• HOME
  • »
  • NEWS
  • »
  • life
  • »
  • Cancer Treatment | അര്‍ബുദ ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ വ്യായാമത്തിന് കഴിയുമോ? പഠനം പറയുന്നതിങ്ങനെ

Cancer Treatment | അര്‍ബുദ ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ വ്യായാമത്തിന് കഴിയുമോ? പഠനം പറയുന്നതിങ്ങനെ

അന്നനാളത്തില്‍ അര്‍ബുദം ബാധിച്ച രോഗികളിൽ കീമോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്തി കൂട്ടാൻ മിതമായ വ്യായാമ പരിപാടികള്‍ക്ക് കഴിയും

Cancer_

Cancer_

  • Share this:
    ശരീരത്തിലെ ഏത് അവയവത്തെയും അര്‍ബുദം (Cancer) ബാധിച്ചേക്കാം. സ്തനാര്‍ബുദം, ആമാശയ അര്‍ബുദം, കരളിനെ ബാധിക്കുന്ന അര്‍ബുദം, വൃക്കയെ ബാധിക്കുന്ന അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദം, മസ്തിഷ്‌ക്കാര്‍ബുദം, രക്താര്‍ബുദം, അണ്ഡാശയ അര്‍ബുദം, അസ്ഥികളെ ബാധിക്കുന്ന അര്‍ബുദം, ആമാശയ -അന്നനാള അര്‍ബുദം ഇങ്ങനെ വിവിധ തരം അര്‍ബുദങ്ങള്‍ ശരീരത്തെ ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ലോകവ്യാപകമായി അര്‍ബുദ ചികിത്സയുടെ മേഖലയിൽ വ്യാപകമായ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ അര്‍ബുദ ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ വ്യായാമങ്ങള്‍ (Exercises) ശീലിക്കുന്നതിലൂടെ കഴിയുമെന്ന് ഒരു പഠനം (Study) കണ്ടെത്തിയിരിക്കുകയാണ്. അന്നനാളത്തില്‍ അര്‍ബുദം ബാധിച്ച രോഗികളിൽ കീമോതെറാപ്പി (Chemotherapy) ചികിത്സയുടെ ഫലപ്രാപ്തി കൂട്ടാൻ മിതമായ വ്യായാമ പരിപാടികള്‍ക്ക് കഴിയുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

    അര്‍ബുദ ചികിത്സയുടെ ഭാഗമായി വ്യായാമം ഉള്‍പ്പെടുത്താമെന്ന് നാല്‍പത്തോളം അന്നനാള ക്യാന്‍സര്‍ രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ടു. ഗയ്സ് ആന്‍ഡ് സെന്റ് തോമസിലെ ഗവേഷക സംഘമാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. 'ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനി'ലാണ് ഗവേഷണം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. മിതമായ വ്യായാമം, കീമോതെറാപ്പിയുടെ ഫലമായി ആരോഗ്യത്തിനുണ്ടാകുന്ന ചില പ്രതികൂല ഫലങ്ങള്‍ കുറയ്ക്കുന്നതായി പഠനത്തില്‍ കാണിക്കുന്നു. സമാനരായ രോഗികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ കീമോതെറാപ്പി ചെയ്യാന്‍ ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാന്‍ വ്യാപകമായ പഠനം ആവശ്യമാണെന്ന് ഫലങ്ങള്‍ സൂചിപ്പിച്ചതായും രചയിതാക്കള്‍ പറഞ്ഞു.

    അന്നനാളത്തെ ബാധിക്കുന്ന അന്നനാള അര്‍ബുദം ഉള്‍പ്പെടെയുള്ള ക്യാന്‍സറുകൾക്ക് സാധാരണ നിഷ്കർഷിക്കുന്ന ചികിത്സയാണ് കീമോതെറാപ്പി. എന്നാല്‍ ഈ ചികിത്സ നടത്തുന്ന രോഗികള്‍ക്ക് ക്ഷീണം, അസുഖം, അണുബാധയ്ക്കുള്ള സാധ്യത എന്നിവ ഉള്‍പ്പെടെയുള്ള പ്രതികൂലമായ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കാം. ഇക്കാരണത്താല്‍, ഈ ചികിത്സ നടത്തുമ്പോൾ ഓരോ രോഗിയ്ക്കും ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഡോക്ടര്‍മാര്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്.

    'പ്രീഹാബിലിറ്റേഷന്‍' വ്യായാമത്തിന്റെ സ്വാധീനത്തെക്കുറിച്ചാണ് ഗവേഷണത്തില്‍ പ്രധാനമായും പരിശോധിച്ചത്. ഗൗരവകരമായ ചികിത്സയ്‌ക്കോ ശസ്ത്രക്രിയയ്‌ക്കോ രോഗികളെ ശാരീരികമായി തയ്യാറെടുപ്പിക്കുന്ന ഒരു പ്രക്രിയയാണ് പ്രീഹാബിലിറ്റേഷന്‍. കീമോതെറാപ്പി ചികിത്സയ്ക്ക് മുമ്പും ആ സമയത്തും രോഗികള്‍ക്ക് പതിവായി പരിശീലനം നൽകുന്ന ഒരു വ്യായാമ പരിപാടി ഇതിന്റെ ഭാഗമായി നടത്തി. വീട്ടിലിരുന്ന് എങ്ങനെ വ്യായാമം ചെയ്യണമെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും രോഗികള്‍ക്ക് നല്‍കി.

    കീമോതെറാപ്പിക്ക് മുമ്പ് ഒരേ പ്രായവും ഒരേ രോഗാവസ്ഥയുമുള്ള ഒരു കൂട്ടം രോഗികളെ വ്യായാമ പരിപാടികള്‍ നടത്തുന്ന രോഗികളുമായി താരതമ്യം ചെയ്തു. ട്യൂമര്‍ സാമ്പിളുകള്‍, സിടി സ്‌കാനുകള്‍, രോഗികളില്‍ നിന്നുള്ള രോഗപ്രതിരോധത്തിന്റെ അടയാളങ്ങള്‍ എന്നിവ ഗവേഷണ സംഘം പരിശോധിച്ചു. വ്യായാമ പരിപാടിയില്‍ പങ്കെടുത്തവര്‍ കീമോതെറാപ്പിയോട് മെച്ചപ്പെട്ട രീതിയിൽ പ്രതികരിക്കുന്നതായി അവര്‍ കണ്ടെത്തി.

    ഗയ്സ് ആന്‍ഡ് സെന്റ് തോമസിലെ അപ്പര്‍ ഗാസ്‌ട്രോ-ഇന്റസ്‌റ്റൈനല്‍ സര്‍ജറിയിലെ കണ്‍സള്‍ട്ടന്റായ ആന്‍ഡ്രൂ ഡേവീസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹം പറഞ്ഞു: ''ഇതൊരു ചെറിയ പഠനമാണ്, എങ്കിലും ഇത് ഭാവിയിലേക്കുള്ള ഒരു വാഗ്ദാനമാണ്. കീമോതെറാപ്പി ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ മിതമായ വ്യായാമ പരിപാടികള്‍ സഹായിക്കുമെന്ന് ഇത് കാണിക്കുന്നു. വിശദമായ തുടര്‍ പഠനങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം ഈ പഠനഫലങ്ങൾ ഒരുപക്ഷേ മറ്റ് തരത്തിലുള്ള അര്‍ബുദങ്ങള്‍ ബാധിച്ച രോഗികള്‍ക്കും ഭാവിയിൽ പ്രയോജനം ചെയ്‌തേക്കാം. കൂടാതെ ചികിത്സയുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനുള്ള ചെലവ് കുറഞ്ഞ മാര്‍ഗവും കണ്ടെത്താൻ സാധിച്ചേക്കാം.''

    ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ചാരിറ്റിയുടെ ധനസഹായത്തോടെ നടത്തിയ പഠനത്തില്‍ 70കാരനായ അലന്‍ ഹോള്‍മാന്‍ പങ്കാളിയായിരുന്നു. ഒരു ഷോപ്പിംഗ് മാളിലെ ഫെസിലിറ്റീസ് മാനേജരായി വിരമിച്ചതിന് തൊട്ടുപിന്നാലെ, 2016 ഡിസംബറിലായിരുന്നു അലന് അന്നനാളത്തിലെ ക്യാന്‍സര്‍ കണ്ടെത്തിയത്. അദ്ദേഹം ആഴ്ചയില്‍ ഒരിക്കല്‍ ഗൈഡഡ് എക്‌സര്‍സൈസുകളില്‍ പങ്കെടുക്കുകയും ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വ്യായാമം ചെയ്യുകയും ചെയ്തു. കീമോതെറാപ്പി ചെയ്യുന്നതിനിടയിലാണ് ഈ സെഷനുകള്‍ നടന്നത്. 2017 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ഒരു ഓപ്പറേഷന് മുന്നോടിയായിട്ടാണ് സെഷനുകള്‍ നടന്നത്. തുടര്‍ന്ന് ഫോറസ്റ്റ് ഹില്ലിലെ തന്റെ വീടിനോട് ചേര്‍ന്ന് സെഷനുകള്‍ നടത്തി. ചികിത്സ പൂര്‍ത്തിയാക്കിയതിന് ശേഷം ഇപ്പോഴും അദ്ദേഹം സുഖകരമായ ജീവിതം നയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

    Also Read- Smoking | അർബുദം മാത്രമല്ല, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും പുകവലി കാരണമാകും; അവ എന്തൊക്കെ?

    ''കീമോതെറാപ്പി എനിക്ക് മടുപ്പിക്കുന്ന അനുഭവമായിരുന്നു. പക്ഷേ പരിശീലകനോടൊപ്പം ഒരു മണിക്കൂര്‍ വ്യായാമം ചെയ്തു തുടങ്ങിയപ്പോള്‍ മുമ്പത്തേക്കാള്‍ സുഖം തോന്നിത്തുടങ്ങി. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള ശരീരഭാരം വീണ്ടെടുക്കാൻ ഇതെന്നെ സഹായിച്ചു. കീമോതെറാപ്പി ഫലപ്രദമായി നടത്താനും ഇത് ഗുണം ചെയ്തു. ഞാന്‍ ദിവസം മുഴുവന്‍ വീടിനുള്ളില്‍ വെറുതെയിരിക്കുന്ന ഒരാളല്ല. ഞാന്‍ ജോലി ചെയ്തിരുന്നപ്പോള്‍, എനിക്ക് വളരെ സജീവമായ തൊഴിലായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ദിവസവും ഒരുപാട് നേരം നടക്കുമായിരുന്നു. ഇപ്പോള്‍ ഞാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ജിമ്മില്‍ പോകാനും എല്ലാ ദിവസവും ഒരു നേരമെങ്കിലും നടക്കാനും ശ്രമിക്കുന്നു,'' അലന്‍ പറഞ്ഞു.

    പഠനത്തിന് പരിമിതികളുണ്ടെന്ന് രചയിതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് താരതമ്യേന ചെറിയ ഒരു പഠനമായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. പല പ്രദേശങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് പകരം, വ്യായാമ സെഷനുകള്‍ നടക്കുന്ന പ്രദേശത്ത് താമസിച്ചിരുന്ന രോഗികളെയാണ് പഠനത്തിന് തിരഞ്ഞെടുത്തത്. രോഗികള്‍ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വരുന്നത് അവരില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതിയാണ് പഠനം സംഘം അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.
    Published by:Anuraj GR
    First published: