വേനലവധിയായതോടെ പലരും യാത്രകൾ (Travel) പ്ലാൻ ചെയ്യുന്ന മാസങ്ങളാണിത്. കഴിഞ്ഞ രണ്ട് വർഷമായി കോവിഡിനെ (Covid) തുടർന്ന് യാത്രകൾ ചെയ്യാൻ സാധിക്കാതിരുന്ന പലരും ഇപ്പോൾ യാത്രകൾ പ്ലാൻ ചെയ്തു തുടങ്ങി. അന്താരാഷ്ട്ര യാത്രകൾ നടത്താൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. കോവിഡ് കേസുകൾ കുറഞ്ഞു വരുന്നതിനിടയിലും ചില ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനാൽ അന്താരാഷ്ട്ര യാത്ര (International Travel) ആസൂത്രണം ചെയ്യുന്നതിനുമുമ്പ് കോവിഡ് കേസുകൾ വീണ്ടും ഉയർന്നു വരുന്ന രാജ്യങ്ങളുടെ (Country) പട്ടിക നോക്കാം.
യുണൈറ്റഡ് കിംഗ്ഡം
നിങ്ങൾ യുകെയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ രാജ്യത്ത് ഒരു പുതിയ കോവിഡ് വേരിയന്റ് കണ്ടെത്തിയ വിവരം തീർച്ചയായും അറിഞ്ഞിരിക്കണം. ലോകാരോഗ്യ സംഘടനയുടെ (WHO) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, യുകെയിൽ XE എന്ന വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റ് വൈറസ് വകഭേദങ്ങളെക്കാളും കൂടുതൽ വേഗത്തിൽ പകരാൻ സാധ്യതയുള്ളതാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം ആശങ്കാജനകമാണ്. XE വേരിയന്റിന്റെ ആദ്യ കേസ് ജനുവരി 19 നാണ് കണ്ടെത്തിയതെന്ന് ബ്രിട്ടന്റെ ആരോഗ്യ ഏജൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വേരിയന്റിന്റെ 63 ലധികം കേസുകൾ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണ കൊറിയ
കൊറിയൻ സംസ്ക്കാരത്തോടുള്ള ആകർഷണം ലോകത്ത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കൊറിയൻ സിനിമകൾ, കെ-ഫാഷൻ, കെ-സ്റ്റാറുകൾ, കൊറിയൻ സൗന്ദര്യശീലങ്ങൾ തുടങ്ങി ആളുകൾ പിന്തുടരുന്ന നിരവധി കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ദക്ഷിണ കൊറിയ വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രവുമായി മാറിയിരിക്കുകയാണ്. കോവിഡ് കേസുകൾ കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ രാജ്യത്ത് വീണ്ടും കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ച് മൂന്നാം വാരത്തിൽ ദക്ഷിണ കൊറിയയിൽ ആറ് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി മുതൽ എണ്ണം കുത്തനെ ഉയരുന്നുണ്ട്.
ഫ്രാൻസ്
രാജ്യത്തെ ഏറ്റവും വലിയ ആകർഷണം ഈഫൽ ടവറാണ്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണിവിടം. ഫാഷൻ, ഭക്ഷണം, സമ്പന്നമായ സംസ്കാരം എന്നിവയ്ക്ക് പേരുകേട്ട രാജ്യമാണ് ഫ്രാൻസ്. കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പുതിയ കേസുകൾ ഫ്രാൻസിലെ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. ഫെബ്രുവരിക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്.
ഇറ്റലി
ഇറ്റലിയുടെ തലസ്ഥാനമായ റോം ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. കോവിഡ്-19ന്റെ തുടക്കം മുതൽ രാജ്യം വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോൾ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇറ്റലിയിൽ പ്രതിദിനം 70,000 കേസുകൾ രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ സാഹചര്യമല്ല രാജ്യത്തുള്ളത്.
ഹോങ്കോംഗ്
അംബരചുംബികളായ കെട്ടിടങ്ങൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ തുടങ്ങിയവയുള്ള ഒരു നഗരമാണ് ഹോങ്കോങ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിങ്ങളുടെ യാത്രാ പട്ടികയിൽ നിന്ന് ഹോങ്കോങിനെ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഈ ഏഷ്യൻ ദ്വീപിൽ വെള്ളിയാഴ്ച 20,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജർമ്മനി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമ്മനിയിൽ 294,931 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 278 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മനോഹരമായ റൈൻ വാലിക്ക് വളരെ പ്രശസ്തമാണ് ജർമ്മനി.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.