HOME » NEWS » Life » DREAM SPOILS FOR INDIAN NEWLYWEDS IN

അൻസിയും ഭർത്താവും ന്യൂസിലാൻഡിൽ എത്തിയത് ഒരുപാട് സ്വപ്നങ്ങളുമായി; പക്ഷേ വെള്ളിയാഴ്ച എല്ലാം ഇല്ലാതായി

news18
Updated: March 20, 2019, 1:59 PM IST
അൻസിയും ഭർത്താവും ന്യൂസിലാൻഡിൽ എത്തിയത് ഒരുപാട് സ്വപ്നങ്ങളുമായി; പക്ഷേ വെള്ളിയാഴ്ച എല്ലാം ഇല്ലാതായി
  • News18
  • Last Updated: March 20, 2019, 1:59 PM IST
  • Share this:
ക്രൈസ്റ്റ് ചർച്ച്: ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുമായാണ് അൻസി ആലിബാവയും ഭർത്താവ് അബ്ജുൽ നാസറും ന്യൂസിലാൻഡിൽ എത്തിയത്. പണം കടംവാങ്ങിയാണ് കഴിഞ്ഞ വർഷം ഇരുവരും ഇന്ത്യയിൽനിന്ന് വന്നത്. അൻസി അഗ്രിബിസിനസ് മാനേജ്മെന്‍റിൽ ബിരുദാനന്തരബിരുദ പഠനത്തിന് ചേർന്നു. അബ്ദുൽ നാസർ ഒരു സൂപ്പർ മാർക്കറ്റിൽ ബില്ലിങ് സെക്ഷനിൽ ജോലി കണ്ടെത്തി. പഠനം പൂർത്തിയായാൽ അൻസിക്ക് നല്ലൊരു ജോലി കിട്ടുമെന്നും, അതുവഴി നാട്ടിലെ കടമൊക്കെ തീർക്കാമെന്നുമായിരുന്നു ഇരുവരുടെയും പ്രതീക്ഷ. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ മോസ്ക്കിലുണ്ടായ ഭീകരാക്രമണത്തിൽ എല്ലാ പ്രതീക്ഷകളും തകർന്നടിഞ്ഞു. വെടിവെപ്പിൽ അൻസി കൊല്ലപ്പെട്ടു. ജീവിതത്തിൽ ഇനി എന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് അബ്ദുൽ നാസർ.മോസ്ക്കിലെ ഭീകരാക്രമണത്തെക്കുറിച്ച് സി.എൻ.എൻ പ്രതിനിധിയോട് സംസാരിക്കുമ്പോൾ നാസറിന്‍റെ വാക്കുകൾ പലപ്പോഴും ഇടറുന്നുണ്ടായിരുന്നു. 'സംഭവം നടക്കുമ്പോൾ ഞാനും ഭാര്യയും മോസ്ക്കിനുള്ളിലായിരുന്നു. ഒരു വെടി ശബ്ദം കേട്ടു. ആദ്യം കരുതിയത് മോസ്ക്കിന് പുറത്ത് നിന്ന് കളിക്കുന്ന കുട്ടികളുടെ കൈയിലെ ബലൂൺ പൊട്ടിയതായിരിക്കുമെന്നാണ്. എന്നാൽ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തുരുതുരാ വെടിവെപ്പ് ഉണ്ടായി മോസ്ക്കിനുള്ളിൽ ഉണ്ടായിരുന്ന മുന്നൂറോളം ആളുകൾ ചിതറിയോടി. ഒരു എമർജൻസി വാതിലിന് സമീപമാണ് ഞാൻ നിന്നിരുന്നത്. ആരോ വാതിലിന്‍റെ ഗ്ലാസ് തകർത്തു. എന്നെയും വാതിലിലൂടെ പുറത്തേക്ക് തള്ളിയിട്ടു. അതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. എന്‍റെ തൊട്ടുമുന്നിൽ വെടിയേറ്റ് വീണവർ രക്തത്തിൽ കുളിച്ച് കിടക്കുന്നുണ്ടായിരുന്നു. അൻസിയെ അവിയെടെങ്ങും കാണാനായില്ല. തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയ ഞാൻ പൊലീസിനെ വിളിച്ചു. ഭാര്യയെ കാണാനില്ലെന്നും സഹായിക്കണമെന്നും പറഞ്ഞു'- ഇത്രയും പറഞ്ഞുനിർത്തിയപ്പോൾ നാസറിന്റെ കണ്ണുകൾ ഭയന്നു വിറയ്ക്കുന്നുണ്ടായിരുന്നു.

'പള്ളിയിലേക്ക് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. പരുക്കേറ്റ നിരവധിയാളുകൾ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസിനായി കാത്തുകിടക്കുന്നു. പരുക്കേറ്റവരുടെയും കൂട്ടിയിട്ടിരുന്ന മൃതദേഹങ്ങൾക്കുമിടയിലായി കമിഴ്ന്ന് കിടക്കുന്ന നിലയിൽ അൻസിയെ കണ്ടിരുന്നു. അവൾക്ക് അരികിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ പൊലീസ് എന്നെ തടഞ്ഞു. അവിടെനിന്ന് മാറിപ്പോകാനായിരുന്നു അയാൾ പറഞ്ഞത്. അവൾ മരിച്ചോ, അതോ പരിക്കേറ്റ് കിടക്കുകയാണോ എന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ അത് അവൾ തന്നെയായിരുന്നു'- നാസർ പറഞ്ഞു.ശനിയാഴ്ച രാത്രിയോടെയാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 50 പേരിൽ ഒരാൾ അൻസിയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. 'സുഹൃത്ത് രഞ്ജു ജോർജിനൊപ്പം ഇരിക്കുമ്പോഴാണ് പൊലീസ് എന്നെ വിളിച്ചു സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. സുഹൃത്തും മലയാളിയുമായ രഞ്ജു ജോർജിനൊപ്പമാണ് നാസർ അവിടേക്ക് പോയത്. പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മോസ്ക്കിൽവെച്ച് കാണാതായവരുടെ ബന്ധുക്കൾ അവിടെയുണ്ടായിരുന്നു. പ്രിയപ്പെട്ടവർ ജീവനോടെയുണ്ടാകണമെയെന്നായിരുന്നു അവരുടെയൊക്കെ പ്രാർത്ഥന. അൻസി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരിക്കുമെന്നാണ് അപ്പോഴും മനസ് പറഞ്ഞുകൊണ്ടിരുന്നത്'. എന്നാൽ വൈകാതെ ആ സത്യം പൊലീസ് നാസറിനോട് പറഞ്ഞു. അൻസി ജീവനോടെയില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ നാസർ വിതുമ്പി.

രണ്ടുവർഷം മുമ്പായിരുന്നു നാസറിന്‍റെയും അൻസിയുടെയും വിവാഹം. ന്യൂസിലാൻഡിൽ ഏറെ സന്തോഷത്തോടെയാണ് ഇരുവരും ജീവിച്ചതെന്ന് ഇവരുടെ സുഹൃത്തുക്കൾ പറയുന്നു. ' ന്യൂസിലാൻഡിൽ അവൾ വളരെ സന്തോഷവതിയായിരുന്നു, അവർ ഇരുവരും ഇവിടുത്തെ ജീവിതം ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. അവർ ന്യൂസിലാൻഡിലേക്ക് വന്നപ്പോൾ മുതൽ പരിചയമുണ്ടായിരുന്നു - ലിങ്കൻ സർവ്വകലാശാലയിൽ അൻസിയുടെ സഹപാഠിയായ റ്റാലി ആവോ പറയുന്നു.'മൂന്ന് ആഴ്ച മുമ്പാണ് അൻസി പഠനം പൂർത്തിയാക്കിയത്. അധിക ക്ലാസുകളിൽ പങ്കെടുത്ത് അൻസി പഠനം നേരത്തെ പൂർത്തിയാക്കുകയായിരുന്നു. മറ്റുള്ളവരുടെ കോഴ്സ് ഇപ്പോഴും പൂർത്തിയായിട്ടില്ല. അധ്യാപകർക്കും സഹപാഠികൾക്കും അൻസിയെ ഒരുപാട് ഇഷ്ടമായിരുന്നു. പരീക്ഷകളിലും അസൈൻമെന്‍റ് നൽകുന്നതിലും അവൾ ഒന്നാമതായിരുന്നു. തിങ്കളാഴ്ച അൻസിയുടെ മരണത്തിൽ സർവ്വകലാശാല അനുശോചനം രേഖപ്പെടുത്തിയിരുന്നു- റ്റാലി ആവോ പറഞ്ഞു.

New Zealand Terror Attack: കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

അൻസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും നാസറിനെ സഹായിക്കുന്നതിനും മറ്റുമായി ന്യൂസിലാൻഡിലെ മലയാളി സമൂഹം അദ്ദേഹത്തിനൊപ്പമുണ്ട്. നാസറിനെ സഹായിക്കാൻ ധനസമാഹരണത്തിനായി ഇതിനോടകം ഒരു പേജ് തുടങ്ങിയിട്ടുണ്ട്. അൻസിയുടെ പഠനത്തിനായി എടുത്ത വായ്പ തിരിച്ചടക്കുന്നതിന് നാസറിനെ സഹായിക്കുകയാണ് ലക്ഷ്യം. ജീവിതത്തിൽ ഇനി എന്ത് ചെയ്യണമെന്ന് നാസറിന് അറിയില്ല. എങ്ങനെയെങ്കിലും അൻസിയുടെ മൃതദേഹം നാട്ടിലെത്തിക്കണം. അവളുടെ ഉമ്മയും സഹോദരനുമാണ് അവിടെയുള്ളത്. അൻസിയുടെ ഉപ്പം കുറച്ചുവർഷം മുമ്പാണ് മരിച്ചത്. വിവാഹശേഷം തങ്ങൾ ഇരുവരും കൂടുതൽ നാൾ ഒരുമിച്ച് കഴിഞ്ഞത് ക്രൈസ്റ്റ് ചർച്ചിലായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് നാസർ പറഞ്ഞു. അവൾക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് നല്ല ആളുകൾ ഉള്ള സ്ഥലമാണിത്. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ദുരന്തം ഇനി സംഭവിക്കാൻ പാടില്ല- അബ്ദുൽ നാസർ പറഞ്ഞു.
First published: March 19, 2019, 3:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories