• HOME
  • »
  • NEWS
  • »
  • life
  • »
  • Vegetables | പച്ചക്കറികൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയില്ലെന്ന് പഠനം

Vegetables | പച്ചക്കറികൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയില്ലെന്ന് പഠനം

പച്ചക്കറികൾ ധാരാളം കഴിക്കുന്നത് കൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ട് എന്നതിന് തെളിവുകളൊന്നും കണ്ടെത്താൻ ഈ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല

  • Last Updated :
  • Share this:
    രോഗങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യത്തിന് പച്ചക്കറികൾ (Vegetables) കഴിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് നാം കുട്ടിക്കാലം മുതൽ കേൾക്കുന്ന കാര്യമാണ്. എന്നാൽ ധാരാളം പച്ചക്കറികൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ (Cardiovascular Diseases - CVD) സാധ്യത കുറയുമോ? ഇതിന് ഉത്തരമാണ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ നഫീൽഡ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പോപ്പുലേഷൻ ഹെൽത്തിലെയും ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെയും ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പച്ചക്കറികൾ ധാരാളം കഴിക്കുന്നത് കൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ട് എന്നതിന് തെളിവുകളൊന്നും കണ്ടെത്താൻ ഈ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല.

    ഈ പുതിയ പഠനം 'ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രീഷൻ' എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പച്ചക്കറികളുടെ ഉപഭോഗം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് തോന്നിയേക്കാം. കാരണം ഇവയിൽ അടങ്ങിയിട്ടുള്ള കരോട്ടിനോയിഡുകൾ, ആൽഫ-ടോക്കോഫെറോൾ എന്നിവയ്ക്ക് CVDയിൽ നിന്ന് സംരക്ഷണം നൽകാൻ കഴിയുന്ന ഗുണങ്ങളുണ്ട്. എന്നാൽ വേവിച്ചതോ വേവിക്കാത്തതോ ആയ പച്ചക്കറികളുടെ ഉയർന്ന ഉപഭോഗത്തിലൂടെ സിവിഡിയുടെ അപകടസാധ്യത കുറയാൻ സാധ്യതയില്ലെന്നാണ് ഈ പഠന ഫലങ്ങൾ വ്യക്തമാക്കുന്നത്.

    "ജനിതക ഘടകങ്ങളും പരിസ്ഥിതിയും ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളുടെ വികാസത്തിന് എങ്ങനെ സംഭാവന നൽകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വലിയ തോതിലുള്ള പഠനമാണ് യുകെ ബയോബാങ്കിന്റേത്. യുകെ ബയോബാങ്കിന്റെ വിശദമായ വിവരങ്ങൾ ഞങ്ങൾ ഇവിടെ ഉപയോഗപ്പെടുത്തുന്നുണ്ട്. സിവിഡിയുടെ അപകടസാധ്യതയും പച്ചക്കറി കഴിക്കുന്നതും സംബന്ധിച്ച ബന്ധം വിലയിരുത്താനാണ് ഈ വിവരങ്ങൾ ഉപയോഗിച്ചത്" യുകെ ബയോബാങ്കിലെ മുഖ്യ ശാസ്ത്രജ്ഞനും പഠനത്തിലെ സഹ രചയിതാവുമായ പ്രൊഫ നവോമി അലൻ പറഞ്ഞു.

    399,586 പേരുടെ വിവരങ്ങളാണ് ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചത്. അവരിൽ 4.5 ശതമാനം പേർക്ക് സിവിഡി ഉണ്ടായിരുന്നു. ഇവരുടെ വേവിക്കാത്തതും പാകം ചെയ്തതുമായ പച്ചക്കറികളുടെ ഉപഭോഗവും രോഗങ്ങളും തമ്മിലാണ് പഠനത്തിൽ വിശകലനം നടത്തിയത്. എന്നാൽ ഏറ്റവും കുറവ് പച്ചക്കറി കഴിക്കുന്നവരെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പച്ചക്കറി കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് മരിക്കാനുള്ള സാധ്യത 15 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.

    “ഞങ്ങളുടെ ഈ വലിയ പഠനത്തിൽ സിവിഡി ഉണ്ടാകുന്നതിനെതിരെ പച്ചക്കറി നൽകുന്ന സംരക്ഷണത്തിന്റെ തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് “ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ നഫീൽഡ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പോപ്പുലേഷൻ ഹെൽത്തിലെ ഗവേഷകനും പഠനത്തിന്റെ പ്രധാന രചയിതാവുമായ ഡോ ക്വി ഫെങ് പറഞ്ഞു. ഭാവിയിലെ പഠനങ്ങളിൽ പ്രത്യേക തരം പച്ചക്കറികൾക്കോ അവയുടെ തയ്യാറാക്കൽ രീതിയ്ക്കോ സിവിഡി അപകടസാധ്യത കുറയ്ക്കാൻ സാധിക്കുമോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    "ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ചില അർബുദങ്ങൾ ഉൾപ്പെടെയുള്ള പ്രധാന രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും പച്ചക്കറികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എല്ലാ ദിവസവും കുറഞ്ഞത് അഞ്ച് പോഷനെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് ശുപാർശ ചെയ്യപ്പെടുന്നതെന്ന്." ഒക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ബെൻ ലേസി പറഞ്ഞു.
    Published by:Arun krishna
    First published: