• HOME
 • »
 • NEWS
 • »
 • life
 • »
 • EV| ഡൽഹി വിമാനത്താവളം പരിസ്ഥിതി സൗ​ഹൃദമാകുന്നു; 4 മാസത്തിനുള്ളിൽ 62 ഇലക്ട്രിക് വാഹനങ്ങൾ എത്തും

EV| ഡൽഹി വിമാനത്താവളം പരിസ്ഥിതി സൗ​ഹൃദമാകുന്നു; 4 മാസത്തിനുള്ളിൽ 62 ഇലക്ട്രിക് വാഹനങ്ങൾ എത്തും

എയർപോർട്ടിൽ ആവശ്യമായ ഉപകരണങ്ങൾ ഇലക്ട്രിക് വാഹനങ്ങളിൽ സ്ഥാപിക്കുന്നതിനും വാഹനത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും ഉപകരണ നിർമ്മാതാക്കളുമായും അധികൃതർ ചർച്ചകൾ നടത്തിയിട്ടുണ്ട്

 • Share this:
  ഡൽഹി (Delhi) വിമാനത്താവളത്തിൽ (Airport) എയർസൈഡ് സേവനങ്ങൾക്കായി അടുത്ത നാല് മാസത്തിനുള്ളിൽ 62 ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) കൊണ്ടുവരുമെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( Delhi International Airport Limited - DIAL) അറിയിച്ചു. പ്രതിവർഷം 1,000 ടൺ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുകയാണ് ലക്ഷ്യം. റൺവേ, ടാക്സിവേ, ഏപ്രോൺ എന്നിവിടങ്ങളാണ് എയർസൈഡ് ഏരിയ എന്നറിയപ്പെടുന്നത്. ഇവിടെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താനാണ് എയർപോർട്ട് അധികൃതരുടെ തീരുമാനം.

  തിങ്കളാഴ്ചയാണ് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി എയർസൈഡിൽ ഇലക്ട്രിക് വാഹനങ്ങൾ ഘട്ടം ഘട്ടമായി ഉൾപ്പെടുത്താനും തീരുമാനിച്ചു. “ആദ്യ ഘട്ടത്തിൽ, DIAL എയർസൈഡ് പ്രവർത്തനങ്ങൾക്കായി 62 ഇലക്ട്രിക് വാഹനങ്ങളാണ് പുറത്തിറക്കുക. ഇതുവഴി പ്രതിവർഷം ഏകദേശം 1,000 ടൺ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. മൂന്നോ നാലോ മാസത്തിനുള്ളിൽ ഈ വാഹനങ്ങൾ നിരത്തിലിറക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനങ്ങൾക്കായി ഉയർന്ന വോൾട്ടേജും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും DIAL സ്ഥാപിക്കുമെന്നും“ എയർപോർട്ട് അധികൃതർ അറിയിച്ചു.

  ഈ പദ്ധതിയ്ക്ക് കീഴിൽ, എയർപോർട്ടിൽ ആവശ്യമായ ഉപകരണങ്ങൾ ഇലക്ട്രിക് വാഹനങ്ങളിൽ സ്ഥാപിക്കുന്നതിനും വാഹനത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും ഉപകരണ നിർമ്മാതാക്കളുമായും അധികൃതർ ചർച്ചകൾ നടത്തിയിട്ടുണ്ട്.

  ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വ്യവസായ മേഖലയുടെ അടിത്തറ ഇതുവരെ ആഴത്തിൽ വേരോടിയിട്ടില്ലെങ്കിലും, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ ആളുകൾക്കുള്ള താൽപര്യം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. മൊത്തത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഡിമാൻഡിലും അവയുടെ വിതരണത്തിലും വിപണിയിൽ ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. ബാറ്ററിയുടെ വില കുറയൽ, മെച്ചപ്പെട്ട ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ഇന്ധനവില വർദ്ധനവ് എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് ഈ വിൽപ്പന വളർച്ചയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

  Also Read- 10 ലക്ഷം രൂപയുടെ എംജിയുടെ എൻട്രി-ലെവൽ ഇലക്ട്രിക് കാർ അടുത്ത വർഷം വിപണിയിൽ

  ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ ഇലക്ട്രിക് വാഹന നിർമ്മാതാക്കളാകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി മുമ്പ് പറഞ്ഞിരുന്നു.

  ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ അസാധാരണമായ വളർച്ചയാണ് പ്രകടമാകുന്നത്. ഉദാഹരണത്തിന്, യൂറോപ്പിൽ, 2021 ഓഗസ്റ്റിൽ, ഡീസൽ കാറുകളേക്കാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയാണ് നടന്നത്. ഇവയിൽ ഹൈബ്രിഡ് മോഡലുകളും 100% ഇലക്ട്രിക് മോഡലുകളും ഉൾപ്പെടുന്നു.

  അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കാർബൺ പുറന്തള്ളൽ സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമാക്കിയതും ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങൾ സ്വീകരിച്ചിട്ടുള്ള നടപടികളുമാണ് ഇലക്ട്രിക് വാഹന വിൽപ്പനയിലെ ഈ കുതിപ്പിനു പിന്നിലെ കാരണം.
  Published by:Arun krishna
  First published: