• HOME
  • »
  • NEWS
  • »
  • life
  • »
  • CHENNAI MAN UNDERWENT THREE KIDNEY TRANSPLANTS AND LEFT HOSPITAL WITH FIVE KIDNEYS MM

ആശുപത്രി വിട്ടപ്പോൾ രോഗിക്ക് അഞ്ച് വൃക്കകൾ; വിജയിച്ചത് മൂന്നാമത്തെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ

ഹൈപ്പർ ടെൻഷൻ മൂലമായിരുന്നു ആദ്യത്തെ രണ്ടു തവണയും വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ചെന്നൈയിൽ 41 വയസുകാരൻ മൂന്ന് തവണ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഒടുവിൽ ആശുപത്രി വിട്ടത് അഞ്ച് വൃക്കകളുമായി! വളരെ ഗുരുതരമായ ഹൈപ്പർടെൻഷൻ നേരിടുന്ന വ്യക്തിയാണ് മദ്രാസ് മെഡിക്കൽ മിഷനിൽ മൂന്നാമതും വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്ക് ശേഷം നടത്തിയ വിശദമായ പരിശോധനയിൽ രോഗി മികച്ച രീതിയിൽ പ്രതികരിക്കുന്നതായി മദ്രാസ് മെഡിക്കൽ മിഷനിലെ ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം അറിയിച്ചു.

    ശരീരത്തിനകത്ത് ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ ആവശ്യമുള്ളത്ര സ്ഥലം ഇല്ലാതിരുന്നതിനാൽ വൃക്ക മാറ്റിവെയ്ക്കൽ അതീവ ദുഷ്കരമായ പ്രക്രിയയായിരുന്നു. രണ്ടു തവണ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തി പരാജയപ്പെട്ട രോഗിയിലാണ് ഡോ. എസ് ശരവണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മൂന്നാമത്തെ തവണ ഈ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.

    ഹൈപ്പർടെൻഷൻ മൂലമായിരുന്നു ആദ്യത്തെ രണ്ടു തവണയും വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടത്. കൊറോണറി ആർട്ടറിയിൽ രോഗം ബാധിച്ചതിനെ തുടർന്ന് മൂന്ന് തവണ ബൈപാസ് ശസ്ത്രക്രിയയ്ക്കും രോഗി വിധേയനായിട്ടുണ്ട് എന്നതിനാൽ ഡോക്ടർമാരുടെ സംഘത്തിന് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടായിരുന്നു.



    "നിയന്ത്രണാതീതമായ ഹൈപ്പർടെൻഷൻ മൂലമാണ് രോഗിയുടെ ആദ്യത്തെ രണ്ട് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളും പരാജയപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടായ തടസം നീക്കാൻ മൂന്ന് തവണ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി മാറി", വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ശരവണൻ പറയുന്നു.

    വിശദമായ ചർച്ചകൾക്ക് ശേഷം വൃക്ക മാറ്റിവെയ്ക്കൽ മാത്രമാണ് സാധ്യമായ ഏറ്റവും മികച്ച ഓപ്‌ഷനായി ഡോക്റ്റർമാരുടെ മുമ്പിൽ ഉണ്ടായിരുന്നത്. ജന്മനാ ഉള്ള രണ്ട് വൃക്കകൾക്ക് പുറമെ കഴിഞ്ഞ രണ്ട് ശസ്ത്രക്രിയയുടെ ഭാഗമായി മാറ്റിവെച്ച രണ്ടു വൃക്കകളും രോഗിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. അതിനാൽ അഞ്ചാമത്തെ വൃക്കയ്ക്കായി ഡോക്റ്റർമാർക്ക് കൂടുതൽ സ്ഥലം കണ്ടെത്തേണ്ടി വന്നു.

    പ്രവർത്തനരഹിതമായ വൃക്കകൾ ശസ്ത്രക്രിയയുടെ ഭാഗമായി നീക്കം ചെയ്യാറില്ലെന്നും മാറ്റിവെയ്ക്കുന്ന വൃക്കയ്ക്കായി അധിക സ്ഥലം കണ്ടെത്തുകയാണ് ചെയ്യാറുള്ളതെന്നും ഡോ. ശരവണൻ വ്യക്തമാക്കുന്നു. വൃക്ക നീക്കം ചെയ്താൽ ഉണ്ടായേക്കാവുന്ന രക്തസ്രാവം സൃഷ്ടിക്കുന്ന അപകട സാധ്യത കണക്കിലെടുത്താണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡോക്ടർ വിശദീകരിക്കുന്നു.

    1994-ൽ പതിനാലാം വയസിലാണ് രോഗിയുടെ വൃക്ക ആദ്യമായി പ്രവർത്തനരഹിതമാകുന്നത്. അതിനെ തുടർന്നാണ് ആദ്യമായി വൃക്ക മാറ്റിവെച്ചത്. ഒൻപതു വർഷത്തിന് ശേഷം 2005-ൽ വീണ്ടും വൃക്ക മാറ്റിവെയ്ക്കേണ്ടി വന്നു. പുതിയ വൃക്ക 12 വർഷക്കാലം പ്രവർത്തിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന് തുടർച്ചയായി ഡയാലിസിസ് ചെയ്യേണ്ടി വന്നു.

    വൃക്കയുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥ വളരെ ഗുരുതരമാണ്. ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുന്ന പ്രവർത്തനമാണ് ഇതിലൂടെ തടസപ്പെടുക.

    Summary: Chennai man underwent three kidney transplants and left hospitals with five kidneys
    Published by:user_57
    First published:
    )}