• HOME
  • »
  • NEWS
  • »
  • life
  • »
  • Tourism Club | കേരളത്തിലെ കാമ്പസുകളിൽ ഇനി ടൂറിസം ക്ലബ്ബുകൾ; ആദ്യ ഘട്ടത്തിൽ 25 കോളേജുകൾ

Tourism Club | കേരളത്തിലെ കാമ്പസുകളിൽ ഇനി ടൂറിസം ക്ലബ്ബുകൾ; ആദ്യ ഘട്ടത്തിൽ 25 കോളേജുകൾ

ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ടൂറിസം വകുപ്പ് നൽകും

കനകക്കുന്ന് കൊട്ടാരം, തിരുവനന്തപുരം

കനകക്കുന്ന് കൊട്ടാരം, തിരുവനന്തപുരം

  • Share this:
    സുസ്ഥിര ടൂറിസം (sustainable tourism) വികസനത്തിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സംരംഭം എന്ന നിലയിൽ, ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ കൂട്ടായ ശ്രമമായി, സംസ്ഥാനത്തെ പ്രധാന കോളേജ് കാമ്പസുകളിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കുന്നതിനുള്ള നൂതന പദ്ധതി ആരംഭിച്ചു.

    ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 25 കോളേജുകളിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ. ബിന്ദുവും സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ടൂറിസം വകുപ്പ് നൽകും.

    25 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനത്തിന്റെ ചുമതല ടൂറിസം ക്ലബ്ബുകൾക്കായിരിക്കുമെന്നും ഓരോ വസ്തുവിന്റെയും ശുചിത്വം അവർ പ്രത്യേകം ഉറപ്പാക്കുമെന്നും റിയാസ് പറഞ്ഞു. കാമ്പസ് ക്ലബ്ബുകൾ പുതിയ ടൂറിസം ട്രെൻഡുകൾക്ക് വഴിയൊരുക്കുമെന്നും വിദ്യാർത്ഥികൾക്കിടയിൽ യാത്രാ താൽപ്പര്യം സൃഷ്ടിക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

    വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഭാവിയിലെ ടൂറിസം പ്രൊഫഷണലുകളെ കണ്ടെത്തുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. അവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണത്തിന് സഹായിക്കാൻ കഴിയും. വിദ്യാർത്ഥികൾക്കിടയിൽ നല്ല ബ്ലോഗർമാരുണ്ട്, അവരുടെ കഴിവുകൾ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ വിനോദസഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കും," റിയാസ് പറഞ്ഞു. .

    യുവാക്കൾക്ക് പാർട്ട് ടൈം ടൂറിസം ഗൈഡുകളായി പ്രവർത്തിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി വിദേശ സർവകലാശാലകളുമായി ചേർന്ന് സാംസ്കാരിക ഇടപെടലുകളും ശിൽപശാലകളും സംഘടിപ്പിക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു.

    വിദ്യാർത്ഥികൾക്കിടയിൽ യാത്രയിലും വിനോദസഞ്ചാരത്തിലും താൽപര്യം വളർത്തുന്നതിനൊപ്പം പുതിയ ടൂറിസം ഉൽപ്പന്നങ്ങൾ തിരിച്ചറിയാനും ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് സംഭാവന നൽകാനും ഈ സംരംഭം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുമെന്ന് ഡോ. ബിന്ദു പറഞ്ഞു.

    വാർത്താസമ്മേളനത്തിൽ കേരള ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണ തേജ, കൊളീജിയറ്റ് എജ്യുക്കേഷൻ ഡയറക്ടർ വി. വിഘ്നേശ്വരി തുടങ്ങിയവർ പങ്കെടുത്തു. വിനോദസഞ്ചാരം കേരളത്തിന്റെ സുപ്രധാന മേഖലയാണെന്ന അവബോധം യുവാക്കളിൽ വർധിപ്പിക്കുന്നതിനു പുറമേ, വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്തികളും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ടൂറിസം ക്ലബ്ബുകൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തും.

    അതിവേഗം വളരുന്ന ടൂറിസം മേഖലയ്ക്ക് ആവശ്യമായ ഭാവി പ്രൊഫഷണലുകളെ പരിപോഷിപ്പിക്കുന്നതിനും, വിദ്യാർത്ഥികൾക്കിടയിൽ അന്താരാഷ്ട്ര വീക്ഷണം വികസിപ്പിക്കുന്നതിനും, പ്രകൃതി സംരക്ഷണത്തിലും, പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമായ പങ്ക് വഹിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ടൂറിസം സ്പോട്ടുകൾ കണ്ടെത്തുന്നതിൽ അവരെ പങ്കാളികളാക്കുന്നതിനും ക്ലബ്ബുകൾ ശ്രമിക്കും.

    കൂടാതെ, വിനോദസഞ്ചാരികളുടെ അഭിരുചികളും ആവശ്യങ്ങളും മനസ്സിലാക്കാൻ ക്യാമ്പസ് ക്ലബ്ബുകൾ വിദ്യാർത്ഥികളെ സഹായിക്കും. കേരള ട്രാവൽ മാർട്ട് (കെ.ടി.എം.), കൊച്ചി മുസിരിസ് ബിനാലെ തുടങ്ങിയ ടൂറിസം അനുബന്ധ പരിപാടികളിൽ പങ്കെടുക്കാൻ ടൂറിസം ക്ലബ്ബിലെ അംഗങ്ങൾക്ക് അവസരം ലഭിക്കും.

    ക്ലബ്ബുകളിലെ അംഗങ്ങൾക്ക് അവരുടെ യൂണിഫോം ഉണ്ടായിരിക്കും, അത് എല്ലാ കാമ്പസുകളിലും ഒരേപോലെയായിരിക്കും. കൂടാതെ ഐഡി കാർഡുകളും ഉണ്ടാവും. ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് ഇവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നത്.

    ടൂറിസം ക്ലബ്ബുകൾ സ്ഥാപിക്കുന്നതിനായി 25 കാമ്പസുകളെ തിരഞ്ഞെടുക്കുന്നതിനൊപ്പം, സംരംഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ക്ലബിലും പരമാവധി 50 അംഗങ്ങളുണ്ടാകും.
    Published by:user_57
    First published: