• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഓച്ചിറയിൽ വിദ്യാർഥിക്ക് ഡിഫ്ത്തീരിയ; പ്രതിരോധ നടപടികൾ ഊർജിതം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

news18
Updated: July 8, 2019, 12:23 PM IST
ഓച്ചിറയിൽ വിദ്യാർഥിക്ക് ഡിഫ്ത്തീരിയ; പ്രതിരോധ നടപടികൾ ഊർജിതം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Microscopic illustration of Corynebacterium diphtheriae, Gram-positive rod-shaped bacterium which causes respiratory infection diphtheria
news18
Updated: July 8, 2019, 12:23 PM IST
കൊല്ലം: ഓച്ചിറയിൽ ഒരു വിദ്യാർഥിക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധനടപടികൾ ഊർജിതമാക്കി. ദാറുൽ ഉലൂം അൽ ഇസ്ലാമിക് അറബിക് കോളേജിലെ വിദ്യാർഥിയിലാണ് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. 260 അന്തേവാസികൾക്ക് പ്രതിരോധത്തിനായി ടി.ഡി വാക്സിൻ നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വി.വി ഷേർളി അറിയിച്ചു. ഇതിൽ രോഗ ലക്ഷണങ്ങൾ കാണിച്ച 36 പേർക്ക് മുൻകരുതൽ എന്ന നിലയിൽ എറിത്രോമൈസിൻ എന്ന മരുന്ന് നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും 10 ദിവസത്തേക്ക് എറിത്രോമൈസിൻ നൽകിയിട്ടുണ്ട്.

രോഗബാധ സ്ഥിരീകരിച്ചയാളുടെ സഹോദരന്‍റേത് ഉൾപ്പടെ ആരുപേരുടെ തൊണ്ടയിലെ സ്രവം തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചതായി പ്രതിരോധ നടപടികളുടെ ചുമതലയുള്ള ഡോ. സന്ധ്യ ന്യൂസ് 18നോട് പറഞ്ഞു. അസുഖം സംശയിക്കുന്ന ഒരാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ അറിയിച്ചു. പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് ജില്ലാതല അവലോകനയോഗം ചേർന്നു. ലോകാരോഗ്യസംഘടന പ്രതിനിധികൾ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

എന്താണ് ഡിഫ്ത്തീരിയ?

തൊണ്ടയിലും മൂക്കിന്‍റെ ഉള്ളിലും ബാധിക്കുന്ന ബാക്ടീരിയരോഗമാണിത്. കോറൈന്‍ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ് ഈ രോ​ഗം പടര്‍ത്തുന്നത്. വായുവിലൂടെയാണ് അസുഖം പകരുന്നത്. പനിയും തൊണ്ടവേദനയുമാണ് തുടക്കത്തിലുള്ള രോഗ ലക്ഷണങ്ങൾ. തൊണ്ടയിലെ ശ്ലേഷചർമ്മത്തിലൂടെയാണ് അസുഖം ബാധിക്കുന്നത് ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ ഇടയാക്കുന്ന അസുഖമാണിത്. രോഗം ഹൃദയത്തെയോ തലച്ചോറിനെയോ ബാധിച്ച് ശ്വാസതടസം, തളർച്ച എന്നിവ ഉണ്ടാകുന്നതാണ് മരണകാരണമാകുന്നത്.

ഡിഫ്ത്തീരിയ പ്രതിരോധിക്കാൻ...

കുട്ടികളിൽ പ്രതിരോധ കുത്തിവെയ്പ്പ് യഥാസമയം എടുക്കുകയെന്നതാണ് പ്രധാന കാര്യം. കുട്ടികളെകൂടാതെ ഗർഭിണികൾക്കും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചാൽ പ്രത്യേക പരിചരണം ആവശ്യമാണ്. ആന്‍റി സിറം കുത്തിവെയ്പ്പാണ് പ്രധാന ചികിത്സ.

വ്യക്തിശുചിത്വം പാലിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും നന്നായി കൈ കഴുകുക.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് നന്നായി പൊത്തുക. രോഗി മാസ്ക്ക് ധരിക്കാൻ മറക്കരുത്. രോഗിയെ പരിചരിക്കുന്നവരും മുൻകരുതൽ എടുക്കുക. രോഗി ഉപയോഗിക്കുന്ന വസ്ത്രം മറ്റുള്ളവർ ഉപയോഗിക്കരുത്.

രോഗം സ്ഥിരീകരിച്ചാൽ രണ്ടാഴ്ചത്തെ പൂർണ വിശ്രമം ആവശ്യമാണ്. കൂടാതെ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് രോഗിക്ക് നൽകേണ്ടത്.
First published: July 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...