ചില സ്പീഷ്യസില്‍ പെടുന്ന ജീവികളുടെ വീണ്ടെടുക്കലും സംരക്ഷണവും ആഗോളതാപനത്തെ തടയാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്. ഒമ്പത് സ്പീഷ്യസുകളെപ്പറ്റി പഠിച്ച ഒരു സംഘം ഗവേഷകരാണ് ഈ വെളിപ്പെടുത്തലിന് പിന്നില്‍. ഈ സ്പീഷ്യസുകള്‍ക്ക് കാര്‍ബണ്‍ ആഗിരണം ചെയ്യാനും അവ ശേഖരിച്ച് വയ്ക്കാനും കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
നേച്ചര്‍ ക്ലൈമറ്റ് ചേയ്ഞ്ച് എന്ന ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എട്ടോളം രാജ്യങ്ങളില്‍ നിന്നുള്ള 15ലധികം ശാസ്ത്രജ്ഞരാണ് ഈ പഠനത്തില്‍ പങ്കുചേര്‍ന്നത്. ഒമ്പത് വന്യജീവി ഇനങ്ങളെയാണ് ഇവര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. കടല്‍ മത്സ്യം, തിമിംഗലം, സ്രാവ്, ചെന്നായ്, കാട്ടുപോത്ത്, കടല്‍ ഒട്ടറുകള്‍, മസ്ക് ഓക്സെൻ, ആഫ്രിക്കന്‍ ആനകള്‍, അമേരിക്കന്‍ കാട്ടുപോത്ത് എന്നിവയെയാണ് പഠനവിധേയമാക്കിയത്.
ഈ ജീവികളുടെ സംരക്ഷണത്തിലൂടെ പ്രതിവര്‍ഷം 6.41 ബില്യണ്‍ ടണ്‍ CO2 ആഗിരണം ചെയ്യാന്‍ സഹായിക്കുമെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. ഇതിലൂടെ പാരീസ് ഉടമ്പടിയില്‍ പറയുന്ന രീതിയില്‍ ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെയായി നിലനിര്‍ത്താനും സാധിക്കുന്നതാണ്.
Also Read-ഒൻപത് വർഷത്തിനിടെ മൂന്ന് മക്കളുടെയും ജനനം ഒരേ തീയതിയിൽ; അവിശ്വസനീയമെന്ന് മലയാളി ദമ്പതികൾ
വന്യജീവികളും അവയുടെ പരിസ്ഥിതിയുമായുള്ള ഇടപെടലും ജൈവവൈവിധ്യത്തെയും കാലാവസ്ഥയെയും ഏറെ സ്വാധീനിക്കുന്നുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്. മനുഷ്യരാശിയ്ക്ക് ലഭ്യമായ ഏറ്റവും മികച്ച കാലാവസ്ഥ പരിഹാരങ്ങളിലൊന്നാണ് ഈ ഇടപെടല്‍ എന്നാണ് ഈ പഠനത്തിന്റെ പ്രധാന വക്താവായ ഓസ്വാള്‍ഡ് സ്മിറ്റ്‌സ് പറയുന്നത്.
പ്രകൃതിയിലെ കാര്‍ബണ്‍ സൈക്കിള്‍ നിലനിര്‍ത്താന്‍ മൃഗങ്ങള്‍ വളരെയധികം സഹായിക്കുന്നു. സമാനമായ ഒരു പഠനം മുമ്പ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. പിഎന്‍എഎസില്‍ ആണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വലിയ അളവില്‍ കാര്‍ബണ്‍ വലിച്ചെടുക്കുന്ന സസ്യങ്ങളുടെ വ്യാപനത്തിന് ആഫ്രിക്കന്‍ വനത്തിലെ ആനകള്‍ സഹായിക്കുന്നുവെന്നായിരുന്നു ഈ പഠനത്തില്‍ പറഞ്ഞിരുന്നത്. ഭൗമ-കടല്‍-ശുദ്ധജല ആവാസ വ്യവസ്ഥകളെയും നിലനിര്‍ത്താന്‍ ഈ ജന്തുജാലങ്ങള്‍ സഹായിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതിനാല്‍ ഒരു പ്രദേശത്തെ ജന്തുജാലങ്ങളുടെ സാന്നിദ്ധ്യം കാര്‍ബണ്‍ ആഗിരണം ചെയ്യുന്നതിനും അവ സംഭരിക്കുന്നതിനും സഹായിക്കുന്നു.
ഇത്തരത്തില്‍ ജീവികളുടെ വംശനാശം ആവാസ വ്യവസ്ഥകളെ കാര്‍ബണ്‍ സിങ്ക് ആയി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വ്യതിചലിപ്പിച്ച് കാര്‍ബണ്‍ മലിനീകരണത്തിന്റെ ഉറവിടമാക്കി മാറ്റുന്നതാണ്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ലോകത്തില്‍ വന്യജീവികളുടെ എണ്ണം 70 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. കാലവസ്ഥ പ്രതിസന്ധിയും ജൈവവൈവിധ്യ പ്രതിസന്ധിയും പരസ്പര പൂരിതമാണെന്ന് ഗവേഷകര്‍ ഈ പഠനത്തിലൂടെ തെളിയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയാന്‍ ഇത്തരം മൃഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ കാര്‍ബണ്‍ ആഗിരണവും സംഭരണവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും. ആഫ്രിക്കന്‍ എരുമ, വെള്ള കാണ്ടാമൃഗം, ഡിങ്കോ, പ്യൂമ, ചില ആമകള്‍ എന്നിവയാണ് ആഗോള താപനം തടയാന്‍ കഴിയുന്ന മറ്റ് പ്രധാന സ്പീഷ്യസുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Animals, Global warming, Study