കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണ്. എല്ലാ മേഖലയിലുള്ള ജന വിഭാഗങ്ങളും തങ്ങളാൽ കഴിയുന്ന തരത്തിൽ മറ്റുള്ളവരെ സഹായിച്ചാണ് മഹാമാരിക്ക് എതിരെ ഒറ്റക്കെട്ടായി പോരാടുന്നത്. ഡൽഹിയിലെ സർക്കാർ സ്ക്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന അനുഷ്ക്ക എന്ന മിടുക്കിയും ഈ പോരാട്ടത്തിൽ ഭാഗമായിരിക്കുന്നു. സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവൻ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകിയാണ് അനുഷ്ക്ക മാതൃകയാകുന്നത്.
വസുന്ധര ഇൻക്ലേവിലെ ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ് അനുഷ്ക്ക. ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് വിദ്യാർത്ഥിനിയുടെ നന്മ നിറഞ്ഞ പ്രവൃത്തിയെക്കുറിച്ച് ട്വീറ്റ് ചെയ്തത്. നന്മ നിറഞ്ഞ ചിലരുടെ ചെറിയ പ്രവർത്തനങ്ങൾ പോലും ചിലരുടെ ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കുറിച്ചു കൊണ്ടാണ് ട്വീറ്റ് പങ്കിട്ടിരിക്കുന്നത്. അനുഷ്ക്കയുടെ ഈ പ്രവർത്തി ഒരുപാട് പേർക്ക് പ്രചോദനമാകും എന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് ട്വീറ്റിലുടെ വ്യക്തമാക്കി. അനുഷ്ക്കയുടെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ എഴുതിയിരിക്കുന്നത്.
കോവിഡ് വൈറസിനെതിരായ പ്രതിരോധ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അവരാൽ കഴിയുന്ന തരത്തിലുള്ള സഹായങ്ങൾ ചെയ്യുന്നത് വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ തമിഴ്നാട്ടിൽ രണ്ടാം ക്ലാസുകാരൻ സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച ആയിരം രൂപ കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് വാർത്തയിൽ നിറഞ്ഞിരുന്നു.
മധുരയിലെ അറപ്പളയം നഗരത്തിലെ ഹരീഷ് വർമ്മൻ എന്ന കൊച്ചു മിടുക്കനാണ് താൻ സ്വരുക്കൂട്ടിയ ആയിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പിതാവിനോട് പറഞ്ഞത്. സ്വന്തം കൈപ്പടയിൽ ഒരു കത്തും ഹരീഷ് മുഖ്യന്ത്രി സ്റ്റാലിനു വേണ്ടി എഴുതിയിരുന്നു. നന്മ നിറഞ്ഞ പ്രവർത്തനത്തിന് അപ്രതീക്ഷിതമായ സമ്മാനം നൽകിയാണ് മുഖ്യമന്ത്രി സ്റ്റാലിൽ ഹരീഷിനെ ഞെട്ടിച്ചത്. സ്ഥലം എംഎൽഎ മുഖേന മുഖ്യമന്ത്രി ഒരു സൈക്കിൾ തന്നെ ഹരീഷിന് സമ്മാനമായി നൽകി. ഫോണിലൂടെ ഹരീഷുമായി സംസാരിച്ച സ്റ്റാലിൻ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയതിനെ അഭിനന്ദിക്കുകയും. സൈക്കിൾ സമ്മാനിച്ച മുഖ്യമന്ത്രിക്ക് ഹരീഷ് നന്ദി പറയുകയും ചെയ്തു.
കേരളത്തിലും നിരവധി കുട്ടികൾ തങ്ങളുടെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സൈക്കിൾ വാങ്ങാനായി ആറു വയസുകാരൻ സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. കരടിപ്പാറ കാക്കാനിയൽ ജംഷീറിന്റെ മകൻ ഡാനിഷാണ് മഹാമാരിയുടെ കാലത്ത് സ്വന്തം ആഗ്രഹം മാറ്റി വച്ച് ദുരിതാശ്വാസ പ്രവർത്തനത്തിന് പണം നൽകിയത്. കുടുക്കയൽ സ്വരൂപിച്ച് വച്ചിരുന്ന 1975 രൂപ ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ മുഖേനയാണ് നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം മറ്റൊരു കാര്യത്തിനായി വീട്ടിൽ എത്തിയപ്പോൾ തൻ്റെ കുടുക്കയിലുള്ള പണം തന്നാൽ മുഖ്യമന്ത്രിക്ക് നൽകുമോ എന്ന് ഡാനിഷ് ചോദിക്കുകയായിരുന്നു.
Tags: Students, Covid, Delhi, Covid Relief, CM Relief, കോവിഡ്, വിദ്യർത്ഥിനി, ദുരിതാശ്വാസം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.