• HOME
 • »
 • NEWS
 • »
 • life
 • »
 • പ്രശ‌സ്‌ത സംഗീതജ്ഞ പാറശാല ബി പൊന്നമ്മാൾ അന്തരിച്ചു

പ്രശ‌സ്‌ത സംഗീതജ്ഞ പാറശാല ബി പൊന്നമ്മാൾ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയും, ആദ്യ വനിതാ പ്രിൻസിപ്പലും, വിഖ്യാതമായ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രി സംഗീതമേളയിൽ പാടാൻ കഴിഞ്ഞ ആദ്യ വനിതയുമാണ്.

പാറശ്ശാല ബി പൊന്നമ്മാൾ

പാറശ്ശാല ബി പൊന്നമ്മാൾ

 • Last Updated :
 • Share this:
  തിരുവനന്തപുരം: കേരളത്തിലെ കർണ്ണാടകസംഗീതജ്ഞരിൽ മുൻപന്തിയിൽ സ്ഥാനമുറപ്പിച്ച പ്രശ‌സ്‌ത സംഗീതജ്ഞ പദ്‌മശ്രീ പ്രൊഫസർ പാറശാല ബി പൊന്നമ്മാൾ അന്തരിച്ചു. 96 വയസായിരുന്നു. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 1.10ന് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം.

  90 കഴിഞ്ഞിട്ടും അവർ തന്റെ സംഗീതസപര്യ നിറഞ്ഞ സദസ്സുകളിൽ തുടർന്നു. തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയും, അവിടത്തെ ആദ്യ വനിതാ പ്രിൻസിപ്പലും, വിഖ്യാതമായ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രി സംഗീതമേളയിൽ പാടാൻ കഴിഞ്ഞ ആദ്യ വനിതയും അവരാണ്. തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിൽ നിന്ന് വിരമിച്ചു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യയാണ്. കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്.

  പാറശ്ശാല ഗ്രാമത്തിൽ ഹെഡ്മാസ്റ്റായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 ലാണ് പൊന്നമ്മാൾ ജനിച്ചത്. ഏഴാം വയസ്സിൽ സംഗീത പഠനം ആരംഭിച്ചു. ശ്രീചിത്തിര തിരുനാൾ രാജാവിന്റെ പിറന്നാളിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗീതമൽസരത്തിൽ ഒന്നാം സമ്മാനം നേടുമ്പോൾ 15 വയസ്സായിരുന്നു പൊന്നമ്മാളിന്റെ പ്രായം. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു അന്ന് വിധികർത്താവ്.

  ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതരുടെ നിർബന്ധത്തിൽ സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമിയിൽ ചേർന്നു. 1942ൽ മൂന്നുകൊല്ലത്തെ ഗായിക കോഴ്സ് കഴിഞ്ഞ് ഇറങ്ങി. ആദ്യ ഗാനഭൂഷണം സ്ത്രീ. സംഗീതാഭ്യസനത്തിനിടയ്ക്ക് പതിനെട്ടാം വയസ്സിൽ കോട്ടൺ ഹിൽ സ്കൂളിൽ അദ്ധ്യാപികയായി. 1952ൽ സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമയിൽ അദ്ധ്യാപികയായി.അവിടത്തെ ആദ്യത്തെ സംഗീത അദ്ധ്യാപിക. 1970 തൃപ്പൂണിത്തറ ആർ.എൽ.വി മ്യൂസിക്ക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സിലെ പ്രിൻസിപ്പൾ ആയി. 1980ൽ അവിടെ നിന്നും വിരമിച്ചു.

  1965ൽ തിരുവിതാംകൂർ കാർത്തിക തിരുനാളിൽ നിന്നും  ഗായകരത്നം അവാർഡ്  ലഭിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്, കേന്ദ സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങിയ അവർ നേടിയ ബഹുമതികളിൽ ഉൾപ്പെടുന്നു.

  സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ് കൃതികളും ഇടംചേരുന്നതാണ് അവരുടെ കച്ചേരികള്‍. മാവേലിക്കര വേലുക്കുട്ടിനായര്‍, മാവേലിക്കര കൃഷ്ണന്‍കുട്ടിനായര്‍, ചാലക്കുടി നാരായണസ്വാമി, ലാല്‍ഗുഡി വിജയലക്ഷ്മി, നെല്ലൈ മണി, ഉടുപ്പി ശ്രീധര്‍ തുടങ്ങി പുതുതലമുറയിലെ രാജേഷ്, നാഞ്ചില്‍ അരുള്‍ വരെയുള്ളവര്‍ കച്ചേരികള്‍ക്ക് പക്കമേളം വായിച്ചിട്ടുണ്ട്.

  പ്രശസ്തരും പ്രഗൽഭരുമായ നിരവധി പേർ അവരുടെ ശിഷ്യപരമ്പരയിലുണ്ട്. നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി കെ രാമചന്ദ്രൻ, ഡോ. ഓമനക്കുട്ടി, കുമാരകേരള വർമ, എം ജി രാധാകൃഷ്ണൻ, പൂവരണി കെ വി പി നമ്പൂതിരി തുടങ്ങിയവർ അവരുടെ ശിഷ്യഗണത്തിൽ ഉൾപ്പെടുന്നു.

  പരേതനായ ആർ. ദൈവനായകം അയ്യരാണ് ഭർത്താവ്. മക്കൾ: സുബ്രഹ്മണ്യം (ആർബിഐ), മഹാദേവന്‍ (ബിഎസ്എൻഎൽ) എന്നിവര്‍ മക്കളാണ്.
  Published by:Chandrakanth viswanath
  First published: