സമ്മർദ്ദത്തിനുള്ള പ്രതിവിധിയായി കാനഡയിലെ (Canada) ഡോക്ടർമാർ (Doctors) നിർദ്ദേശിക്കുന്നത് കാട്ടിലൂടെയുള്ള നടത്തമാണ്. ഉത്കണ്ഠ, സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്ക് പരിഹാരമായി നിർദ്ദേശിക്കുന്നത് ദേശീയ പാർക്കുകളിലെ സൗജന്യ പ്രവേശനമാണ്. സിൽവോതെറാപ്പി അഥവാ ഫോറസ്റ്റ് ബാത്ത് എന്നറിയപ്പെടുന്ന ഈ ചികിത്സാരീതി രോഗികളെ വനാന്തരീക്ഷത്തിൽ സ്വയം മുഴുകാൻ അനുവദിക്കുന്നു. ഇത് സമ്മർദ്ദം ലഘൂകരിക്കാൻ വലിയ സ്വാധീനം ചെലുത്തുമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.
ഏകാഗ്രതയും ശ്രദ്ധയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഈ രീതി പിരിമുറുക്കത്തിന് ആശ്വാസം നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വൈവിധ്യമാർന്ന പ്രകൃതിദത്ത ക്രമീകരണങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ പേരുകേട്ട കാനഡയിലെ 48 ദേശീയ പാർക്കുകളിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പാർക്ക് കാനഡ ഡിസ്കവറി പാസിന്റെ രൂപത്തിൽ സൗജന്യ പ്രവേശന ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2020ൽ ബ്രിട്ടീഷ് കൊളംബിയയിലാണ് ഈ രീതി ആദ്യമായി ആരംഭിച്ചത്. അത് ഇപ്പോൾ മറ്റ് കനേഡിയൻ പ്രവിശ്യകളിലേക്കും വ്യാപിപ്പിച്ചതായി സിബിസി ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത് ഉത്കണ്ഠയ്ക്കോ വിഷാദത്തിനോ ഉള്ള ഒരു ഏക പ്രതിവിധിയല്ല. മറിച്ച് സമ്മർദ്ദ സാഹചര്യങ്ങളെ നേരിടാൻ രോഗികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള ഒരു ചികിത്സാ രീതി മാത്രമാണ്. സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കുറയാൻ കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ നടക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു.
പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് വഴി ഒന്നിലധികം നേട്ടങ്ങളുണ്ട്. ഇത് ആളുകൾക്ക് ശുദ്ധവായു ശ്വസിക്കാനുള്ള അവസരം കൂടിയാണ് നൽകുന്നത്. മാത്രമല്ല രണ്ട് വർഷത്തെ മഹാമാരി കാലഘട്ടത്തിന് ശേഷം, പ്രാദേശിക ടൂറിസത്തെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കും.
ശാരീരിക ക്ഷേമം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ അവ രണ്ട് വ്യത്യസ്ത കാര്യങ്ങളാണോ? മാനസികവും ശാരീരികവുമായ ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗോഥെന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉത്കണ്ഠയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് ജേണല്‍ ഓഫ് അഫക്ടീവ് ഡിസോര്‍ഡേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
ഉത്കണ്ഠാരോഗമുള്ളവർക്ക് പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഉത്കണ്ഠ അനുഭവപ്പെടും. നിത്യജീവിതത്തിലെ ഓരോ ചെറിയ കാര്യവും ഉത്കണ്ഠയുടെ കാരണമായിരിക്കും. എപ്പോഴും മുള്‍മുനയില്‍ നില്‍ക്കുന്ന അസ്വസ്ഥമായ ജീവിതം. ഓരോ നിമിഷത്തിലും തനിക്കോ പ്രിയപ്പെട്ടവര്‍ക്കോ എന്തെങ്കിലും ദോഷകരമായി സംഭവിക്കുമെന്ന ഭയം ഈ രോഗികളെ അലട്ടിക്കൊണ്ടിരിക്കും. സ്വന്തം ജീവിതത്തെയും കഴിവുകളെയും മോഹങ്ങളെയും താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആവിഷ്‌കരിക്കാനും സാക്ഷാത്കരിക്കാനും ഉത്കണ്ഠ ഒരു തടസ്സമായിത്തീരുന്ന അവസ്ഥ.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
Keywords:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anxiety, Anxiety Disorder, Canada, Doctors