കൊച്ചി: നാല് ദിവസത്തെ ദേശീയ കാർട്ടൂൺ മഹോത്സവത്തിന് കൊച്ചി വേദിയാകുന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മെയ് 5 മുതൽ 8വരെ വിവിധ പരിപാടികൾ നടക്കുന്നത്. കേരള ലളിതകലാ അക്കാദമി, എറണാകുളം ചാവറ കൾച്ചറൽ സെന്റർ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് കാർട്ടൂൺ ഫെസ്റ്റിവൽ നടക്കുന്നത്.
മേളയുടെ ലോഗോ പ്രകാശനം കൊച്ചിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കൊച്ചി മേയർ അഡ്വ. എം അനിൽകുമാറിന് നൽകിക്കൊണ്ട് നിർവഹിച്ചു. കാരിടൂൺ ഫെസ്റ്റിവൽ ഡയറക്ടർ മനോജ് മത്തശ്ശേരിൽ, കാർട്ടൂൺ അക്കാദമി ചെയർമാൻ കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, എക്സിക്യുട്ടീവ് അംഗം രതീഷ് രവി, ഭരത് മനോജ് എന്നിവർ പങ്കെടുത്തു.
Also Read- കേരളത്തിലേക്ക് ആദ്യം അപ്പം എത്തിച്ചത് ആര്? കുറച്ച് അപ്പ വിശേഷങ്ങള്‍
എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രം, ചാവറ കൾച്ചറൽ സെൻറർ, സുഭാഷ് പാർക്ക് എന്നിവിടങ്ങളിലെ വേദികളിലാണ് മേളയുടെ വൈവിധ്യമുള്ള പരിപാടികൾ. 1001 കാർട്ടൂണുകളുടെ മെഗാ പ്രദർശനത്തിൽ അക്കാദമി അംഗങ്ങളുടെ സൃഷ്ടികൾക്കൊപ്പം മാസ്റ്റേഴ്സ് കാർട്ടൂണുകൾ, ദേശീയ കാർട്ടൂണുകൾ, ഇന്റർനാഷണൽ കാർട്ടൂണുകൾ എന്നിവയുടെ പ്രത്യേക വിഭാഗങ്ങൾ ഉണ്ടാവും.
ചിരിയും ചിന്തയും ചേർന്ന സംവാദങ്ങൾ, കാർട്ടൂൺ അക്കാദമി അംഗങ്ങളുടെ ക്യാമ്പ്, കുട്ടികൾക്കായി കാർട്ടൂൺ കളരി, ലൈവ് കാരിക്കേച്ചർ ഷോ എന്നിവ മേളയുടെ ഭാഗമായി നടക്കും. ദേശീയതലത്തിൽ പ്രശസ്തരായ കാർട്ടൂണിസ്റ്റുകളും മേളയിൽ പങ്കെടുക്കുന്നുണ്ട്. അവാർഡ് നേടിയ അനിമേഷൻ ചിത്രങ്ങളുടെ പ്രദർശനം, പ്രശസ്ത കാർട്ടൂൺ ആചാര്യന്മാരുടെ ജീവിതം വിവരിക്കുന്ന ഡോക്യുമെന്ററികളുടെ പ്രദർശനം എന്നിവയും ഇതോടൊപ്പം നടക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടും കാർട്ടൂൺ പ്രദർശനങ്ങൾ നടക്കുന്നുണ്ട്.
കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാർട്ടൂൺ അക്കാദമി 2016ലാണ് ആദ്യ ദേശീയ കാർട്ടൂൺ ഉത്സവമായ കാരിടൂൺ കൊച്ചിയിൽ സംഘടിപ്പിച്ചത്. 2017 ലും മേള നടന്നു.തുടർന്ന് പ്രളയവും കോവിഡ് കാലവും മൂലം മുടങ്ങിയ കാർട്ടൂൺ മഹോത്സവമാണ് വീണ്ടും നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.