പല കുടുംബ ബന്ധങ്ങളും ദമ്പതികളുടെ ജീവിതകാലം മുഴുവന്‍ നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്നില്ല. പരസ്പരം പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കലശലാകുമ്പോൾ കുട്ടിയ്ക്കു വേണ്ടി ഒരുമിച്ച് നില്‍ക്കണോ അതോ വേര്‍പിരിയണോ (Divorce) എന്ന ചോദ്യം ദമ്പതികൾക്ക് നേരിടേണ്ടി വരാറുണ്ട്. ഒരു രക്ഷിതാവ് എന്ന നിലയിൽ എടുക്കേണ്ട ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ ഒന്നാണിത്. എല്ലാ ദമ്പതികളും ജീവിതകാലം മുഴുവന്‍ ഒരുമിച്ച് കഴിയണമെന്ന പ്രതിജ്ഞ എടുക്കാറുണ്ട്. എന്നാല്‍ അവരില്‍ പലര്‍ക്കും ആ വാഗ്ദാനം പാലിക്കാനോ ഒരുമിച്ച് നില്‍ക്കാനോ കഴിയാറില്ല. സംഘർഷത്തിനിടയിൽ പലപ്പോഴും പെട്ടുപോകുന്നത് കുട്ടികളാണ്. അത്തരമൊരു സാഹചര്യത്തില്‍ തീരുമാനമെടുക്കുക എന്നത് ഹൃദയഭേദകം തന്നെയാണ്.
ചില സാഹചര്യങ്ങളില്‍ ദാമ്പത്യബന്ധം വളരെ പിരിമുറുക്കം നിറഞ്ഞതും സന്തോഷമല്ലാത്തതുമായി മാറിയേക്കാം. എന്നാല്‍ എല്ലാമറിഞ്ഞിട്ടും മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്കായി ഏതറ്റം വരെയും പോകാറുണ്ട്. ഇത് സന്തുഷ്ടമല്ലാത്ത ഒരു ദാമ്പത്യ ബന്ധത്തില്‍ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചേക്കാം. എന്നാല്‍ നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിന് നല്ലത് അവരുടെ മാതാപിതാക്കള്‍ ഒരുമിച്ചുണ്ടെങ്കിലും സന്തോഷമില്ലാതെ കഴിയുന്ന ഒരു വീട്ടിൽ ജീവിക്കുന്നതാണോ അതോ മാതാപിതാക്കളുടെ സന്തോഷം കണ്ടുകൊണ്ട് വെവ്വേറെ വീടുകളിൽ മാറിമാറി കഴിയുന്നതാണോ എന്ന് തീരുമാനിക്കേണ്ടത് അത്യാവശ്യമാണ്.
വിവാഹമോചനത്തിന്റെ അനന്തരഫലങ്ങള്‍ കുട്ടികളെ ബാധിക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ തമ്മിൽ ഉടലെടുക്കുന്ന തർക്കങ്ങളും മറ്റു പല പ്രശ്നങ്ങളും ഇതിനു കാരണമാകാമെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. രക്ഷിതാക്കള്‍ തമ്മിലുള്ള സംഭാഷണം, ശാരീരിക ആക്രമണം എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നു.
Also Read-Diary Writing | സമ്മര്‍ദ്ദം കുറയ്ക്കാം; എഴുതാനുള്ള കഴിവ് മെച്ചപ്പെടുത്താം; ഡയറി എഴുതുന്നത് ശീലമാക്കിയാലുള്ള ഗുണങ്ങൾ
കൂടാതെ, വലിയ കലഹങ്ങളുണ്ടാകുന്ന കുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് ആത്മാഭിമാനം വികസിപ്പിക്കുന്നതിനും ബന്ധങ്ങള്‍ രൂപീകരിക്കുന്നതിനും നിലനിർത്തുന്നതിനും വികാരങ്ങള്‍ നിയന്ത്രിക്കുന്നതിനും മറ്റുള്ളവരെ വിശ്വസിക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. മാത്രമല്ല, കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കള്‍ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സ്വയം പഴി ചാരുകയോ കുറ്റപ്പെടുത്തുകയോ ഒക്കെ ചെയ്യാറുണ്ട്.
കുടുംബത്തിലെ പരിഹരിക്കപ്പെടാത്ത സംഘര്‍ഷാന്തരീക്ഷങ്ങളില്‍ ജീവിക്കുന്ന കുട്ടികളുടെ അക്കാദമിക് പ്രകടനം മോശമാവുകയും അവർക്ക് മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുന്നതിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്യും. കൂടാതെ സ്വയം ദുര്‍ബലരാണെന്ന തോന്നല്‍ അവരിൽ ശക്തിപ്പെടാനും ഇതെല്ലാം കാരണമായേക്കാം. അവരുടെ കൗമാരത്തിലും പിന്നീടുള്ള ജീവിതത്തിലും ചിലപ്പോള്‍ സ്വന്തം പ്രണയബന്ധങ്ങളില്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അതിനാല്‍, ഒരുമിച്ച് താമസിക്കുന്നതിനോ വേര്പിരിയുന്നതിനോ മുമ്പ് തങ്ങളുടെ കുട്ടികള്‍ക്ക് സാമ്പത്തികമായ സുരക്ഷിതത്വവും ആരോഗ്യകരമായി മെച്ചപ്പെട്ട അന്തരീക്ഷവും ഭാവിയും ഒരുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദമ്പതികൾക്ക് കഴിയണം. എന്തുതന്നെയായാലും, കുട്ടികളെ ഈ തീരുമാനങ്ങൾ പല വിധത്തിലും ബാധിക്കുമെന്നത് തീർച്ചയാണ്. അതിനാല്‍ ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന പിണക്കങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ടു പോവുകയാണ് മികച്ച തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.