• HOME
 • »
 • NEWS
 • »
 • life
 • »
 • Happy Easter | ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മയില്‍ ആരാധനാലയങ്ങള്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

Happy Easter | ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മയില്‍ ആരാധനാലയങ്ങള്‍; പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

ഇന്നലെ രാത്രി മുതല്‍ തന്നെ സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നിരുന്നു.

 • Share this:
  തിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്തീയവിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍  ആഘോഷിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ തന്നെ സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നിരുന്നു.

  എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുര്‍ബാന അര്‍പ്പിച്ചു. കൂട്ടായ്മയെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് എല്ലാ ക്രൈസ്തവരും വിട്ടു നില്‍ക്കണമെന്ന് ഈസ്റ്റര്‍ സന്ദേശമായി അദ്ദേഹം പറഞ്ഞു.  പറഞ്ഞു.

  തിരുവനന്തപുരം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങിന് ലത്തീൻ കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ കാർമികത്വം വഹിച്ചു. പ്രതികാരം ചെയ്യുക എന്ന മനുഷ്യൻറെ സമീപനം ഇല്ലാതാകണമെന്ന് പറഞ്ഞു.

  ചരിത്രവും പ്രാധാന്യവും അറിയാം

  അമ്പത് ദിവസത്തെ നോമ്പാചരണത്തിന് ശേഷമാണ് ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. വ്രതവും ഉപവാസവും പ്രാര്‍ത്ഥനയും കൊണ്ട് തന്നെ ഈ വിശുദ്ധ നാളുകള്‍ കൊണ്ടാടുന്നു. ഈസ്റ്റര്‍ നമ്മുടെ വീട്ടു പടിക്കലില്‍ എത്തി നില്‍ക്കുമ്പോള്‍, നിങ്ങളില്‍ എത്ര പേര്‍ക്ക് ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം?

  വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ പ്രകാരം, എ ഡി 30 മുതല്‍ അതായത് യേശുവിനെ കാല്‍വരിയില്‍ റോമാക്കന്‍ ക്രൂശിച്ചതില്‍ നിന്നാണ് കഥയുടെ ആരംഭം. യേശുദേവന്‍ കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ശിഷ്യരും അടുപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് കുരിശില്‍ നിന്ന് ഇറക്കി അവിടെ സമീപത്ത് ഉണ്ടായിരുന്ന ഒരു കല്ലറയില്‍ അടക്കം ചെയ്തു.

  എന്നാല്‍, മൂന്നാം നാള്‍ യേശുവിന്റെ പ്രിയപ്പെട്ട ശിഷ്യന്‍മാരും മഗ്ദലന മറിയവും ശവകുടീരത്തിന് അടുത്തെത്തിയപ്പോള്‍ ശൂന്യമായ കല്ലറയാണ് കണ്ടത്. കല്ലറയില്‍ കച്ച ഉണ്ടായിരുന്നെങ്കിലും യേശു ഉണ്ടായിരുന്നില്ല. എന്നാല്‍, യേശു ഉയര്‍ത്തെഴുന്നേറ്റു എന്ന് ആദ്യഘട്ടത്തില്‍ ശിഷ്യന്‍മാര്‍ വിശ്വസിച്ചില്ല. തുടര്‍ന്ന് യേശു മഗ്ദലന മറിയത്തിനു ശിഷ്യന്‍മാര്‍ക്കും പ്രത്യക്ഷപ്പെടുകയും ചെയ്തു.

  ഈ സംഭവത്തിലൂടെ 'യേശു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ദൈവ പുത്രന്‍' ആണെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. അന്നുമുതല്‍ ഈസ്റ്റര്‍ ദിനം ഉയിര്‍പ്പിന്റെ സ്മരണയായി ആചരിക്കുന്നു. ബൈബിളില്‍ ഇങ്ങനെ പറയുന്നു, 'മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് നമുക്കറിയാം. മരണത്തിന് അവന്റെമേല്‍ ഇനി അധികാരമില്ല.' (റോമന്‍സ് 6:9)

  മരിച്ച് മൂന്നാം നാളുള്ള യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആണ് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആയി ആഘോഷിക്കുന്നത്. യേശുദേവനെ അനുഗമിക്കുന്നവര്‍ രക്ഷ പ്രാപിക്കുമെന്നും ക്രൈസ്തവര്‍ വിശ്വസിക്കുന്നു. ഈസ്റ്ററുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളുണ്ട്. ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് ആണ് അതില്‍ പ്രധാനപ്പെട്ടത്.

  ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെ ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുകയും ചെയ്യുന്നു. ദുഃഖവെള്ളിക്കും കുരിശുമരണത്തിനും ശേഷം ഉയിര്‍ത്തെഴുന്നേറ്റ യേശു, ഏത് വിഷമ, പീഡന ഘട്ടത്തിനും ശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമെന്ന് നമുക്ക് പറഞ്ഞു തരുന്നു.

  ഈ കാലഘട്ടത്തില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നതിന്റെ പ്രാധാന്യവും വര്‍ദ്ധിച്ചിട്ടുണ്ട് വസന്തകാലത്തെ ഒരു ഉത്സവത്തിന്റെ പേരായിരുന്ന 'eastre' എന്ന വാക്കില്‍ നിന്നാണ് ഇപ്പോഴത്തെ ഈസ്റ്റര്‍ എന്ന വാക്ക് ഉടലെടുത്തത്.

  ഈസ്റ്ററിന് മുമ്പായി ക്രൈസ്തവ വിശ്വാസികള്‍ക്ക് പ്രധാനമായും രണ്ട് ദിവസങ്ങള്‍ ഉണ്ട്. പെസഹാ വ്യാഴവും ദുഃഖ വെള്ളിയും. യേശു ദേവന്‍ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴവും അതിനെ തുടര്‍ന്നുള്ള ദുഃഖ വെള്ളിയും. ദുഃഖ വെള്ളിയില്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയുമാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.
  Published by:Jayashankar AV
  First published: