HOME » NEWS » Life » CAN BLACK FUNGUS SPREAD FROM ONIONS AND FRIDGE GH

ഫ്രിഡ്ജിൽ നിന്നും സവാളയിൽ നിന്നും ബ്ലാക്ക് ഫംഗസ് പകരുമോ? ഈ പ്രചാരണത്തിന് പിന്നിലെ വസ്തുത അറിയാം

ഹിന്ദി ഭാഷയിൽ എഴുതപ്പെട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ, പ്രത്യേകിച്ച് ഉള്ളിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അവയിൽ ബ്ലാക്ക് ഫംഗസ് വളരാമെന്നും അവകാശപ്പെടുന്നത്

News18 Malayalam | Trending Desk
Updated: May 31, 2021, 4:51 PM IST
ഫ്രിഡ്ജിൽ നിന്നും സവാളയിൽ നിന്നും ബ്ലാക്ക് ഫംഗസ് പകരുമോ? ഈ പ്രചാരണത്തിന് പിന്നിലെ വസ്തുത അറിയാം
Onion
  • Share this:
കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ വലിയ ആശങ്ക ഉയർത്തിക്കൊണ്ട് കടന്നുവന്ന രോഗമാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ്. ബ്ലാക്ക് ഫംഗസ് ബാധയ്ക്കെതിരെയും ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ വലിയ പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ രോഗത്തെക്കുറിച്ച് തെറ്റായ നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്നുണ്ട്. കോവിഡ് മുക്തരായവരിൽ ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുന്നു എന്ന വാർത്ത തന്നെ വലിയ ഭീതി സൃഷ്ടിക്കുന്നതാണ്.

മ്യൂക്കോർമൈക്കോസിസ് രോഗബാധിതരുടെ എണ്ണം കൂടുന്നത് വ്യാജവാർത്തകളുടെ പ്രചരണത്തിന് പിൻബലമാകുന്നുണ്ട്. അത്തരത്തിൽ വലിയ പ്രചാരം ലഭിക്കുന്ന ഒരു വ്യാജവാർത്തയാണ് വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ പലതും ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് ഇടയാക്കുന്നു എന്നുള്ളത്. വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പച്ചക്കറികളിൽ ബ്ലാക്ക് ഫംഗസ് ഉണ്ടാകുമെന്നും അത് രോഗബാധയ്ക്ക് കാരണമാകുമെന്നുമുള്ള പ്രചരണം സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേർ വിശ്വസിക്കുന്നുണ്ട്.

ഹിന്ദി ഭാഷയിൽ എഴുതപ്പെട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ, പ്രത്യേകിച്ച് ഉള്ളിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അവയിൽ ബ്ലാക്ക് ഫംഗസ് വളരാമെന്നും അവകാശപ്പെടുന്നത്. "ചന്തയിൽ നിന്ന് ഉള്ളി വാങ്ങുമ്പോഴും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ശ്രദ്ധിയ്ക്കുക. ഉള്ളിയുടെ പുറംതൊലിയിൽ പലപ്പോഴും കാണപ്പെടുന്ന കറുത്ത പാടുകൾ മ്യൂക്കോർമൈക്കോസിസ് എന്ന രോഗത്തിന് ഇടയാക്കുന്ന വിനാശകാരിയായ ബ്ലാക്ക് ഫംഗസ് ആണ്" എന്നാണ് ആ പോസ്റ്റിൽ പറയുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷണം പാകം ചെയ്യുമ്പോഴും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴുമൊക്കെ ഉള്ളിയിൽ നിന്ന് ബ്ലാക്ക് ഫംഗസ് പകരുമെന്ന മുന്നറിയിപ്പും പോസ്റ്റ് നൽകുന്നുണ്ട്. ഒരുപാട് പേരാണ് ഇത് ശരിയാണെന്ന് തെറ്റിദ്ധരിച്ച് പോസ്റ്റ് പങ്കുവെയ്ക്കുന്നത്.

തികച്ചും വാസ്തവവിരുദ്ധമാണ് ഈ അവകാശവാദം. പഴങ്ങളോ പച്ചക്കറികളോ പോലുള്ള വസ്തുക്കളിലൂടെയല്ല ബ്ലാക്ക് ഫംഗസ് പകരുക എന്നതാണ് വസ്തുത. ഫ്രിഡ്ജിനുള്ളിൽ രൂപപ്പെടുന്ന ഫംഗസുകൾക്കോ ഉള്ളിത്തോലിന്റെ പുറത്ത് കാണുന്ന കറുത്ത പാടുകൾക്കോ ബ്ലാക്ക് ഫംഗസ് അണുബാധയുമായി യാതൊരു ബന്ധവുമില്ല. പലപ്പോഴും ഫ്രിഡ്ജിനുള്ളിൽ പൂപ്പൽ വളരുന്നത് ബാക്ടീരിയയുടെയോ യീസ്റ്റിന്റെയോ പ്രവർത്തനഫലമായാണ്. അവ ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകുന്ന അപകടകാരികൾ ആയേക്കാമെങ്കിലും ബ്ലാക്ക് ഫംഗസുമായി അതിന് ബന്ധമൊന്നുമില്ല. ഉള്ളിത്തോലിന്റെ പുറത്ത് കാണപ്പെടുന്ന കറുത്ത ഫംഗൽ പാടുകൾ മണ്ണിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരുതരം ഫംഗസിന്റേതാണ്. ഈ ഫംഗസുകൾ വളരെ അപൂർവമായി മാത്രമേ അണുബാധയ്ക്ക് കരണമാകൂ. എന്തായാലും പച്ചക്കറികൾ ഉപയോഗിക്കുന്നതിന് മുമ്പ് വൃത്തിയായി കഴുകേണ്ടത് അനിവാര്യമാണ്.

ബ്ലാക്ക് ഫംഗസ് അണുബാധ തികച്ചും വ്യത്യസ്തമായ രീതിയിലാണ് പകരുന്നത്. മാത്രമല്ല അവയ്ക്ക് വ്യക്തമായ രോഗലക്ഷണങ്ങളും ഉണ്ടാകും. ബ്ലാക്ക് ഫംഗസ് രോഗബാധിതരിൽ 50% പേർക്ക് മരണം സംഭവിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. നമ്മുടെ ചുറ്റും കാണപ്പെടുന്ന 'മൈകോർമീറ്റ്സ്' എന്ന തരം പൂപ്പലുകളിൽ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധ ഉണ്ടാകുന്നത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയോ തൊടുന്ന വസ്തുക്കളിലൂടെയോ അല്ല ഈ ഫംഗസ് ശരീരത്തിലേക്ക് കടക്കുക. മറിച്ച്, വൃത്തിയില്ലാത്ത പ്രതലങ്ങളിൽ നിന്ന് ഈ പൂപ്പലുകൾ ശ്വാസോഛ്വാസത്തിന്റെ ഭാഗമായി വലിച്ചെടുക്കുന്നതിലൂടെയാണ്.

Keywords: Black Fungus, Mucormycosis, Onion, Vegetables, Fake News, Social Media, ബ്ലാക്ക് ഫംഗസ്, മ്യൂക്കോർമൈക്കോസിസ്, ഉള്ളി, പച്ചക്കറി, വ്യാജവാർത്ത, സമൂഹ മാധ്യമം
Published by: Anuraj GR
First published: May 31, 2021, 4:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories