നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഗ്രാമത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വിരട്ടിയോടിച്ചു; ഓട്ടത്തിനിടെ കുഴിയിൽ വീണ ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി

  ഗ്രാമത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വിരട്ടിയോടിച്ചു; ഓട്ടത്തിനിടെ കുഴിയിൽ വീണ ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി

  ഗ്രാമത്തില്‍ നിന്നും പെട്ടന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കവെ ആണ് കൂട്ടത്തിലുള്ള ആന ഗ്രാമത്തിലെ ഒരു കുഴിയില്‍ വീണത്.

  • Share this:
   കുഴിയില്‍ വീണ ആനയെ വനം വകുപ്പ് അധികൃതര്‍ രക്ഷിച്ചു. ഒഡീഷയിലെ ബാംഗിരിപോഷി റേഞ്ചിന് അടുത്തുള്ള ടെംപാടോല ഗ്രാമത്തിനടുത്താണ് ആന കുഴിയില്‍ വീണത്. സംഭവ സ്ഥലത്ത് ഒരു ജെസിബി എത്തിച്ചാണ് വനം വകുപ്പ് രക്ഷാ പ്രവര്‍ത്തനം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കാടിനുള്ളിലേക്ക് പ്രവേശിക്കുന്നതിനായി മയൂര്‍ഭഞ്ജ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് പത്തോളം ആനകളാണ് രാത്രിയിലെത്തിയത്. അതേസമയം, ആനക്കൂട്ടത്തെ കണ്ട് ഗ്രാമവാസികള്‍ പരിഭ്രാന്തരായി. അവര്‍ അലറുകയും കൂവി വിളിക്കുകയും ചെയ്തത് ആനകളെ ഭയപ്പെടുത്തി. ഗ്രാമത്തില്‍ നിന്നും പെട്ടന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കവെ ആണ് കൂട്ടത്തിലുള്ള ആന ടെംപാടോല ഗ്രാമത്തിലെ ഒരു കുഴിയില്‍ വീണത്.

   സംഭവത്തെക്കുറിച്ച് ഉടന്‍ തന്നെ നാട്ടുകാര്‍ ബംഗിരിപോഷി വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഒട്ടും താമസിക്കാതെ തന്നെ ഇവര്‍ സംഭവ സ്ഥലത്ത് എത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ശേഷം, ഇവര്‍ ആനയെ രക്ഷിക്കുകയും സുരക്ഷിതമായി കാട്ടിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തു.

   ഇതാദ്യമായല്ല മയൂര്‍ഭഞ്ജില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ഏപ്രിലിലും ഇവിടെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ഒരു കുട്ടിയാനയാണ് 15 ആടി ആഴമുള്ള കുഴിയിലേക്ക് വീണത്. അന്നും വനംവകുപ്പിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടിയാനയ്ക്ക് സ്വന്തമായി കുഴിയില്‍ നിന്ന് ഇഴഞ്ഞിറങ്ങാന്‍ സാധിക്കുന്ന ഒരു പാത തുരന്നുണ്ടാക്കിയാണ് അന്ന് വനം വകുപ്പ് കുട്ടിയാനയെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

   ആനകളെ സംരക്ഷിക്കുന്നതിനായി മയൂര്‍ഭഞ്ജ് ജില്ലയില്‍ എലിഫന്റ് റിസേര്‍വിന്റെ ഭാഗമായി മൂന്ന് സംരക്ഷിത ഭൂമികള്‍ ഉണ്ട്. അവ, ഹഡഗഡ് വന്യജീവി സങ്കേതം, കുല്‍ഡിഹ വന്യജീവി സങ്കേതം, സിമിലിപാല്‍ കടുവാ സങ്കേതം എന്നിവയാണ്. മയൂര്‍ഭഞ്ചില്‍ സ്ഥിതി ചെയ്യുന്ന എലിഫന്റ് റിസര്‍വ് കാരണം ജില്ലയില്‍ ഇതു പോലെയുള്ള സംഭവങ്ങള്‍ ഇപ്പോള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.   ചിലപ്പോള്‍ ആനകള്‍ പ്രദേശത്ത് എത്തി ഇത്തരം കുഴികളില്‍ സ്വയം വീഴാറുണ്ട്. മറ്റു ചിലപ്പോള്‍ അവ പ്രദേശവാസികള്‍ക്ക് പ്രശ്‌നമായി മാറാറുമുണ്ട്. പ്രദേശത്തെ പച്ചപ്പ് നശിച്ചതിനാലാണ്, ആനകള്‍ വനമേഖലയില്‍ നിന്ന് പുറത്തു വരാനുള്ള സാഹചര്യം ഉണ്ടാകുന്നത്. ഇത് സമീപ പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളുടെ ഉപജീവനത്തിനും നിലനില്‍പ്പിനും തന്നെ ഭീഷണിയാണ്.   ആനകളുടെ പെരുമാറ്റം ചിലപ്പോള്‍ പ്രവചനാതീതമാണ്. അതുകൊണ്ട് ആനകളെ ഭയപ്പെടുക തന്നെ വേണം. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ നീലഗിരിയില്‍ സര്‍ക്കാര്‍ ബസിന് നേരെ പാഞ്ഞടുത്ത് ആക്രമിക്കുന്ന വീഡിയോ നിരവധി മൈക്രോബ്ലോഗിംഗ് സൈറ്റുകളില്‍ വൈറലായിരുന്നു.
   Published by:Jayashankar AV
   First published:
   )}