പരസ്പരം നന്നായി ആശയവിനിമയം നടത്തിയാൽ മാത്രമേ ഏതൊരു ബന്ധവും നന്നായി മുന്നോട്ട് പോവുകയുള്ളൂ. നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കണമെന്ന് തോന്നുന്നുവെങ്കിൽ എല്ലാം തുറന്ന് പറയാൻ ശ്രമിക്കുക. നിങ്ങൾ പ്രതീക്ഷിച്ച തരത്തിൽ പ്രോത്സാഹനം ലഭിച്ചില്ലെങ്കിൽ, നിങ്ങൾക്ക് സ്നേഹം കിട്ടിയില്ലെന്ന് തോന്നുന്നുവെങ്കിൽ, അങ്ങനെ നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഇടപെടുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ എപ്പോഴും മറച്ച് വെക്കാതെ സംസാരിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ ഇക്കാര്യം നിങ്ങളുടെ മനസ്സിൽ തന്നെ കിടക്കും. നിങ്ങൾക്ക് പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കുന്നതൊന്നും ലഭിക്കുന്നില്ലെന്ന് അനാവശ്യമായി തോന്നുകയും അത് കൂടിക്കൂടി വരികയും ചെയ്യും.
ബന്ധങ്ങളിൽ വിള്ളൽ വീഴാതിരിക്കാൻ ആശയവിനിമയം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും, പ്രതീക്ഷിച്ചത് ലഭിക്കുന്നില്ലെങ്കിൽ പരസ്പരം സംസാരിക്കുന്നതാണ് നല്ലതെന്നും സൈക്കോളജിസ്റ്റായ ഡോ.നിക്കോൾ ലെപെറ തന്റ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് കൃത്യമായി ആശയവിനിമയം നടത്തിയില്ലെങ്കിൽ അവിടെയാണ് പ്രശ്നം. അല്ലാതെ മറ്റുള്ളവർ നിങ്ങളുടെ മനസ്സ് വായിക്കണമെന്ന് വാശി പിടിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.
മോണിക്ക് എന്ന സ്ത്രീയുടെ ഹൃദയഭേദകമായ കഥ വിവരിച്ച് കൊണ്ടാണ് ഡോ.നിക്കോൾ ആശയവിനിമയത്തിന്റ പ്രാധാന്യം വിശദീകരിക്കുന്നത്. ബുദ്ധിമുട്ടുള്ള സംഭാഷണങ്ങൾ ഒഴിവാക്കാനാണ് അവളുടെ രക്ഷിതാക്കൾ ചെറുപ്പത്തിലേ ശീലിപ്പിച്ചിരുന്നത്. പ്രതീക്ഷിച്ചത് എന്തെങ്കിലും കിട്ടിയില്ലെങ്കിൽ അതേക്കുറിച്ച് പറയുന്നത് ശരിയല്ലെന്നായിരുന്നു അവർ പറഞ്ഞത്. അതുകൊണ്ട് തന്നെ മോണിക്ക് സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ ആരോടും പങ്കുവെക്കാത്ത ആളായി മാറി. വിവാഹിതയായിട്ടും മോണിക്കിന്റെ ഈ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല. ഭർത്താവ് ജേസണിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതിരുന്നാലും അത് തുറന്ന് പറയാൻ അവൾക്ക് മടിയാണ്. ഇത് മോണിക്കിന്റെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ഡോ.നിക്കോൾ പറഞ്ഞു.
Also Read-
കുട്ടികളിലെ ഭയം; കാരണങ്ങൾ എന്തെല്ലാം? മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ
നിങ്ങളുടെ പ്രവൃത്തിയിലൂടെ പറയാനുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കുക. ചെയ്യുന്ന എല്ലാ കാര്യത്തിനും കുടുംബത്തിൽ നിന്ന് തിരിച്ചെന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. പ്രതീക്ഷിച്ചത് ലഭിച്ചില്ലെങ്കിൽ സ്വാഭാവികമായും നിരാശ തോന്നും. ഇത് പങ്കാളിയുമായുള്ള തർക്കത്തിലേക്കും നയിക്കും. നിങ്ങൾ പറയാതിരുന്നാൽ പങ്കാളി മനസ്സിൽ പലതും ആലോചിച്ച് കൂട്ടും. എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് വ്യക്തമായി മനസ്സിലാവില്ല. സംസാരിക്കാനുള്ള മടി നിങ്ങൾക്കും പങ്കാളിക്കും ഇടയിൽ വലിയ അകൽച്ചയുണ്ടാക്കും. വർഷങ്ങൾ കഴിഞ്ഞാൽ പോലും ഈ അകൽച്ച പരിഹരിക്കാൻ സാധിക്കാതെ വന്നേക്കും. എങ്ങനെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. ഡോ നിക്കോൾ പറയുന്ന വഴികൾ ഇവയാണ്:
നിങ്ങളുടെ പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക. സംഭാഷണം എത്ര ബുദ്ധിമുട്ടിക്കുന്നതാണെങ്കിലും നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് വ്യക്തമായി തന്നെ പറയുക.
അനാവശ്യമായി ചിന്തിച്ച് കൂട്ടുന്നതിന് തൽക്കാലം ഇടവേള കൊടുക്കുക. പങ്കാളി നിങ്ങൾക്കായി ചെയ്തിട്ടുള്ള നല്ല കാര്യങ്ങളെപ്പറ്റി ചിന്തിക്കുക.
നിങ്ങൾക്ക് വേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കി അത് പങ്കാളിയോട് പറയുക. ഇത് നിങ്ങൾക്കും പങ്കാളിക്കും സന്തോഷം പകരുന്ന കാര്യമായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.