കാലാവസ്ഥാ വ്യതിയാനം (Climate Change)മൂലം ഭൂമിയിലെ ഉരഗങ്ങളിൽ (Reptile Species)പലതും വംശനാശ (Extinction)ഭീഷണി നേരിടുന്നതായി പഠനം. ഉരഗങ്ങളിൽ അഞ്ചിൽ ഒന്നെങ്കിലും ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. പകുതിയിലേറെ ആമകളും മുതലകളും ഭീഷണി നേരിടുന്നതായി ഗവേഷകർ കണ്ടെത്തി. ശീതരക്ത ജീവികൾ എന്ന് വിളിക്കപ്പെടുന്ന ഉരഗങ്ങളെ അടിസ്ഥാനമാക്കി ആഗോളതലത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പഠനം നടത്തുന്നത്.
40 ശതമാനത്തിലധികം ഉഭയജീവികൾക്കും 25 ശതമാനത്തോളം സസ്തനികൾക്കും 13 ശതമാനത്തിലേറെ പക്ഷികൾക്കും വംശനാശം സംഭവിക്കാം എന്നാണ് പഠനം. തെക്കുകിഴക്കൻ ഏഷ്യ, പടിഞ്ഞാറൻ ആഫ്രിക്ക, വടക്കൻ മഡഗാസ്കർ, വടക്കൻ ആൻഡീസ്, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലാണ് വംശനാശഭീഷണി നേരിടുന്ന ഉരഗങ്ങൾ കൂടുതലായി കാണപ്പെടുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ നേച്ചർസെർവിലെ ചീഫ് സുവോളജിസ്റ്റ് ബ്രൂസ് യംഗ് പറഞ്ഞു.
ഉരഗങ്ങളെക്കുറിച്ച് ആഗോളതലത്തിൽ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായി ഗവേഷകർ 10,196 ഉരഗ ഇനങ്ങളെയാണ് നിരീക്ഷിച്ചത്. ഇതിൽ കുറഞ്ഞത് 1,829 എണ്ണം, അതായത് 21 ശതമാനത്തിലേറെ ഉരഗങ്ങൾ ഒന്നുകിൽ ദുർബല വിഭാഗത്തിൽ ഉൾപ്പെടുന്നവയോ അല്ലെങ്കിൽ വംശനാശഭീഷണി നേരിടുന്നവയോ അതുമല്ലെങ്കിൽ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയോ ആണെന്ന് കണ്ടെത്തി.
Also Read-കത്തുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ ചെയ്യേണ്ടതെന്ത്? അഞ്ച് വഴികൾ
മുതലകളും ആമകളും ഏറ്റവും അപകടസാധ്യതയുള്ള ഇനങ്ങളിൽ ഉൾപ്പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 58 ശതമാനം മുതലകളും 50 ശതമാനം ആമകളും ഭീഷണിയിലാണെന്നാണ് കണ്ടെത്തൽ. മുതലകളെ അവയുടെ മാംസത്തിന് വേണ്ടിയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനുമായാണ് കൊല്ലുന്നത്. അതേസമയം ആമകളെ വളർത്തു മൃഗങ്ങളായി വിൽക്കുകയും മരുന്നിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പായ രാജവെമ്പാലയാണ് വംശനാശ ഭീഷണി നേരിടുന്ന മറ്റൊരു ഇനം. രാജവെമ്പാലയെ ദുർബല (vulnerable) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read-വേനലിൽ കണ്ണുകളും വാടാതെ സൂക്ഷിക്കാം; ചൂടുകാലത്തെ നേത്രസംരക്ഷണം
കൃഷി, മരം മുറിക്കൽ, അധിനിവേശം, നഗരവികസനം എന്നിവയെല്ലാം ഇഴജന്തുക്കൾക്ക് ഭീഷണിയാകുന്നുണ്ട്. ഇതിന് പുറമെ ആളുകൾ ഇവയെ വളർത്തുമൃഗങ്ങളായി വിൽക്കുന്നതും ഭക്ഷണത്തിനോ ഭയം കൊണ്ടോ കൊല്ലുന്നതും ഇവയുടെ വംശനാശത്തിന് കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം ഏകദേശം 10 ശതമാനത്തോളം ഉരഗ ഇനങ്ങൾക്ക് നേരിട്ടുള്ള ഭീഷണി ഉയർത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സസ്തനികൾ, പക്ഷികൾ, ഉഭയജീവികൾ എന്നിവയെ ലക്ഷ്യമിട്ടുള്ള സംരക്ഷണം ഉരഗങ്ങൾക്കും ഒരു പരിധിവരെ ഗുണം ചെയ്തുവെന്ന് കണ്ടെത്തിയതിലുള്ള ആശ്ചര്യവും ഗവേഷകർ പ്രകടിപ്പിച്ചു. എങ്കിലും ചില ജീവിവർഗങ്ങൾക്ക് അടിയന്തരമായി പ്രത്യേക സംരക്ഷണം ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഉരഗങ്ങളെ കുറിച്ചുള്ള ഗവേഷണത്തിൽ ലോകമെമ്പാടുമുള്ള നൂറുകണക്കിന് ശാസ്ത്രജ്ഞർ ഉൾപ്പെട്ടിരുന്നു. എന്നാൽ ഫണ്ടിന്റെ അഭാവം മൂലം ഇത് പൂർത്തിയാക്കാൻ ഏകദേശം 15 വർഷമെടുത്തു എന്നും ഗവേഷകർ പറഞ്ഞു. ജൈവവൈവിധ്യത്തിലുണ്ടാകുന്ന കുറവും വംശനാശവും തടയാൻ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കുന്ന നടപടികളെ പ്രോത്സാഹിപ്പിക്കാൻ പുതിയ പഠനത്തിന് കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.