്ന വ്യവസ്ഥയിൽ പ്രിയങ്ക ഓഫർ സ്വീകരിക്കുകയായിരുന്നു. ഫുഡ് ട്രക്കിൽ, ഒരു പ്രൊഫഷണൽ ടീ മേക്കറെ (professional tea-maker) നിയമിക്കാനും പ്രിയങ്കക്ക് പദ്ധതിയുണ്ട്. ഇതുവരെ, ചായക്കടയിലെ എല്ലാ ജോലികളും ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തിരുന്നത്. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ ട്രക്ക് എത്തുമെന്നും പ്രിയങ്ക പറഞ്ഞു.
advertisement
ഇക്കണോമിക്സ് ബിരുദധാരിയായ പ്രിയങ്ക കഴിഞ്ഞ രണ്ടു വർഷമായി ബാങ്ക് മൽസര പരീക്ഷകൾ എഴുതി വരികയാണെന്നും അതൊന്നും വിജയം കാണാത്തതിനെ തുടർന്ന് സ്വയം തൊഴിൽ കണ്ടെത്തുകയായിരുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് പാറ്റ്ന വുമൺസ് കോളേജിനു പുറത്ത് 'ചായ് വാലി' (Chaiwali) എന്ന പേരിൽ ഒരു ചായക്കട തുടങ്ങിയത്. അപാൻ ചായയും ചോക്കലേറ്റ് ചായയും ഉൾപ്പെടെ, നാല് വ്യത്യസ്തമായ രുചികളിലാണ് പ്രിയങ്കയുടെ കടയിലെ ചായകൾ ലഭിക്കുന്നത്.
“കഴിഞ്ഞ രണ്ട് വർഷമായി, ബാങ്ക് മത്സര പരീക്ഷകളിൽ വിജയിക്കാൻ ഞാൻ തുടർച്ചയായി ശ്രമിച്ചെങ്കിലും എല്ലാം വെറുതെയായി. എന്നാൽ വീട്ടിലേക്ക് മടങ്ങുന്നതിന് പകരം, ഉന്തുവണ്ടിയിൽ ഒരു ചായക്കട തുടങ്ങാനായിരുന്നു എന്റെ തീരുമാനം. നഗരത്തിൽ ഇങ്ങനൊരു ചായക്കട നടത്തുന്നതിൽ എനിക്ക് നാണക്കേട് തോന്നുന്നില്ല. ആത്മനിർഭർ ഭാരതത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ഞാൻ ഈ വ്യവസായത്തെ കാണുന്നത്", പ്രിയങ്ക ഇന്ത്യാ ടുഡേയോട് പറഞ്ഞു.
advertisement
''ആത്മനിർഭർ ഭാരതിലേക്കുള്ള (Aatmanirbar Bharat) ഒരു ചുവടുവെയ്പ്. ഒന്നും ചിന്തിച്ചിരിക്കരുത്, അത് പ്രാവർത്തികമാക്കുക'', ചായക്കടക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ പ്രിയങ്ക എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. കോളേജ് വിദ്യാർഥികൾ അടക്കമുള്ളവർ പ്രിയങ്കയുടെ കടയിൽ ചായ കുടിക്കാൻ എത്തുന്നുണ്ട്.
കോളേജിനു പുറത്ത് ചായ വിൽപന നടത്തുന്ന പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകൾ അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. നവമാധ്യമങ്ങളിലും പ്രിയങ്കയ്ക്കുള്ള കയ്യടികൾ കമന്റുകളായി നിറയുകയാണ്. ബിഹാറിലെ പുർണി സ്വദേശിയാണ് 24 കാരിയായ പ്രിയങ്ക. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിൽ (Mahatma Gandhi Kashi Vidyapeeth) നിന്നാണ് പ്രിയങ്ക ബിരുദം നേടിയത്.
advertisement
വിദ്യാസമ്പന്നരായ നിരവധി ചെറുപ്പക്കാർ അനുയോജ്യമായ ജോലികൾ കണ്ടെത്താനാകാതെ ചായക്കടകളോ മറ്റ് സ്റ്റാർട്ടപ്പുകളോ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ സമീപ കാലത്തായി പ്രത്യക്ഷപ്പെടുന്നുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 09, 2022 11:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Food Truck | ഇനി ഫുഡ് ട്രക്ക്; ചായക്കട നടത്തി വൈറലായ പ്രിയങ്കയുടെ അടുത്ത സംരംഭം