• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മലമേലെ തിരിവെച്ച ഇടുക്കി ജില്ലയുടെ ആദ്യനാഥൻ; ഏലത്തിന്റെ മണമുള്ള ഓർമകളെ ഇഷ്ടപ്പെട്ട ബാബുപോൾ

ഉത്തവിറങ്ങി 24 മണിക്കൂറിനുള്ളിൽ പുതിയ ജില്ലയുടെ നാഥനായി ചുമതലയേറ്റ കഥ ബാബുപോൾ തന്നെ എഴുതിയിട്ടുണ്ട്. താൻ വളർത്തിയെടുത്ത ജില്ലയാണ് ഇടുക്കിയെന്ന് അദ്ദേഹം എപ്പോഴും പറയും

news18
Updated: April 13, 2019, 8:04 AM IST
മലമേലെ തിരിവെച്ച ഇടുക്കി ജില്ലയുടെ ആദ്യനാഥൻ; ഏലത്തിന്റെ മണമുള്ള ഓർമകളെ ഇഷ്ടപ്പെട്ട ബാബുപോൾ
ഡോ ഡി ബാബുപോൾ
news18
Updated: April 13, 2019, 8:04 AM IST
തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. ഡി ബാബുപോളിന് ഇടുക്കി ശ്വാസവായു ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. 24 മണിക്കൂർ കൊണ്ട് ഇടുക്കി ജില്ല പിറന്നപ്പോൾ ആദ്യ കളക്ടറായത് ബാബുപോളായിരുന്നു. ഉത്തവിറങ്ങി 24 മണിക്കൂറിനുള്ളിൽ പുതിയ ജില്ലയുടെ നാഥനായി ചുമതലയേറ്റ കഥ ബാബുപോൾ തന്നെ എഴുതിയിട്ടുണ്ട്. താൻ വളർത്തിയെടുത്ത ജില്ലയാണ് ഇടുക്കിയെന്ന് അദ്ദേഹം എപ്പോഴും പറയും. ഏലത്തിന്റെ മണമുള്ള ഓർമകളെ കുറിച്ച് അദ്ദേഹത്തിന്റെ എഴുത്തുകളിൽ കാണാം. ഇടുക്കിയുടെ മിഴിവാര്‍ന്നതും മികവാര്‍ന്നതുമായ ചിത്രമാണ് 'ഗിരിപർവം' എന്ന പുസ്തകത്തിലൂടെ ബാബുപോൾ വിവരിച്ചത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുൻപായിരുന്നു ഗിരിപർവം എഴുതിയത്. ഇടുക്കിയില്‍ കളക്ടര്‍ ആയിരുന്ന സമയത്ത് ഡിസി കിഴക്കേമുറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതെഴുതിയതെന്ന് ബാബുപോള്‍ ആമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്.

ഇടുക്കി ജില്ലയുടെ പിറവിയെ കുറിച്ച്...

1971 ഓഗസ്‌റ്റിലായിരുന്നു ആദ്യമായി ഇടുക്കിയിലെത്തിയത്. കുണ്ടും കുഴിയും നിറഞ്ഞ റോഡാണ്. മീനച്ചിലാറിന്റെ തീരത്തു കൂടെ, റബർ തോട്ടങ്ങൾക്കിടയിലൂടെ, നെല്ലാപ്പാറയിലെ കട്ടിവനങ്ങൾ. അധ്വാനശീലനായ മലയോര കർഷകന്റെ വിയർപ്പുകണങ്ങൾ ധന്യമാക്കിയ മലഞ്ചെരിവുകൾ. ഇടുക്കി ജില്ലയെക്കുറിച്ചു കേൾക്കാൻ തുടങ്ങിയത് പെട്ടെന്നാണ്. മൂവാറ്റുപുഴ ജില്ല വേണമെന്നും ഹൈറേഞ്ച് പ്രദേശങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ജില്ല മതിയെന്നും ഒക്കെ ശബ്‌ദങ്ങൾ ഉയർന്നു.

തലസ്ഥാനം എവിടെ വേണം എന്ന കാര്യത്തിലും തർക്കമുണ്ടായി. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ തുടങ്ങിയ ഹൈറേഞ്ചിലെ എല്ലാ പഞ്ചായത്തുകളും ജില്ലയുടെ ആസ്ഥാനം കൊതിച്ചു. ഈ സമയത്താണു സർക്കാരിന് ഇക്കാര്യത്തിൽ പെട്ടെന്നു താൽപര്യം ജനിച്ചത്. റവന്യു സെക്രട്ടറിയായിരുന്ന എ കെ കെ നമ്പ്യാർ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് ജില്ലയെ സംബന്ധിച്ചു സർക്കാർ തീരുമാനമുണ്ടായത്. 1972 ജനുവരി 25ന് ആണ് ഉത്തരവു പുറത്തുവന്നത്. ഇടുക്കി പദ്ധതിയുടെ കോ-ഓർഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്‌പെഷൽ കലക്‌ടറും ആയിരുന്ന ഞാൻ, പ്രോജക്‌ടിന്റെ ചുമതലകൾക്കു പുറമേ ജില്ലാ കലക്‌ടറായും പ്രവർത്തിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിരുന്നു.

മൂലമറ്റത്തുനിന്ന് എന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച് ഉത്തരവു നൽകി യാത്രയാക്കി. 24 മണിക്കൂറിനകം പുതിയ ജില്ല ആരംഭിക്കണമെന്നും നിർദേശിച്ചു. സന്ധ്യ കഴിഞ്ഞപ്പോൾ കോട്ടയത്ത് എത്തി. രഘുനാഥനായിരുന്നു അന്നു കോട്ടയം കളക്‌ടർ. രാത്രിയിൽ തന്നെ ഞങ്ങൾ ചില കെട്ടിടങ്ങളൊക്കെ പോയി കണ്ടു. ഒടുവിൽ യൂണിയൻ ക്ലബിനടുത്തുള്ള ഒരു കെട്ടിടം തിരഞ്ഞെടുത്തു. വീട്ടുടമയുടെ സമ്മതം കിട്ടിയത് 26ന് ഉച്ചയ്‌ക്കായിരുന്നു. വൈകിട്ടു നാലുമണിക്കു ഞാൻ ആ കെട്ടിടത്തിന്റെ മുകളിൽ ദേശീയ പതാക ഉയർത്തി. ജില്ലാ കളക്‌ടറായി ചാർജെടുക്കുന്ന രേഖകളിൽ ഒപ്പുവച്ചു. ഇടുക്കി ജില്ല നിലവിൽവന്നു- ബാബുപോൾ എഴുതുന്നു.

ഇടുക്കി ഡാമിനെ കുറിച്ച്...

ഇടുക്കി ഡാമിന്റെ നിർമാണപ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് 'ശക്തിശൈലം' എന്ന ഒന്നാമത്തെ അധ്യായത്തിൽ ബാബുപോൾ കുറിച്ചത്. ഇടുക്കിയില്‍ അണക്കെട്ട് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇ ജെ ജേക്കബ്, 1967 ജനുവരിയില്‍ കാനഡയുമായി ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്, വിദേശനാണ്യവിനിമയം വളരെ കുറവായ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം, ലോകത്തിലെ ഏറ്റവും ഉയരമുള്ള ഡാമുകളില്‍ ഒന്ന് എന്നിങ്ങനെ ഇടുക്കി ഡാമിന്റെ പല സവിശേഷതകളും ബാബു പോൾ വിവരിക്കുന്നു. ഉരുള്‍, ഏലം, കണ്ണന്‍ദേവന്‍ കുന്നുകളില്‍ എന്നിങ്ങനെ അനുഭവ വിവരണങ്ങൾക്ക് ഇടുക്കിയുടെ മണമുള്ള ശീർഷകങ്ങളാണ് നൽകിയത്.
Loading...

കരടിപ്പാറയിലെ ബസപകടത്തെ കുറിച്ച്....

ഇടുക്കിയില്‍ ജോലി ചെയ്യുന്നതിനിടെ നേരിട്ട പ്രതിസന്ധികളും വേദനാകരമായ അനുഭവങ്ങളും ദുരന്തങ്ങളുമെല്ലാം പുസ്തകത്തിലുണ്ട്. കരടിപ്പാറയിലെ ഒരു ബസ് പകടത്തെക്കുറിച്ചുള്ള ചിന്തകളെ കുറിച്ച് അദ്ദേഹം എഴുതിയത് ഇങ്ങനെ- ...ഒരു മൃതദേഹത്തില്‍ ഉണ്ടായിരുന്ന റിസ്റ്റ് വാച്ച് അപ്പോഴും കൃത്യസമയം കാണിച്ചിരുന്നു. ഞാന്‍ മരിച്ചാലും എന്റെ വാച്ച് കൃത്യസമയം കാണിച്ചു എന്നു വരും. എന്നാല്‍ അത് എനിക്ക് ഒരു പ്രശ്‌നം ആയിരിക്കുമോ? ജീവിച്ചിരിക്കുമ്പോള്‍ ഞാനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം എന്ന് എനിക്ക് തോന്നുന്നു. എനിക്ക് മുമ്പ് കോടാനുകോടി ബുദ്ധിശൂന്യര്‍ ഇങ്ങനെ ചിന്തിച്ചു എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഞാന്‍ മരിച്ചാലും ഈ പ്രപഞ്ചത്തിന്റെ താളലയങ്ങള്‍ക്ക് ഒരു ഭംഗവും ഉണ്ടാവുകയില്ല. എത്ര അസുന്ദരമായ സത്യം.

പിറ്റേന്ന് രാവിലെ മടക്കയാത്രയില്‍ ഞാന്‍ എന്റെ അമ്മയെ കണ്ടു. അപകടവിവരം അമ്മ അതിനകം പത്രം വായിച്ച് അറിഞ്ഞിരുന്നു. ഒരമ്മയ്ക്ക് മകനെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഞാന്‍ അന്നാണ് അറിഞ്ഞത്. ഇത്രയധികം മൃതദേഹങ്ങള്‍ ഒരുമിച്ചുകാണുകയും ഇത്ര ദാരുണമായ ഒരപകടത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ട് എനിക്ക് വല്ല തലകറക്കമോ മറ്റോ ഉണ്ടായിക്കാണുമോ എന്നായിരുന്നു എന്റെ അമ്മയുടെ ഉത്കണ്ഠ. രണ്ടാമത്തെ ജില്ല ഭരിക്കുന്ന കളക്ടറാണെന്ന് മാത്രമല്ല സംസ്ഥാനത്തെ കളക്ടര്‍മാരുടെ കൂട്ടത്തില്‍ തല മുതിര്‍ന്നവരില്‍ ഒരാളുമാണ് ഞാന്‍. എന്നാല്‍ എന്റെ അമ്മയ്ക്ക് ഞാന്‍ ഇപ്പോഴും എപ്പോഴും എന്നേക്കും അമ്മ താരാട്ടുപാടിയ ശിശുതന്നെ... എന്റെ മക്കള്‍ക്ക് യൗവനവും എനിക്ക് വാർധക്യവും ആകുമ്പോള്‍ ഞാനും ഇങ്ങനെയൊക്കെതന്നെ പറയുമായിരിക്കും....

സിവില്‍ സര്‍വീസില്‍ എത്തിയിരുന്നില്ലെങ്കില്‍ എഴുത്തുകാരനാകുമായിരുന്ന ബാബുപോള്‍

സാമൂഹിക-സാംസ്കാരിക മേഖലക്ക് കനത്ത നഷ്ടം: ബാബു പോളിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
First published: April 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...