നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ആഗ്നസിനുവേണ്ടി അവർ കൈകോർത്തു; ബോംബെ രക്തഗ്രൂപ്പുകാർ കോട്ടയത്തെത്തി

  ആഗ്നസിനുവേണ്ടി അവർ കൈകോർത്തു; ബോംബെ രക്തഗ്രൂപ്പുകാർ കോട്ടയത്തെത്തി

  • Last Updated :
  • Share this:
   കോട്ടയം: ഒ പോസിറ്റീവ് രക്തഗ്രൂപ്പ്, ബോംബെ ഒ പോസിറ്റീവ് ഗ്രൂപ്പ് ആയാലോ? കോട്ടയത്ത് പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിക്കുവേണ്ടി കേരളത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമുള്ള ഒ പോസിറ്റീവ് ബോംബെ രക്തഗ്രൂപ്പ് എത്തിക്കാൻ കഴിഞ്ഞ ദിവസം കേരള ബ്ലഡ് ഡോണേഴ്സ് കേരള പ്രവർത്തകർ കൈകോർത്തു. ഇതോടെ എറണാകുളത്തുനിന്നും മലപ്പുറത്തുനിന്നും കണ്ണൂരിൽനിന്നുമൊക്കെ ബോംബെ ഒ പോസിറ്റീവ് ഗ്രൂപ്പുകാർ കോട്ടയത്തെത്തി. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ യുവതി ആൺകുഞ്ഞിനെ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഊണും ഉറക്കവും കളഞ്ഞ് ബോംബെ ഒ പോസിറ്റീവ് ഗ്രൂപ്പുകാരെ കോട്ടയത്ത് എത്തിച്ച ബ്ലഡ് ഡോണേഴ്സ് കേരള പ്രവർത്തകർക്ക് നന്ദി പറയുകയാണ് യുവതിയുടെ ബന്ധുക്കൾ.

   കട്ടപ്പന സ്വദേശിയായ ആഗ്നസ് എന്ന യുവതിയെ പ്രസവത്തിനായി പ്രവേശിപ്പിക്കുമ്പോഴാണ് തന്‍റേത് ഒ പോസിറ്റീവ് അല്ലായെന്നും ബോംബെ ഒ പോസിറ്റീവ് ഗ്രൂപ്പ് ആണെന്നും അറിയുന്നത്. ജീവിതത്തിൽ അന്നുവരെ തന്‍റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് ആണെന്നായിരുന്നു ആഗ്നസ് കരുതിയിരുന്നത്. എന്നാൽ വിശദമായ പരിശോധനയിൽ ഒ പോസിറ്റീവ് ബോബെ ഗ്രൂപ്പ് ആണെന്ന് വ്യക്തമായി. ഇതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിക്കാർ ആഗ്നസിനെ കൈയൊഴിഞ്ഞു. കേരളത്തിൽ വിരലിലെണ്ണാവുന്നവർക്ക് മാത്രമെ ഈ ഗ്രൂപ്പ് ഉള്ളുവെന്നതിനാൽ സിസേറിയൻ നടത്താനാകില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

   ഇതേത്തുടർന്ന് യുവതിയെ ഒക്ടോബർ 31ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. വീണ്ടും പരിശോധിച്ചപ്പോൾ ബോംബെ ഒ പോസിറ്റീവ് തന്നെയാണ് രക്തഗ്രൂപ്പ് എന്ന് ഉറപ്പാക്കി. രക്തം എത്തിച്ചാൽ സിസേറിയൻ നടത്താമെന്നാണ് അവിടുത്തെ ഡോക്ടർമാർ അറിയിച്ചത്. കുറഞ്ഞത് മൂന്ന് പേരുടെയെങ്കിലും രക്തം ആവശ്യമാണെന്ന് ബന്ധുക്കളെ അറിയിച്ചു. ഇതോടെ ഒ പോസിറ്റീവ് ബോംബെ ഗ്രൂപ്പിനായുള്ള അന്വേഷണം ആരംഭിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇതുസംബന്ധിച്ച സന്ദേശങ്ങൾ നൽകി.

   അങ്ങനെയാണ് ബ്ലഡ് ഡോണേഴ്സ് കേരളയുടെ വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് ബോംബെ ഒ പോസിറ്റീവ് ഗ്രൂപ്പ് തേടിയുള്ള സന്ദേശം എത്തുന്നത്. ആദ്യ അന്വേഷണത്തിൽ കോട്ടയം ജില്ലയിൽനിന്ന് ആരെയുംതന്നെ കണ്ടെത്താനായില്ല. ബ്ലഡ് ഡോണേഴ്സ് കേരളയുടെ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് എറണാകുളം സ്വദേശിയും ബോംബെ ഗ്രൂപ്പുകാരനുമായ ജയപ്രകാശ് രാത്രിയിൽത്തന്നെ കോട്ടയത്തെത്തി രക്തദാനം നടത്തി മടങ്ങി. രണ്ടുപേരെ കൂടി കണ്ടെത്താനുള്ള ശ്രമം തുടങ്ങി. കേരളത്തിൽ വിരലിലെണ്ണാവുന്നവർക്ക് മാത്രമുള്ള ഈ രക്തഗ്രൂപ്പിന്‍റെ വിശദാംശങ്ങൾ കണ്ണൂർ സ്വദേശിയായ സമീർ പെരിങ്ങാടി എന്നയാളുടെ പക്കൽ ഉണ്ട്. ബ്ലഡ് ഡോണേഴ്സ് കേരളയുടെ കണ്ണൂർ ഘടകത്തിന്‍റെ ചുമതലക്കാരനായ സമീറുമായി ബന്ധപ്പെട്ടപ്പോൾ രണ്ടുപേരെ ഏർപ്പാടാക്കി. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷബീബ്, തലശേരി സ്വദേശിയായ ആദർശ് എന്നിവരെയാണ് സമീർ മുഖാന്തരം കോട്ടയത്ത് എത്തിച്ചത്. ഇതിൽ ഷബീബിന്‍റെ രക്തമെടുക്കുകയും, ആദർശിനെ കരുതലായി ആശുപത്രിയിൽ നിർത്തുകയും ചെയ്തു. അങ്ങനെ നവംബർ ഒന്നിന് രാത്രി യുവതിയ്ക്ക് സിസേറിയൻ നടത്തി. ആഗ്നസ് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.

   ഒരു രാത്രി നീണ്ട അക്ഷീണ പ്രയത്നം വിജയം കണ്ടതിന്‍റെ ചാരിതാർഥ്യത്തിലാണ് ബ്ലഡ് ഡോണേഴ്സ് കേരള കോട്ടയം ജില്ലാ ഭാരവാഹികളായ ഹരീഷും ജോമോനും. മുമ്പ് പലപ്പോഴും ദുഷ്ക്കരമായ സാഹചര്യങ്ങളെ നേരിട്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു അനുഭവം ആദ്യമാണെന്ന് ഹരീഷും ജോമോനും ന്യൂസ്18നോട് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും കോർത്തിണക്കിന് സംഘടിതമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ ദുർലഭമായ ബ്ലഡ് ഗ്രൂപ്പുകാരെ കണ്ടെത്താനും, ആവശ്യക്കാർക്കായി എത്തിക്കാനുമാകുന്നതെന്ന് ഇവർ പറഞ്ഞു.

   എന്താണ് ബോംബെ ഗ്രൂപ്പ്?

   സാധാരണയുള്ള എ, ബി, ഒ ഗ്രൂപ്പ് സങ്കേതത്തിന്‍റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ 'എച്ച്'(ഒ) ആന്‍റിജൻ ഇല്ലാത്ത അപൂർവ രക്തഗ്രൂപ്പാണിത്. ഒ ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു എൻസൈമിന്‍റെ അഭാവമാണ് ഈ രക്തഗ്രൂപ്പിന് കാരണം. ഗ്രൂപ്പ് നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ഒ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്നാണ് രേഖപ്പെടുത്താറുള്ളത്.

   1952ൽ മുംബൈയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോട് ചേർന്ന കർണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബെ ഒ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ലത്. അതിനാലാണ് ഈ രക്തഗ്രൂപ്പിനെ ബോംബെ ഗ്രൂപ്പ് എന്ന് വിളിക്കുന്നത്.
   First published: