• HOME
  • »
  • NEWS
  • »
  • life
  • »
  • Honeymoon Destination | ബോളിവുഡ് സ്റ്റൈലിൽ ഹണിമൂൺ ആഘോഷിക്കാം; സെലിബ്രിറ്റികളുടെ പ്രിയ സ്ഥലങ്ങൾ

Honeymoon Destination | ബോളിവുഡ് സ്റ്റൈലിൽ ഹണിമൂൺ ആഘോഷിക്കാം; സെലിബ്രിറ്റികളുടെ പ്രിയ സ്ഥലങ്ങൾ

ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്ന് ഏറ്റവും മനോഹരമായി ആഘോഷിക്കാൻ തന്നെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്.

  • Share this:
    വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഓരോ ദമ്പതിമാരും തങ്ങളുടെ വിവാഹ ആഘോഷങ്ങൾ പ്ലാൻ ചെയ്യുന്നത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്ന് ഏറ്റവും മനോഹരമായി ആഘോഷിക്കാൻ തന്നെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. വിവാഹത്തിനായുള്ള തയ്യാറെടുപ്പുകളും ആഘോഷങ്ങളുമൊക്കെ കഴിയുമ്പോൾ ദമ്പതികൾക്ക് തങ്ങൾക്ക് സ്വന്തമായുള്ള സ്വകാര്യ നിമിഷങ്ങളും ആവശ്യമാണ്.

    ശാന്തമായി അൽപം വിശ്രമിക്കുന്നതിനും അവരുടേതായ നിമിഷങ്ങൾ ആസ്വദിക്കാനും വേണ്ടിയാണ് പലരും ഹണിമൂൺ (Honeymoon) യാത്ര പോകുന്നത്. എന്നാൽ, ഹണിമൂൺ പ്ലാൻ ചെയ്യുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. സ്ഥലം കണ്ടുപിടിക്കുന്നതും ടിക്കറ്റും ഹോട്ടലുകളും ബുക്ക് ചെയ്യുന്നതുമൊക്കെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. അക്കാര്യങ്ങൾ അൽപം എളുപ്പമാക്കാൻ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഹണിമൂൺ സ്ഥലങ്ങളെക്കുറിച്ച് അറിയാം.

    മാലിദ്വീപ്

    ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള സ്ഥലമാണ് മാലിദ്വീപ്. ബീച്ച് റിസോർട്ടുകൾക്കും ഒറ്റപ്പെട്ട ചെറുദ്വീപുകൾക്കുമെല്ലാം പ്രസിദ്ധമാണ് ഇവിടം. ഈയടുത്ത് വിവാഹിതരായ ബോളിവുഡിലെ താരജോഡികളായ വിക്കി കൗശലും കത്രീന കൈഫും തങ്ങളുടെ മധുവിധു ആഘോഷിച്ചത് മാലിദ്വീപിലാണ്. തങ്ങളുടെ മനോഹരനിമിഷങ്ങളും ബീച്ചിൽ നിന്നുള്ള ചിത്രങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ രാജസ്ഥാനിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

    ഗുൽമാർഗ്

    സഞ്ചാരികളുടെ പറുദീസയാണ് കശ്മീർ. ലോകത്തിലെ സ്വർഗം എന്ന് പലരും കശ്മീരിനെ വിശേഷിപ്പിക്കാറുണ്ട്. വാക്കുകളിൽ വിവരിക്കാൻ സാധിക്കുന്നതല്ല കശ്മീരിൻെറ ഭംഗി. ഈ വ‍ർഷം ജനുവരിയിൽ വിവാഹിതരായ മൗനി റോയും സൗരജ് നമ്പ്യാരും മധുവിധു ആഘോഷിക്കാൻ തെരഞ്ഞെടുത്തത് ഗുൽമാ‍ർഗാണ്. ഗുൽമാർഗിലെ മഞ്ഞിൻെറ മനോഹാരിത വ്യക്തമാക്കുന്ന അവരുടെ ചിത്രങ്ങൾ കണ്ടാൽ സ്വപ്നമാണോ എന്നു പോലും ചിന്തിച്ച് പോവും.

    ഫിൻലൻറ്

    ആരാധകർ ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെയും ബോളിവുഡ് നടി അനുഷ്ക ശർമയുടെയും വിവാഹം ആഘോഷിച്ചത്. 2017ലായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് തൊട്ട് ഇന്ന് വരെ വിരുഷ്കയുടെ ഓരോ ചലനങ്ങളും ആരാധകർക്ക് ആഘോഷമാണ്. ഇറ്റലിയിൽ വെച്ചായിരുന്നു ഇരുവരുടെയും ആഡംബര വിവാഹം നടന്നത്. ഇന്ത്യൻ സെലബ്രിറ്റി ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ഈ ദമ്പതികൾ ഹണിമൂൺ ആഘോഷിച്ചത് ഫിൻലൻറിലായിരുന്നു.

    ദുബായ്

    മണലാരണ്യമായ ദുബായിൽ ആഘോഷിക്കാനായി നിരവധി സ്ഥലങ്ങളുണ്ട്. റൊമാൻറിക്കായ ഹണിമൂൺ ആഘോഷത്തിന് ദുബായ് തെരഞ്ഞെടുക്കുന്ന നിരവധി ദമ്പതിമാരുണ്ട്. ഗായകരായ നേഹ കക്കറും രോഹൻപ്രീത് സിങും തങ്ങളുടെ മധുവിധു ആഘോഷിച്ചതും ദുബായിൽ വെച്ചായിരുന്നു. നിരവധി ചിത്രങ്ങളും അവർ പങ്കുവെച്ചിരുന്നു.

    ഒമാൻ

    നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഏറ്റവും മനോഹരമായ നിമിഷങ്ങൾ പങ്കുവെക്കാൻ പറ്റിയ ഇടമാണ് അറബ് രാജ്യമായ ഒമാൻ. ഗ്ലോബൽ സെലിബ്രിറ്റികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോൺസും തങ്ങളുടെ മധുവിധു ആഘോഷിക്കാൻ തെരഞ്ഞെടുത്തത് ഒമാനായിരുന്നു. ഒരു പ്രൈവറ്റ് റിസോർട്ടാണ് ഇരുവരും ഇതിനായി ബുക്ക് ചെയ്തിരുന്നത്. അവിടെ നിന്നെടുത്ത മനോഹരങ്ങളായ ചിത്രങ്ങൾ വൈറലായിരുന്നു.
    First published: