ജീന്‍സ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. പല തരത്തിലുള്ള ജീന്‍സുകളും ഇന്ന് വിപണിയിലുണ്ട്. ശരീരത്തോട് ഒട്ടി നിൽക്കുന്ന സ്കിന്നി ജീൻസ് മുതൽ അയഞ്ഞ ജീൻസുകൾ വരെ. ജീന്‍സ് ആകര്‍ഷകമായ ഒരു വസ്ത്രമാണെങ്കിലും ഇറുകിയ ജീൻസ് ധരിക്കുന്നതു കൊണ്ട് ചില ദോഷങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഒരു ദിവസം മുഴുവന്‍ ഇറുകിയ ജീന്‍സ് (tight jeans) ധരിക്കുന്നത് പല തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇറുകിയ ജീന്‍സ് ധരിക്കുന്നത് വഴി കാലുകളിലും മറ്റ് അവയവങ്ങളിലും അമിതമായ സമ്മര്‍ദ്ദം (excessive pressure) ഉണ്ടായേക്കാം.
ഇത് കാലുകളുടെ ഞരമ്പുകള്‍ക്കും പേശികള്‍ക്കും ദോഷകരമാണ്. കൂടാതെ തുടയിൽ വേദനയും മരവിപ്പും ഉണ്ടാക്കും. ദിവസം മുഴുവന്‍ ഇറുകിയ ജീന്‍സ് ധരിക്കുന്ന പുരുഷന്മാര്ക്ക് ടെസ്റ്റികുലര്‍ കാന്‍സര്‍ (testicular cancer) അഥവാ വൃഷ്ണാർബുദം ഉണ്ടാകാമെന്നും ചില ഡോക്ടര്‍മാര്‍ പറയുന്നു. നമ്മുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വൃഷ്ണങ്ങളിൽ ചൂട് കുറവായിരിക്കും. ഇത് ബീജ (sperms) ഉത്പാദനം സുഗമമാക്കുന്നത്തിന് വേണ്ടിയാണ്. എന്നാൽ ഇറുകിയ ജീന്‍സ്, ഇറുകിയ അടിവസ്ത്രം എന്നിവ ധരിക്കുന്നത് വഴി വൃഷ്ണത്തിലെ ചൂട് വര്‍ദ്ധിപ്പിക്കും. ഇത് ബീജങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമാകുമെന്ന് വിക്ടോറിയയിലെ പീറ്റര്‍ മക്കല്ലം കാന്‍സര്‍ സെന്ററിലെ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഗൈ ടോണർ പറയുന്നു.
എന്നാൽ, ഇറുകിയ ജീന്‍സും വൃഷ്ണാർബുദവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന മതിയായ തെളിവുകളൊന്നും ലഭ്യമല്ല.
ഇറുകിയ ജീന്‍സ് ധരിക്കുന്നത് നിങ്ങളുടെ അരയ്ക്ക് താഴേയ്ക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും കണങ്കാലിനും പാദങ്ങളിലും തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യും. ഷേപ്പ് വെയറുകള്‍ക്കും ഇത് ബാധകമാണ്. ഇതുകൂടാതെ, ഇറുകിയ ജീന്‍സ് ധരിക്കുമ്പോള്‍ ചര്‍മ്മം കൂടുതല്‍ സെന്‍സിറ്റീവ് ആയ സോറിയാസിസ്, എക്സിമ പോലുള്ള അവസ്ഥകളുള്ളവരുടെ സ്ഥിതി കൂടുതല്‍ വഷളാകും.
''ഇറുകിയ ജീന്‍സോ അടിവസ്ത്രങ്ങളോ ധരിക്കുന്നത് പുരുഷന്മാരുടെ ആരോഗ്യത്തിന് ഹാനികരമാകാം. ദീര്‍ഘനാളുകളായി ഇറുകിയ വസ്ത്രം ധരിക്കുന്നത് മൂത്രാശയ അണുബാധയ്ക്ക് കാരണമാകും. മാത്രമല്ല ബീജക്കുറവ്, ഫംഗസ് അണുബാധകള്‍ എന്നിവയിലേക്കും നയിക്കുന്നു. വൃഷ്ണാർബുദത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇതിനുള്ള സാധ്യതകള്‍ വർദ്ധിക്കാമെന്ന് എച്ച്ടി ലൈഫ്സ്റ്റൈലിനു നല്കിയ അഭിമുഖത്തില്‍ ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റലിലെ സീനിയര്‍ ജനറല്‍ ഫിസിഷ്യന്‍ ഡോ. ജെ ഹരികിഷന് പറഞ്ഞു. എന്നാല്‍ വൃഷ്ണാർബുദം ജനിതക തകരാറുകള്‍ മൂലമാണ് അധികവും കണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷണൽ കാന്‍സര്‍ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഈ രോഗം വരുന്ന 79 ശതമാനം ആളുകളും 44 വയസ്സോ അതിൽ താഴെയുള്ളവരോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.