യുകെയിൽ അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ ഇന്ത്യൻ വംശജരായ ദമ്പതികളുടെ വിവാഹനിശ്ചയ മോതിരം ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പ്രകൃതിദത്ത തടാകത്തിൽ വീണുപോയി. തടാകത്തിന്റെ അടിത്തട്ടിൽ നിന്ന് അത് കണ്ടെടുത്ത മുങ്ങൽ വിദഗ്ദ്ധനോട് തങ്ങളുടെ നന്ദിയും ആദരവും അറിയിക്കുകയാണ് ദമ്പതികൾ. നോർത്ത് ലണ്ടനിലെ എഡ്മോന്റൺ സ്വദേശിയായ 25 വയസുകാരൻ വിക്കി പട്ടേലും ബിർമിങ്ഹാം സ്വദേശിനിയായ 26 വയസുകാരി റെബേക്ക ചൗക്രിയയും വിൻഡർമിയർ തടാകത്തിന്റെ തീരത്ത് നിന്ന് ഫോട്ടോകളെടുക്കവെ കഴിഞ്ഞയാഴ്ചയാണ് വിവാഹാഭ്യർത്ഥന നടത്തിയത്. വിവാഹാഭ്യർത്ഥന നടത്തിയതിന് ശേഷം വെള്ളനിറത്തിലുള്ള സ്വർണവും വജ്രവും ചേർന്ന ഒരു മോതിരം പട്ടേൽ റെബേക്കയെ അണിയിക്കുകയായിരുന്നു.
മെയ് 24ന് കൂടുതൽ ഫോട്ടോകൾ എടുക്കാനായി ആ തടാകത്തിലെ ജെട്ടിയിലേക്ക് വീണ്ടും വന്നപ്പോഴാണ് റെബേക്കയുടെ വിരലിൽ നിന്ന് ആ മോതിരം വെള്ളത്തിലേക്ക് വീണുപോയതെന്ന് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. പരിഭ്രാന്തരായ ദമ്പതികൾ ഫോട്ടോഗ്രാഫറുടെ ട്രൈപ്പോഡ് ഉപയോഗിച്ച് ആ മോതിരം എടുക്കാൻ ശ്രമം നടത്തിയെങ്കിലും മോതിരം കൂടുതൽ ആഴത്തിലേക്ക് പോവുകയാണ് ചെയ്തത്. തുടർന്ന് പട്ടേൽ നേരിട്ട് തടാകത്തിലേക്കിറങ്ങി മോതിരമെടുക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിന് നല്ല തണുപ്പായിരുന്നത് കൊണ്ടും തനിക്ക് വെള്ളത്തിനടിയിൽ മോതിരം കാണാൻ പറ്റാഞ്ഞതിനാലും ആ ശ്രമവും പരാജയപ്പെട്ടെന്ന് വിക്കി പട്ടേൽ പറഞ്ഞു.
ഒരു സുഹൃത്തിൽ നിന്ന് ഈ ദമ്പതികളുടെ വിഷമം കേട്ടറിഞ്ഞ മുങ്ങൽവിദഗ്ദ്ധനായ ഹോസ്കിങ് തന്റെ ജോലി കഴിഞ്ഞതിനു ശേഷം സമയം പാഴാക്കാതെ ജെട്ടിയിലേക്ക് തിരിച്ചു. 21 വയസുകാരനായ ഹോസ്കിങ് കഴിഞ്ഞ മൂന്നര വർഷമായി തടാകത്തിൽ നിന്ന് മാലിന്യം നീക്കാൻ സഹായിച്ചു വരികയാണ്. അതിനുവേണ്ടി തന്റെ സുഹൃത്ത് ഡെക്ലാൻ ടർണറുമായി ചേർന്ന് 'ലെയ്ക്ക് ഡൈവിംഗ് ഗ്രൂപ്പ്' എന്നൊരു സംഘടനയും ഹോസ്കിങ് തുടങ്ങിയിട്ടുണ്ട്. 'എത്തിയ ഉടനെ ഞാൻ വെള്ളത്തിലേക്കിറങ്ങി നോക്കിയെങ്കിലും ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ ആത്മവിശ്വാസം കുറഞ്ഞു' - ഹോസ്കിങ് സി എൻ എന്നിനോട് പറഞ്ഞു. 'തടാകത്തിന്റെ അടിത്തട്ട് മുഴുവൻ ചെളി നിറഞ്ഞിരിക്കുകയായിരുന്നു. ഒരു നാണയത്തുട്ട് ഇട്ടാൽ പോലും അത് നേരെ ചളിയിൽ പുതഞ്ഞുപോകും' - അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, 20 മിനിറ്റ് നേരം മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് നിർത്താതെ നടത്തിയ തെരച്ചിലിനൊടുവിൽ ഹോസ്കിങിന് ആ മോതിരം കണ്ടെടുക്കാൻ കഴിഞ്ഞു. ഹോസ്കിങ് സമർത്ഥനായ ഒരു വ്യക്തിയാണെന്നും അദ്ദേഹം മോതിരവുമായി പൊങ്ങിവന്ന കാഴ്ച കണ്ടപ്പോൾ തന്റെ പ്രതിശ്രുത വധുവിന് പറയാൻ വാക്കുകൾ കിട്ടാത്ത അവസ്ഥയായിരുന്നെന്നും പട്ടേൽ പറഞ്ഞു. ഇനി ഒരിക്കൽ പോലും റെബേക്ക മോതിരം കൈയിൽ നിന്ന് ഊരില്ലെന്നും പട്ടേൽ അൽപ്പം കളിയായും കാര്യമായും പറഞ്ഞു. ആളുകളെ ഇത്തരത്തിൽ സഹായിക്കുന്നതിന്റെ പേരിൽ മാത്രമല്ല, സംഭാവനകളിൽ നിന്ന് മാത്രം പണം കണ്ടെത്തി 'ലെയ്ക്ക് ഡൈവിംഗ് ഗ്രൂപ്പ്' എന്നൊരു സംഘടന രൂപീകരിച്ചതിന്റെയും പരിസ്ഥിതിയെ മാലിന്യമുക്തമാക്കാൻ അവർ നടത്തുന്ന ശ്രമങ്ങളുടെയും പേരിൽ കൂടി ഹോസ്കിങിനെ അഭിനന്ദിക്കേണ്ടതുണ്ടെന്ന് പട്ടേൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.