സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ യുവതികൾക്കായുള്ള മധ്യപ്രദേശ് സർക്കാരിന്റെ സമൂഹ വിവാഹ പദ്ധതി (mass wedding project) വിവാദത്തിൽ. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട യുവതികളിൽ ചിലർ ഗർഭിണികളാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതേത്തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ടെസ്റ്റ് നടത്തിയത് എങ്ങനെയാണെന്ന് വിശദീകരിക്കണമെന്നും ഇത് പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികൾക്ക് അപമാനമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഗർഭ പരിശോധന നടത്താൻ സർക്കാരിൽ നിന്ന് നിർദേശമൊന്നും ലഭിച്ചിരുന്നില്ല എന്നും എന്നാൽ ചില ഗൈനക്കോളജിക്കൽ പ്രശ്‌നങ്ങളുമായി തങ്ങളെ സമീപിച്ച യുവതികളെ സ്ഥലത്തെ ഡോക്ടർമാർ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു എന്നും ബന്ധപ്പെട്ട ഒരു ജില്ലാ ഉദ്യോഗസ്ഥൻ ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു. അക്ഷയ തൃതീയ ദിനമായ ശനിയാഴ്ച, മധ്യപ്രദേശ് സർക്കാരിന്റെ ‘മുഖ്യമന്ത്രി കന്യാ വിവാഹ യോജന’ പദ്ധതി പ്രകാരം 219 വിവാഹങ്ങളാണ് നടത്താൻ തീരുമാനിച്ചിരുന്നത്.
ഇത്തരം പരിശോധനകൾ പാവപ്പെട്ടവരെ അപമാനിക്കലാണെന്ന് കോൺഗ്രസ് നിയമസഭാംഗം ഓംങ്കാർ സിംഗ് മർകം പറഞ്ഞു. ഇത്തരം ഗർഭ പരിശോധനകൾ നടത്തുന്നത് എന്ത് മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണെന്ന് സർക്കാർ വിശദീകരണിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: ചായയും മഞ്ഞളുമടക്കമുള്ള ഇന്ത്യൻ ഭക്ഷണങ്ങൾ കോവിഡ് മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചു: ICMR
സമൂഹ വിവാഹ ചടങ്ങിനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ അനീമിയ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്താനുള്ള നിർദേശങ്ങൾ സർക്കാരിൽ നിന്നും ലഭിച്ചിരുന്നതായി ഡിൻഡോരി കളക്ടർ വികാസ് മിശ്ര വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എന്നാൽ, പരിശോധനയ്ക്കിടെ, ചില യുവതികൾ ആർത്തവ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് ഡോക്ടർമാരോട് സംസാരിച്ചു. തുടർന്ന് ഡോക്ടർമാർ ഗർഭ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു എന്നും മിശ്ര പറഞ്ഞു. “ഗർഭ പരിശോധന നടത്താൻ സർക്കാരിൽ നിന്നും നിർദേശമൊന്നും ഉണ്ടായിരുന്നില്ല. ഗർഭിണിയാണെന്ന് കണ്ടെത്തിയ നാല് യുവതികളെ വിവാഹ പദ്ധതിയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി കന്യാ വിവാഹ യോജന പദ്ധതിക്കു കീഴിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ 56,000 രൂപയാണ് ധനസഹായം നൽകുന്നത്.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് ആവശ്യപ്പെട്ടു. സമൂഹ വിവാഹത്തിനു മുന്നോടിയായി ഇരുന്നൂറിലധികം പെൺകുട്ടികൾ ഗർഭ പരിശോധന നടത്താൻ നിർബന്ധിതരായെന്നും മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കമൽനാഥ് ആരോപിച്ചു. ”ഈ വാർത്ത സത്യമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശരിയാണെങ്കിൽ, മധ്യപ്രദേശിലെ പാവപ്പെട്ട പെൺകുട്ടികളെ ഇത്തരത്തിൽ അപമാനിച്ചത് ആരുടെ നിർദേശപ്രകാരമാണ്? മുഖ്യമന്ത്രിയുടെ കണ്ണിൽ, പാവപ്പെട്ടവരും ആദിവാസി കുടുംബങ്ങളിലെ പെൺകുട്ടികളും മാന്യരല്ലേ? ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ കീഴിലുള്ള മധ്യപ്രദേശ് സർക്കാരാണ് സ്ത്രീകളോട് ഇത്തരത്തിൽ മോശമായി പെരുമാറുന്ന സർക്കാരുകളിൽ മുന്നിൽ നിൽക്കുന്നത്”, കമൽനാഥ് ട്വീറ്റ് ചെയ്തു. ഈ വിഷയത്തിൽ നീതിയുക്തവും ഉന്നത തലത്തിലുള്ളതുമായ അന്വേഷണം വേണമെന്നും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mass wedding, Pregnancy, Pregnancy test, Pregnant