• HOME
  • »
  • NEWS
  • »
  • life
  • »
  • Heart Disease | ജനിതക പരിശോധനയിലൂടെ സ്ത്രീകളിലെയും പുരുഷന്മാരിലെയും ഹൃദ്രോഗ സാധ്യത നേരത്തെ നിർണയിക്കാൻ കഴിയുമോ?

Heart Disease | ജനിതക പരിശോധനയിലൂടെ സ്ത്രീകളിലെയും പുരുഷന്മാരിലെയും ഹൃദ്രോഗ സാധ്യത നേരത്തെ നിർണയിക്കാൻ കഴിയുമോ?

ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടാല്‍, ഹൃദ്രോഗം തടയാനായി ഈ രീതിയിലുള്ള ജനിതക പരിശോധന ആഗോളതലത്തില്‍ സ്വീകാര്യത നേടിയേക്കാം

  • Share this:
    ലോകത്തിലെ മരണങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഹൃദ്രോഗം (Heart Disease). യുഎസിലെ ഗവേഷകര്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ഒരു ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചിരിക്കുകയാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഹൃദ്രോഗ സാധ്യത തിരിച്ചറിയാന്‍ ജനിതക പരിശോധന (Genetic Testing) ഉപയോഗിക്കാൻ കഴിയുമോ എന്നാണ് അതിലൂടെ അന്വേഷിക്കുന്നത്. ഡിഎന്‍എയുടെ (DNA) ഘടനയെ അടിസ്ഥാനമാക്കിയാണ് ഈ ജനിതക പരിശോധന നടത്തുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടാല്‍, ഹൃദ്രോഗം തടയാനായി ഈ രീതിയിലുള്ള ജനിതക പരിശോധന ആഗോളതലത്തില്‍ സ്വീകാര്യത നേടിയേക്കാം.

    പഠന കാലയളവിലുടനീളം, ഗവേഷകര്‍ മുമ്പ് ഹൃദ്രോഗമൊന്നും വന്നിട്ടില്ലാത്ത 40 നും 60 നും ഇടയില്‍ പ്രായമുള്ള ഏകദേശം 2,000 പുരുഷന്മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കും. ഇത് ഹൃദ്രോഗങ്ങളുടെ അവസാന നൂറ്റാണ്ടായിരിക്കണമെന്നാണ് അരിസോണയിലെ ഡിഗ്‌നിറ്റി ഹെല്‍ത്ത് ഹോസ്പിറ്റലിലെ കാര്‍ഡിയോവാസ്‌കുലര്‍ ജീനോമിക്‌സ് മെഡിക്കല്‍ ഡയറക്ടര്‍ റോബര്‍ട്ട് റോബര്‍ട്ട്‌സ് പറഞ്ഞത്.

    read also- Heart Attack | ശൈത്യകാലത്ത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; കാരണങ്ങൾ ഇതാ

    പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹൃദ്രോഗത്തിന് കാരണമാകുന്ന ജനിതക അടയാളങ്ങള്‍ ഉണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ സാമ്പിളുകള്‍ വിശകലനം ചെയ്യും. ഡിഎന്‍എയുടെ ജനിതക പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഗവേഷകസംഘം ഓരോരുത്തരുടെയും ജനിതക അടയാളങ്ങള്‍ വിലയിരുത്തി അവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമാണെന്ന് നിര്‍ണ്ണയിക്കും. പഠനത്തിൽ പങ്കെടുക്കുന്നവരുടെ ഹൃദ്രോഗ സാധ്യത നിര്‍ണ്ണയിക്കുമ്പോള്‍ മറ്റ് ആരോഗ്യ, ജീവിതശൈലി ഘടകങ്ങളും പരിഗണിക്കും. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ നില എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

    "ജനിതക പരിശോധന സംബന്ധിച്ച ഈ പരീക്ഷണത്തിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൊറോണറി ആര്‍ട്ടറി രോഗം നേരത്തെ തന്നെ പ്രതിരോധിക്കാനും അതിലൂടെ ഭാവിയില്‍ കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ സമീപനം രോഗപ്രതിരോധത്തിൽ പുതിയ മാതൃക സൃഷ്ടിക്കും'', റോബര്‍ട്ട്‌സ് പറഞ്ഞു.

    read also- Heart Diseases | സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും പ്രായമായ സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം

    മുമ്പ്, ഹൃദയാഘാതത്തിന് ഡിഎന്‍എയുമായി ബന്ധമുണ്ടെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു. ജനനം മുതല്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഫാമിലിയല്‍ ഹൈപ്പര്‍ കൊളസ്‌ട്രോളീമിയ (fh) എന്ന ഒരു ജനിതക അവസ്ഥയ്ക്ക് കാരണമാകുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ചെറുപ്പം മുതലേ കൊറോണറി ഹൃദ്രോഗത്തിനുള്ള ഉയര്‍ന്ന അപകടസാധ്യതയിലേക്ക് നയിച്ചേക്കാം. ചില കണക്കുകള്‍ സൂചിപ്പിക്കുന്നത് 70 വയസ്സ് ആകുമ്പോഴേക്കും എഫ്എച്ച് ഉള്ള ഓരോ രണ്ട് രോഗികളിലും ഒരാള്‍ക്ക് കൊറോണറി ഹൃദ്രോഗം ഉണ്ടാകാം എന്നാണ്.

    ''പബ്ലിക് ഹെല്‍ത്ത് കെയര്‍ സിസ്റ്റം വഴിയുള്ള ഡിഎന്‍എ പരിശോധനയിലൂടെ എഫ്എച്ച് ഉള്ള ആയിരക്കണക്കിന് ആളുകളെ നേരത്തെ തിരിച്ചറിയാന്‍ കഴിയും'' എന്നാണ് ഓസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷണം വ്യക്തമാക്കിയത്. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
    Published by:Arun krishna
    First published: