ലോകമെമ്പാടുമുള്ള ആളുകളെ കോഡിങ്ങ് (Coding)മുതൽ നൃത്തം (Dance) വരെയുള്ള കാര്യങ്ങൾ യൂട്യൂബിലൂടെ (YouTube) പഠിപ്പിക്കുന്ന നിരവധി ഇന്ത്യക്കാരുണ്ട്. ഇവരിൽ പലരുടെയും വീഡിയോകൾ പലപ്പോഴും വൈറലാകാറുമുണ്ട്. ഉദാഹരണത്തിന്, കിഷോർ (Kishore) എന്ന യൂട്യൂബർ 2017-ൽ അപ്‌ലോഡ് ചെയ്‌ത സിപ്ലസ്പ്ലസിനെ (C++) കുറിച്ചുള്ള ഒരു വീഡിയോ യൂട്യൂബിൽ 10 ലക്ഷത്തിലധികം വ്യൂ നേടിയിരുന്നു. എന്നാൽ ഇദ്ദേഹം മാത്രമല്ല യൂട്യൂബിലെ വൈറൽ ഇന്ത്യൻ ടീച്ചർമാർ.
എംഎസ് എക്സലിനെ (MS Excel) കുറിച്ച് ക്ലാസ് എടുക്കുന്ന പവൻ ലാൽവാനിയുടെ വീഡിയോകൾക്കും ലോകമെമ്പാടും കാഴ്ചക്കാരുണ്ട്. ഇന്റലിപാറ്റ് എന്ന യൂട്യൂബ് ചാനലിലെ പൈത്തൺ ക്ലാസുകളും ആഗോള ശ്രദ്ധ ആകർഷിക്കുന്നവയാണ്. എസ് കെ വണ്ടർ കിഡ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ഫിസിക്സ് ക്ലാസുകൾ എടുക്കുന്ന ബാലനാണ് മറ്റൊരാൾ. ഈ ചാനലിലെ ഒരു വീഡിയോയ്ക്ക് കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലധികം വ്യൂ ലഭിച്ചിരുന്നു. ഇന്ത്യൻ നൃത്തം പഠിപ്പിക്കുന്ന അതിഥി, ഫ്രഞ്ച് പഠിപ്പിക്കുന്ന സുചിത ഗുപ്ത എന്നിവരാണ് മറ്റ് വൈറൽ താരങ്ങൾ.
ഇന്ത്യക്കു പുറത്തു നിന്നുള്ള പലരും ട്വിറ്ററിലൂടെയും മറ്റും ഇന്ത്യൻ ട്യൂട്ടർമാരുടെ ഇത്തരം വീഡിയോകളെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ''യുട്യൂബിലെ ഇന്ത്യൻ ടീച്ചർമാർ അമേരിക്കൻ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ഒരു മുതൽക്കൂട്ട് ആണ്'' എന്നാണ് കൈൽ കഷുവ് എന്നയാളുടെ ട്വീറ്റ്. ''ഞാൻ നൈജീരിയയിലെ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്, യൂട്യൂബിലെ ഇന്ത്യൻ ടീച്ചർമാരിൽ നിന്നും ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു എന്ന് എനിക്ക് ധൈര്യമായി പറയാൻ കഴിയും'', എന്നാണ് മൈൻഡ് ഡോക്ടർ എന്ന ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.
കോവിഡ് മഹാമാരിയുടെ വരവോടെ രാജ്യത്തെ വിദ്യാഭ്യാസ രംഗം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. രാജ്യത്തുടനീളമുള്ള സ്കൂളുകളും കോളേജുകളും അടച്ചതോടെ ഓൺലൈൻ ക്ലാസുകളായിരുന്നു വിദ്യാർഥികളുടെ ആശ്രയം. ഓൺലൈൻ ക്ലാസുകൾ എടുക്കാൻ അധ്യാപകരും പ്രത്യേകം പ്രാവീണ്യം നേടി. പൊതു വിദ്യാദ്യാസത്തിൻറെ പുതിയ മാതൃകകൾ നടപ്പിലാക്കിയ സമയം കൂടിയായിരുന്നു കോവിഡ് കാലം. ഇ-ലേണിംഗ് വിവിധ പ്രായക്കാരായ വിദ്യാർത്ഥികൾക്കും, മൊത്തത്തിൽ വിദ്യാഭ്യാസത്തിന്‍റെ ഭാവിക്കും അനുഗ്രഹമാകാം എന്നും മഹാമാരിക്കാലം തെളിയിച്ചിരുന്നു.
അതേസമയം, യൂട്യൂബിലൂടെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരായ നിരവധി പേർ കേരളത്തിലുമുണ്ട്. അതിൽ പലരും കുട്ടികളാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. വ്ളോഗറായ ശങ്കരൻ, ബാലതാരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരുമായ വൃദ്ധി, കുട്ടിത്തെന്നൽ... അങ്ങനെ നീളുന്നു ആ ലിസ്റ്റ്. നിക്കര്‍ അലക്കി യൂട്യൂബ് ട്രെന്‍ഡിംഗില്‍ വരെ എത്തിയ ആളാണ് തിരുവനന്തപുരം പൂജപ്പുര സ്വദേശി ശങ്കരൻ. നിധിൻ എന്നാണ് ശങ്കരന്റെ യഥാർഥ പേര്. വെല്‍ഡിംഗ് പണിക്കാരനായ അച്ഛന്‍ കണ്ണനും അമ്മ ബിന്ദുവും പിന്തുണയുമായി ഒപ്പമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.