നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഇടിക്കൂട്ടിലെ സിംഹം; മുഹമ്മദ് അലിയുടെ അപൂർവമായ കലാസൃഷ്ടികൾ ഒക്ടോബറിൽ ലേലത്തിന്

  ഇടിക്കൂട്ടിലെ സിംഹം; മുഹമ്മദ് അലിയുടെ അപൂർവമായ കലാസൃഷ്ടികൾ ഒക്ടോബറിൽ ലേലത്തിന്

  ബോക്‌സിങ് റിങ്ങിലെ കരുത്തുറ്റ പ്രകടനം കൊണ്ടുമാത്രമല്ല അലി ശ്രദ്ധനേടിയത്, മറിച്ച് തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടുകൂടെയാണ്

  • Share this:
   ബോക്‌സിംഗ് ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് അലിയുടെ കലാസൃഷ്ടികള്‍ ലേലത്തിന് എത്തുന്നു. ഇടിക്കൂട്ടിലെ സിംഹമായിരുന്ന മുഹമ്മദ് അലി ഒരു മികച്ച വിഷ്വല്‍ ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു. ഒക്ടോബര്‍ 5 ന് ബോണ്‍ഹാമില്‍ നടക്കുന്ന ലേലത്തിലാണ് അലിയുടെ കലാസൃഷ്ടികള്‍ വില്പനയ്ക്കെത്തുന്നത്. എക്കാലത്തേയും മഹാനായ മനുഷ്യന്റെ കലാപരമായ കഴിവുകള്‍ അറിയാനുള്ള അവസരം കൂടിയാണ് ഈ ലേലം വാഗ്ദാനം ചെയ്യുന്നത്.

   ബോക്‌സിങ് റിങ്ങിലെ കരുത്തുറ്റ പ്രകടനം കൊണ്ടുമാത്രമല്ല അലി ശ്രദ്ധനേടിയത്, മറിച്ച് തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടുകൂടെയാണ്. കറുത്തവരും വെളുത്തവനും തമ്മിലുള്ള വര്‍ണവിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഈ ധീര പോരാളി തയാറായി. അമേരിക്കയുടെ നയങ്ങള്‍ക്കെതിരെ നിലപാടെടുത്തതിനാല്‍ ചാംപ്യന്‍പട്ടം വരെ നഷ്ടമായി. ഒരിക്കലും തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയാറാകാത്ത വ്യക്തിയായിരുന്നു മുഹമ്മദ് അലി.

   അമേരിക്കന്‍ നിരൂപകനായ വെസ്ലി മോറിസ് 2016 ജൂണ്‍ 3ന് മുഹമ്മദ് അലിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്, 1960 കളിലെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷുബ്ധതയെ അതിജീവിച്ച് 1970 കളില്‍ വളര്‍ന്ന രാഷ്ട്രീയ സാംസ്‌കാരിക നായകനാണ് മുഹമ്മദ് അലി എന്നാണ്.

   കെന്റക്കിയില്‍ ജനിച്ച ഈ കരുത്തനായ ബോക്സര്‍ ഒരു ബഹുമുഖ പ്രതിഭയാണെന്നതില്‍ സംശയമില്ല. മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍, പൗരാവകാശ പ്രവര്‍ത്തകന്‍, കവി, ചിത്രകാരന്‍ തുടങ്ങിയവയില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്താന്‍ മുഹമ്മദ് അലിക്ക് കഴിഞ്ഞു.

   കലാകാരന്മാരുടെയും സംഗീതജ്ഞരുടെയും കരകൗശല വിദഗ്ദ്ധരുടെയും കുടുംബത്തിലാണ് മുഹമ്മദ് അലി ജനിച്ചത്. അലിയുടെ പിതാവായിരുന്ന കാസിയസ് ക്ലേ ഒരു പള്ളിയിലെ ചുമര്‍ചിത്രകാരനായിരുന്നു. എന്നാല്‍ അമേരിക്കയിലെ വംശീയ വേര്‍തിരിവ് കാരണം തന്റെ കഴിവ് അംഗീകരിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൗമാരപ്രായത്തില്‍ ബോക്‌സിംഗില്‍ ഒരു കരിയര്‍ ആരംഭിച്ചെങ്കിലും, മുഹമ്മദ് അലിക്ക് കലകളോട് എന്നും അഭിനിവേശമുണ്ടായിരുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ പൗരാവകാശങ്ങള്‍ക്കായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് 1967-ല്‍, അവന്റ് ഗാര്‍ഡ് മാസികയ്ക്ക് വേണ്ടി അദ്ദേഹം ഒരു പരമ്പര വരച്ചു.

   'മുഹമ്മദ് അലി: ദി അണ്‍ടോള്‍ഡ് സ്റ്റോറി: പെയിന്റര്‍, കവി & പ്രവാചകന്‍' എന്ന കൃതിയുടെ രചയിതാവ് റോഡ്‌നി ഹില്‍ട്ടണ്‍ ബ്രൗണിന്റെ പ്രോത്സാഹനത്തിന് നന്ദി പറഞ്ഞ് അദ്ദേഹം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കലാരംഗത്തേക്ക് തിരിച്ചുവന്നു . ബോണ്‍ഹാമില്‍ വില്‍ക്കുന്ന കലാസൃഷ്ടികള്‍ഹില്‍ട്ടണ്‍ ബ്രൗണിന്റെ വ്യക്തിഗത ശേഖരത്തില്‍ നിന്നുള്ളവയാണ്. മുഹമ്മദ് അലിയുടെ ഏറ്റവും വലിയ സൃഷ്ടികളുടെ ശേഖരമാണ് ലേലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഈ ലേലത്തിന്റെ പ്രധാന ആകര്‍ഷണം . അവയില്‍ 'വാര്‍ ഇന്‍ അമേരിക്ക' 'സ്റ്റിങ് ലൈക് എ ബീ' എന്നീ പൈന്റിങ്ങുകള്‍ക്ക് 25,000 ഡോളറിനും 35,000 ഡോളറിനും ഇടയില്‍ നല്ലൊരു തുക ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

   അമേരിക്കന്‍ ഗായകനും നടനുമായ ക്രിസ് ക്രിസ്റ്റോഫേഴ്സണൊപ്പം അഭിനയിച്ച 'ഫ്രീഡം റോഡ്' മിനി സിരീസിന്റെ ചിത്രീകരണ വേളയിലാണ് മുഹമ്മദ് അലി മിസിസിപ്പി രചിക്കുന്നത്. മുഹമ്മദലിയുടെ മുഴുവന്‍ കവിതകളും ഉള്‍പ്പെടുത്തിയ ഏക കലാസൃഷ്ടി ഇതാണ്. 2010 ല്‍ ഈ കൃതിയുടെ അഞ്ഞൂറാമത്തെ പതിപ്പ് റോ ഗാലറിയില്‍ 2,900 ഡോളറിന് വിറ്റിരുന്നു. ബോണ്‍ഹാമില്‍ നടക്കുന്ന ലേലത്തില്‍ ഈ കൃതിയുടെ പതിപ്പിന് 40,000 മുതല്‍ 60,000 ഡോളര്‍ വരെ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

   ഒരു തലമുറയെ അടയാളിപ്പെടുത്തിയ ഒരു സാംസ്‌കാരിക പ്രതിഭയായിരുന്നു മുഹമ്മദ് അലി. ബോക്‌സിംഗ്, പൗരാവകാശങ്ങള്‍, മതം, ലോക സമാധാനം, മാനവികത. തുടങ്ങിയവ അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് വിഷയങ്ങളായി. മുഹമ്മദ് അലിയുടെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന ഈ കലാസൃഷ്ടികള്‍ സ്വന്തമാക്കാനുള്ള അപൂര്‍വമായ അവസരമാണ് ഈ ലേലം ആരാധകര്‍ക്ക് സമ്മാനിക്കുന്നതെന്ന് ബോണ്‍ഹാമിലെ പോപ്പ് കള്‍ച്ചര്‍ ഡയറക്ടര്‍ ഹെലന്‍ ഹാള്‍ പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}