• HOME
  • »
  • NEWS
  • »
  • life
  • »
  • English Learning | വളരെ നേരത്തെ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങുന്നത് കുട്ടികളുടെ ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം

English Learning | വളരെ നേരത്തെ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങുന്നത് കുട്ടികളുടെ ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം

കുട്ടികളിൽ നേരത്തെയുള്ള ഭാഷാപഠനം ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യുമെന്ന് ഗവേഷക സംഘത്തിന്റെ കണ്ടെത്തൽ.

  • Share this:
    കുട്ടികളിൽ നേരത്തെയുള്ള ഭാഷാപഠനം ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യുമെന്ന് ഗവേഷക സംഘത്തിന്റെ കണ്ടെത്തൽ. പ്രൈമറി സ്കൂളിൽ തന്നെ ഇംഗ്ലീഷ് പഠനം (English Lessons) ആരംഭിക്കുന്നത് സെക്കൻഡറി സ്കൂളിലെ ഭാഷാ പ്രാവീണ്യത്തെ എത്രത്തോളം സ്വാധീനിക്കുമെന്ന് പരിശോധിക്കവെയാണ് ഗവേഷകസംഘം ഈ നിഗമനത്തിലെത്തിയത്. ഗവേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സിസ്റ്റം ജേണലിൽ പ്രസിദ്ധീകരിച്ചു.

    പ്രൈമറി സ്കൂളിൽ (Primary School) ഒന്നാം ക്ലാസിൽ തന്നെ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങിയ കുട്ടികൾ ഒമ്പതാം ക്ലാസിലെത്തുമ്പോൾ മൂന്നാം ക്ലാസിൽ ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ച കുട്ടികളെക്കാൾ ഭാഷാപ്രാവീണ്യം പ്രകടിപ്പിക്കുന്നതായി പഠനസംഘം കണ്ടെത്തി. ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിലും മനസിലാക്കുന്നതിലും ഈ വ്യത്യാസം പ്രകടമാണ്.

    ഏഴാം ക്ലാസ് വരെയുള്ള കുട്ടികളിലെ ഭാഷാപഠനത്തെ സംബന്ധിച്ച മുൻകാല പഠനത്തിന്റെ തുടർച്ചയായാണ് ഈ പഠനം നടത്തിയത്. ആദ്യത്തെ പഠനത്തിലെ കണ്ടെത്തലുകൾ നേരത്തെ തന്നെ ഭാഷാപഠനം ആരംഭിക്കുന്നതിന്റെ പ്രയോജനം തെളിയിക്കാൻ പര്യാപ്തമായിരുന്നില്ല. ജർമ്മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ 2010 നും 2014 നും ഇടയിൽ നടത്തിയ പഠനത്തിൽ ഏകദേശം 3,000 വിദ്യാർത്ഥികളുടെ വിവരങ്ങളാണ് പരിശോധിച്ചത്.

    ആദ്യത്തെ പഠനത്തിൽ കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് താരതമ്യം ചെയ്യുകയാണ് ഉണ്ടായത്. ഒന്നാമത്തെ ഗ്രൂപ്പിൽ ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് പഠനം ആരംഭിച്ച വിദ്യാർത്ഥികളെയും രണ്ടാം ഗ്രൂപ്പിൽ മൂന്നാം ക്ലാസിൽ ഇംഗ്ലീഷ് പഠനം ആരംഭിച്ചവരെയും ഉൾപ്പെടുത്തി. അഞ്ചും ഏഴും ക്ലാസുകളിൽ എത്തിയപ്പോൾ ഈ കുട്ടികളുടെ ഭാഷാപ്രാവീണ്യം പ്രത്യേകം വിലയിരുത്തി. എന്നാൽ, ഇതേ കുട്ടികൾ ഒൻപതാം ക്ലാസ്സിൽ എത്തിയപ്പോഴുള്ള ഭാഷാപ്രാവീണ്യം വിലയിരുത്തിയതിന്റെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയതാണ് പുതിയ പഠനം.

    ആദ്യത്തെ പഠനത്തിൽ, ഒന്നാം ക്ലാസിൽ തന്നെ ഇംഗ്ലീഷ് പഠനം ആരംഭിച്ച കുട്ടികൾ മൂന്നാം ക്ലാസ് വരെ ഇംഗ്ലീഷ് പഠനം ആരംഭിക്കാത്ത കുട്ടികളെ അപേക്ഷിച്ച് ഭാഷയുടെ പ്രയോഗത്തിൽ മോശം പ്രകടനം കാഴ്ചവെച്ചതായാണ് കണ്ടെത്തിയത്. എന്നാൽ പുതിയ പഠനത്തിൽ, ഒൻപതാം ക്ലാസ്സിൽ എത്തുമ്പോഴേക്കും ഒന്നാം ക്ലാസിൽ തന്നെ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവച്ചതായി കണ്ടെത്താൻ കഴിഞ്ഞു.

    കുട്ടികളിലെ ലിംഗഭേദം, വൈജ്ഞാനികമായ കഴിവുകൾ എന്നീ ഘടകങ്ങൾ പഠനത്തിലെ കണ്ടെത്തലുകൾക്ക് കാരണമായതായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. "നേരത്തെ ഇംഗ്ലീഷ് പഠനം തുടങ്ങുന്ന കുട്ടികളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് സെക്കണ്ടറി സ്കൂളിലെ പരിവർത്തന കാലയളവിനെ തുടർന്നുള്ള ഇംഗ്ലീഷ് പഠനം. ഞങ്ങളുടെ ഗവേഷണത്തിലെ കണ്ടെത്തലുകൾക്ക് നിലവിൽ നൽകാൻ കഴിയുന്ന വിശദീകരണം ഇതാണ്," പഠന സംഘത്തിലെ അംഗമായ നിൽസ് ജേക്കൽ പറഞ്ഞു.

    "ഭാഷാപഠനം വിജയകരമാക്കുന്നതിനുള്ള ഘടകങ്ങൾ വിപുലീകരിക്കുന്നതിൽ ഈ ഗവേഷണം സ്വാധീനം ചെലുത്തുമെന്ന് ഞങ്ങൾ മനസിലാക്കുന്നു. കൃത്യമായ ഏകോപനത്തോടുകൂടിയും തെളിവുകൾ അടിസ്ഥാനമാക്കിയുമുള്ള നടപടികൾ വിദ്യാഭ്യാസ മേഖല കൈക്കൊള്ളണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു", ഗവേഷകർ പറഞ്ഞു.
    Published by:Sarath Mohanan
    First published: