വാൻ ജീവിതം ആസ്വദിക്കാൻ സ്വന്തം വീട് വിറ്റ് സ്കോട്ട്ലൻഡ് സ്വദേശികളായ ദമ്പതികൾ. സ്കോട്ടിഷ് ഗ്രാമമായ ക്രൂഡൻ ബേയിലെ വിക്ടോറിയ മക്ഡൊണാൾഡ് (28), സ്കോട്ട് റോസ് (32) എന്നീ ദമ്പതികൾ 2016 ജൂണിലാണ് മൂന്ന് കിടപ്പുമുറികളുള്ള ഒരു വീട് വാങ്ങിയത്. ഏകദേശം 135,449.90 ഡോളറിനാണ് (ഒരു കോടിയിലധികം രൂപയ്ക്ക്) ഇവർ ഈ വീട് വാങ്ങിയത്. എന്നാൽ ഈ വർഷം മാർച്ചിൽ ദമ്പതികൾ വീട് വിറ്റു. വീട്ടിൽ സ്ഥിരമായി താമസിക്കാറില്ലാത്തതിനെ തുടർന്നാണ് അവർ വീട് വിൽക്കാൻ തീരുമാനിച്ചത്.
മാർച്ചിൽ വീട് വിൽപ്പനയ്ക്കായി പരസ്യം നൽകി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ദമ്പതികൾക്ക് ഏകദേശം 197,756.85 ഡോളറിന് (1,47,52,957.65 രൂപ) വീട് വിൽക്കാൻ കഴിഞ്ഞു. എന്നാൽ വീട് വിറ്റതിന് ശേഷം, ദമ്പതികൾക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയില്ലായിരുന്നു. പിന്നീട്, അവർ നാടോടി ജീവിതം നയിക്കാൻ തീരുമാനിച്ചു. അതിനായി ഒരു വാൻ വാങ്ങുകയും ചെയ്തു.
രണ്ടു മാസത്തിനുള്ളിൽ വാങ്ങിയ വാൻ ഒരു വീട് പോലെ തന്നെ അവർ പുതുക്കി. ഇപ്പോൾ, വാനിൽ ഒരു വീടിന് സമാനമായ എല്ലാ സൗകര്യങ്ങളും ഉണ്ട്. സോളാർ പാനൽ, സോളാർ ഷവർ, സ്വീഡിഷ് ഓവൻ, ഫ്രിഡ്ജ്, സ്റ്റോറേജ് എന്നിവയുൾപ്പെടെ ഒരു വീട്ടിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും വാനിലുമുണ്ട്.
ദമ്പതികൾ വീട് വാങ്ങിയപ്പോൾ, മക്ഡൊണാൾഡ് ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രിയിൽ പർച്ചേസിംഗ് അഡ്മിനിസ്ട്രേറ്ററായും റോസ് ഒരു ഹെലിപോർട്ട് കമ്പനിയിൽ ഗ്രൗണ്ട് ഓപ്പറേഷൻസ് ജോലിയുമാണ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഇരുവരും ജോലി ഉപേക്ഷിച്ച് ട്രാവൽ ബ്ലോഗ് ആരംഭിക്കുകയായിരുന്നു. ഒടുവിൽ സ്കോട്ട്ലൻഡിലെ ദേശീയ ടൂറിസം സംഘടനയായ വിസിറ്റ്സ്കോട്ട്ലാൻഡ് അവരെ ട്രാവൽ ബ്ലോഗേഴ്സ് ആയി നിയമിക്കുകയും ചെയ്തു.
ദമ്പതികൾ ഇപ്പോൾ വാനിൽ താമസിച്ചുകൊണ്ട് സ്കോട്ട്ലൻഡിലൂടെ യാത്രകൾ നടത്തി കൊണ്ടിരിക്കുകയാണ്. ദമ്പതികൾക്കൊപ്പം രണ്ട് വളർത്തുനായ്ക്കളുമുണ്ട്. കോളി, കാലി എന്നിങ്ങനെയാണ് അവരുടെ പേര്. മക്ഡൊണാൾഡിനും റോസിനുമൊപ്പം പുതിയ ജീവിതരീതി നായ്ക്കളും ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. "വീട് വിറ്റതിൽ ഞങ്ങൾക്ക് ഇതുവരെ നഷ്ടബോധം തോന്നിയിട്ടില്ലെന്ന്" മക്ഡൊണാൾഡ് പറയുന്നു.
'ദി കൺജറിങ്' സിനിമയിലെ വീട് അടുത്തിടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജൻസി വിൽപനയ്ക്ക് വച്ചിരുന്നു. 1.2 മില്യൺ ഡോളർ ആണ് ഈ വീടിന് വിൽപന വിലയിട്ടിരിക്കുന്നത്. എക്കാലത്തെയും ഹിറ്റുകളിലൊന്നായ 2013ലെ കൺജറിങ് എന്ന ഇംഗ്ലീഷ് സിനിമയ്ക്കു ശേഷമാണ് റോഡ് ഐലന്റ് ഫാം ഹൗസ് പ്രേതഭവനം എന്ന നിലയിൽ ലോക ശ്രദ്ധ നേടിയത്. ലോകത്തെ ഭീതിയിലാഴ്ത്തിയ സുപ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ഈ ഫാം ഹൗസ്. ശരിക്കും ഈ ഭവനത്തിൽ പ്രേതങ്ങളുണ്ടെന്നു വിശ്വസിക്കുന്നവരും കുറവല്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.