HOME » NEWS » Life » EXCLUSIVE INTERVIEW WITH NOVELIST SABIN IQBAL CV NEW EDIT 1 AR

'ജീവിതത്തിന്റെ പല പ്രതിസന്ധികളെയും തരണം ചെയ്യാൻ സഹായിച്ചിട്ടുള്ളത് എഴുത്ത്'

Interview with Sabin Iqbal | നമ്മുടെ പേര് പറയുമ്പോൾ തന്നെ ചില കാര്യങ്ങൾ വെളിപ്പെടും. നമ്മുടെ പശ്ചാത്തലം, ജീവിതം, ജാതി, മതം അങ്ങനെ ഒക്കെ. പേര് നമ്മുടെ സ്റ്റാമ്പ് ആണ്. അതിലൂടെയാണ് നമ്മുടെ വ്യക്തിത്വം മറ്റൊരു സമൂഹത്തിന്റെ ധാരണയിൽ വികസിച്ചു വരുന്നത്. പേരിന് ഇക്കാലത്തു വളരെ പ്രസക്തി ഉണ്ട്. അത് കൊണ്ടാണ് ചിലർക്ക് പേര് പോലും പ്രശ്‌നമാകുന്നത്.

News18 Malayalam | news18-malayalam
Updated: February 27, 2020, 6:14 PM IST
'ജീവിതത്തിന്റെ പല പ്രതിസന്ധികളെയും തരണം ചെയ്യാൻ സഹായിച്ചിട്ടുള്ളത് എഴുത്ത്'
Sabin Iqbal Interview
 • Share this:
ആദർശ് ഓണാട്ട്

തിരുവനന്തപുരത്തെ വർക്കല എന്ന കടലോര വിനോദസഞ്ചാര കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലീഷിൽ എഴുതിയ നോവലാണ് 'ദി ക്ലിഫ്‌ഹാങ്ങേഴ്‌സ് '. ദീർഘകാലം ഗൾഫ് മേഖലയിലും പിന്നീട് ഇന്ത്യയിലും മാധ്യമപ്രവർത്തകനായിരുന്ന സബിൻ ഇക്ബാലാണ് ഇതിന്റെ രചയിതാവ്. കഴിഞ്ഞ മാസം അലെഫ് പ്രസിദ്ധീകരിച്ച ഈ നോവൽ ഇതിനോടകം തന്നെ വായനക്കാരുടെ പ്രിയ പുസ്തകമായി മാറിയിരിക്കുന്നു. സമകാലീന ഇന്ത്യയുടെ രാഷ്ട്രീയം ഈ നോവലിനെ കാലികമാക്കുന്നുണ്ട്. സി എ എ യും എൻ ആർ സിയുമൊക്കെ ചർച്ചയാവുകയും ഈ വർത്തമാനകാലത്തു നാമം പോലും ശാപമായി മാറുന്ന നാലു മുസ്ലിം ചെറുപ്പക്കാരുടെ കഥയാണ് 'ദി ക്ലിഫ്‌ഹാങ്ങേഴ്‌സ്' പറയുന്നത്.

ഹിന്ദുക്കളും, മുസ്ലിം മത്സ്യത്തൊഴിലാളികളും ഇടതിങ്ങി പാർക്കുന്ന ഒരു പ്രദേശമാണ് വർക്കല. ചരിത്രം തിരതല്ലുന്ന ഒരു ഭൂമിക. അവിടെയാണ് ഉസ്മാൻ, താഹ, ജഹാംഗീർ, മൂസ എന്നിവർ തങ്ങളുടെ ജീവിതം പറയുന്നത്. മൂസയാണ് കഥാകാരൻ. അയാളുടെ ആഖ്യാനത്തിലൂടെയാണ് നോവൽ വികസിക്കുന്നത്. പഠിപ്പിലൊക്കെ അമ്പേ പരാജയപെട്ടു ബീച്ചിലും മറ്റുമായി ചുറ്റിനടക്കുന്ന ഒരു ചെറുകൂട്ടമാണ് 'ദി ക്ലിഫ്‌ഹാങ്ങേഴസ്'. നാട്ടുകാരുടെയും പോലീസിന്റെയും നോട്ടപ്പുള്ളികളാണ് ഇവർ. കുറച്ചൊക്കെ താന്തോന്നിത്തരങ്ങളൊക്കെ ഉണ്ടെങ്കിലും മനുഷ്യസ്നേഹികളായ ഇവരുടെ സന്ദേഹങ്ങൾ ആർക്കും മനസിലാകുന്നില്ല. ബീച്ചിലെത്തുന്ന വിദേശികളിൽ നിന്ന് ഇംഗ്ലീഷ് പ്രാവീണ്യം നേടി മറ്റൊരു ദേശത്തു പോയി മെച്ചപ്പെട്ട ഒരു ജീവിതം ജീവിക്കാനാണ് ഇവരുടെ ആഗ്രഹം. നാട്ടിൽ എന്ത് കുഴപ്പം സംഭവിച്ചാലും ഈ നാൽവർ സംഘത്തിനാണ് തലവേദന. ആദ്യം ആരോപണവിധേയരാകുന്നത് ഇവരാണ്. കുഴപ്പങ്ങൾ ബീച്ചിന്റെ രണ്ടു തലക്കൽ-തെക്കും വടക്കും തലപ്പൊക്കുന്നുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഒരു അടിയൊഴുക്ക് ഇരു സമുദായങ്ങളിലും പുകയുന്നുണ്ട്. നോവലിസ്റ്റ് പറയുന്ന പോലെ പുറമെ കാണുന്ന സമാധാനത്തിന്റെ ആവരണം നേർത്തതാണ്. അതെപ്പോൾ വേണേലും പൊടിപൊടിഞ്ഞുപോകാം, ഒരു പപ്പടം കണക്കെ. മതം ആ ചെറുപ്പക്കാരുടെ ജീവിതത്തിൽ വലിയ അസ്വാരസ്യങ്ങൾ തീർക്കുന്നുണ്ട്.

ഒരു പുതുവർഷരാത്രിയിൽ ബീച്ചിൽ ഒരിടത്തു ഒരു വിദേശവനിത ബലാത്സംഗത്തിന് വിധേയമാകുന്നു. അത് നാട്ടിൽ വലിയ ഒച്ചപ്പാടുണ്ടാക്കുന്നു. സംശയം സ്വാഭാവികമായും നാൽവർ സംഘത്തിലേക്ക് എത്തുന്നു. അതോടെ അവരുടെ നിരപരാധിത്വം തെളിയിക്കേണ്ടുന്ന തലവേദന ക്ലിഫ്‌ഹാങ്ങേഴ്‌സിനാകുന്നു. കഥപറച്ചിലിൽ സബിൻ എന്ന എഴുത്തുകാരൻ പുലർത്തുന്ന കൗതുകം നമ്മളെ മാർകേസിനെ ഓർമപ്പെടുത്തും. ഇവരൊക്കെ ശരിക്കും വർക്കലയിൽ ജീവിച്ചിരുന്നവർ തന്നെയാണോ എന്ന സന്ദേഹം ഓരോ വായനക്കാരിലുമുണ്ടാക്കുന്ന രചനാകുശലതയാണ് ഈ നോവലിന്റെ പ്രത്യേകത.

വർക്കല ടൂറിസം ഭൂമികയിൽ ഇടംനേടുന്നതിന് മുൻപേ തന്നെ ഒരു ഗൾഫ് പോക്കറ്റ് ആണ്. കടൽ കടന്നു മണലാരണ്യങ്ങളിൽ പണിയെടുക്കുന്നവരാണ് അവിടുത്തെ മിക്ക വീടുകളിലേയും ആണുങ്ങൾ. ജീവിതത്തിന്റെ നല്ല പങ്കും വിധവകളെ പോലെ കഴിയുന്നവരാണ് അവിടുത്തെ സ്ത്രീകൾ. അവരുടെ കഥ കൂടി പറയുന്നതാണ് ഈ നോവൽ.

എഴുത്തിന്റെ സൗന്ദര്യവും ലാളിത്യവും കൊണ്ട് മികച്ചൊരു രചനയാണ്‌ ' ദി ക്ലിഫ്‌ഹാങ്ങേഴ്‌സ് '. നോവലിസ്റ്റിനൊപ്പം ഒരു പകൽ വർക്കലയിൽ ചിലവഴിച്ചു നടത്തിയ സംഭാഷണമാണ് ഇത്. തന്റെ ജീവിതത്തെയും നോവലിന്റെ പശ്ചാത്തലത്തെയും അത് എഴുതാൻ സബിൻ എന്ന കഥാകാരൻ ഒഴുക്കിയ അധ്വാനത്തിന്റെ കഥയൊക്കെ ഉൾച്ചേർന്ന് നിൽക്കുന്ന ഒന്നാണിത്..

 • 'ദി ക്ലിഫ്‌ഹാങ്ങേഴ്‌സ്' അങ്ങയുടെ ആദ്യ നോവൽ ആണ്. സ്വാഭാവികമായും അങ്ങ് ജനിച്ചു വളർന്ന വർക്കലയുടെ പശ്ചാത്തലത്തിലുള്ളതാകുമ്പോൾ അത് എത്ര മാത്രം ആത്മകഥാപരമാണ്?


' ദി ക്ലിഫ്‌ഹാങ്ങേഴ്‌സ്' എൻ്റെ നാടിനെക്കുറിച്ചാണ് എന്നത് ശരിയാണ്. പക്ഷെ അത് എന്നെ കുറിച്ചല്ല. എന്നാൽ എന്നെ പോലെ തന്നെയുള്ള ഒരുപാടു ചെറുപ്പക്കാരുടെ കൂടി കഥയാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കിപ്പെടില്ല എന്ന വിശ്വാസത്തിൽ ഞാൻ എഴുതിയതാണ്. നിരന്തരം പ്രസാധകരുടെ നിരാസം അനുഭവിച്ച് മടുത്ത സന്ദർഭത്തിൽ, ഇനിയൊരിക്കലും എന്റെ ഒരു രചനയും വെളിച്ചം കാണില്ല എന്ന നിരാശയെ മറക്കാനായി എഴുതിത്തുടങ്ങിയ നോവലാണ് ഇത്. ഒരു ചെറിയ വരിയിൽ നിന്നാണ് ഇതിന്റെ തുടക്കം. ദോഹയിലെ ഒരു ഷോപ്പിംഗ് മാളിൽ രണ്ടു മൂന്നു വര്ഷങ്ങള്ക്കു മുൻപ്. വളരെ സ്വാന്തത്ര്യത്തോടെ എഴുതി പൂർത്തീകരിച്ച നോവൽ ആണ് ''ദി ക്ലിഫ്‌ഹാങ്ങേഴ്‌സ്' '. ഒരു തമാശക്ക് വേണ്ടി തുടങ്ങി വെച്ചത്. യാതൊരു തരം ഭയമോ, ബോധ്യമോ ഇല്ലാതെയാണ് ഇതിനെ സമീപിച്ചത്. അത് കൊണ്ട് തന്നെയാണ് എനിക്ക് പലകാര്യങ്ങളും തുറന്നെഴുതാൻ കഴിഞ്ഞത്. പലരും എന്നോട് ചോദിച്ചു എങ്ങനെ പേടിയില്ലാതെ എഴുതാൻ കഴിഞ്ഞു എന്ന്. 'ദി ട്രിബ്യുൻ' എന്ന ഇംഗ്ലീഷ് ദിനപത്രം എഴുതിയത് 'ഭയാശങ്കകൾ ഏതുമില്ലാത്ത നോവൽ' എന്നാണ്. എഴുതുന്ന ഘട്ടത്തിൽ ഭയമോ, പേടിയോ എന്നെ പിടികൂടിയിട്ടില്ല. പബ്ലിഷ് ചെയ്യില്ലല്ലോ. എന്റെ രണ്ട് പുസ്തകങ്ങളും റിജെക്ട് ചെയ്യപ്പെട്ടു പോയി. ഇതാണെങ്കിൽ പ്രസിദ്ധീകരിക്കില്ല എന്ന് കരുതി എഴുതിയതാണ്. ഇതിൽ ഞാനില്ല, പക്ഷെ കേരളം ഉണ്ട്. വർക്കല ഉണ്ട്, അവിടുത്തെ മനുഷ്യരുണ്ട്, ജീവിതങ്ങൾ ഉണ്ട്. ഒരു പത്രപ്രവർത്തകൻ എന്ന നിലയിലുള്ള എന്റെ അനുഭവങ്ങളും, കേരളത്തിലെ സുപ്രധാനപെട്ട ചില സംഭവങ്ങൾ കൂടി കോർത്ത് വെച്ചിട്ടുണ്ട് ഈ നോവലിൽ. • എന്നിരുന്നാലും പ്രസിദ്ധികരിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ തോന്നിയിട്ടുണ്ടാവില്ലേ ചില സന്ദേഹങ്ങൾ?


രണ്ടു വര്ഷം മുൻപേ പൂർത്തീകരിച്ചു പ്രസാധകർക്ക് കൊടുത്ത പുസ്തകമാണ് ഇത്. സി എ എ പശ്ചാത്തലമൊന്നും അന്ന് അത്ര സജീവമായിട്ടില്ല. നമ്മുടെ നാട്ടിൽ നടമാടുന്ന എക്സ്ട്രീമിസത്തെ മാത്രം പറയുന്ന ഒരു നോവൽ അല്ല ഇത്. ഇതൊരു വല്ലാത്ത കാതാർട്ടിക് അനുഭവത്തിൽ നിന്ന് തുടങ്ങിയതാണ്. രണ്ട് ധ്രുവങ്ങളിലെയും പൊള്ളത്തരങ്ങളെ കൂടി അനാവരണം ചെയ്യുന്ന തരത്തിലാണ് ഞാൻ ഇത് എഴുതിയിട്ടുള്ളത്. എനിക്ക് ഒരു മതവും ഇല്ല. എത്രയോ മുൻപ് തന്നെ ഞാൻ അത് ഉപേക്ഷിച്ചിട്ടിട്ടുണ്ട്. എൻ്റെ ശരി ക്ലിഫ്‌ഹാങ്ങേഴ്‌സിനൊപ്പം നിൽക്കുന്നതാണ്. ഇതിലെ വിമർശനം സൃഷ്ടിപരമാണ് ആണ്. ഒരുതരം തുറന്നുകാട്ടൽ.

Read Also- അധ്യാപകന്‍റെ 'കാൽ' വെട്ടിയത് സഭയിലെ ചിലരുടെ തലവേദന മാറ്റാനോ? വൈദികന്റെ വെളിപ്പെടുത്തൽ

 • ഇതിലെ കഥാപാത്രങ്ങളുടെ പേര് പോലും അവർക്കു ഒരു ശാപമാകുന്നു. പല പ്രതിസന്ധികളിലും അവർ അകപ്പെട്ടു പോകുന്നത് അത് കൊണ്ടാണ്. 'നിങ്ങളുടെ നാമം പോലും പ്രശ്‌നമാകുന്നു' കാലം ഇന്നുണ്ടായതല്ലല്ലോ? അതെത്രെയോ മുൻപ് തന്നെ ഇവിടെ ഉണ്ട്?


തീർച്ചയായും. ഗൾഫിൽ ജീവിക്കുമ്പോൾ നമ്മൾ 'ഹിന്ദി' ആയിരുന്നു. നീ ഇന്ത്യക്കാരൻ എന്നുള്ള പുച്ഛം. വിദേശ ന്യൂസ് റൂമിൽ ജോലി ചെയ്യുമ്പോൾ നമ്മൾ ഇന്ത്യക്കാരൻ അവനു കുറച്ചു പൈസ കൊടുത്താൽ മതി. സായിപ്പിന് പക്ഷെ വലിയ ശമ്പളം. പണി മൊത്തം എടുക്കേണ്ടത് നമ്മൾ. അപ്പോഴും നമ്മൾ അവിടെ അപരനാണ്. പേരുകൾ ഒരു തരത്തിൽ കമ്മ്യൂണിക്കേഷൻ ആണ്. നമ്മുടെ പേര് പറയുമ്പോൾ തന്നെ ചില കാര്യങ്ങൾ വെളിപ്പെടും. നമ്മുടെ പശ്ചാത്തലം, ജീവിതം, ജാതി, മതം അങ്ങനെ ഒക്കെ. പേര് നമ്മുടെ സ്റ്റാമ്പ് ആണ്. അതിലൂടെയാണ് നമ്മുടെ വ്യക്തിത്വം മറ്റൊരു സമൂഹത്തിന്റെ ധാരണയിൽ വികസിച്ചു വരുന്നത്. പേരിന് ഇക്കാലത്തു വളരെ പ്രസക്തി ഉണ്ട്. അത് കൊണ്ടാണ് ചിലർക്ക് പേര് പോലും പ്രശ്‌നമാകുന്നത്.

 • ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിലവിലെ ഇന്ത്യയിൽ എന്തെങ്കിലും പ്രത്യാശ തോന്നുന്നുണ്ടോ?


ആശങ്കയാണ് ഉള്ളത്. പ്രത്യകിച്ചും പേരിന്റെ ആശങ്ക എനിക്കുമുണ്ട്. ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. എഴുത്തുകാരന് തുറന്നെഴുതാനോ, മറയില്ലാതെ എഴുതാനോ കഴിയുന്ന സാഹചര്യത്തിന് മാറ്റം വന്നിരിക്കുന്നു. ഇന്ത്യ എന്നത് ഒരു മനോഹരമായ ആശയമാണ് അതിൻ്റെ മതേതര സങ്കല്പത്തിന് എതിരെ പ്രവർത്തിക്കുന്നവരോട് സ്വാഭാവികമായും നമ്മൾ പ്രതികരിച്ചു പോവില്ലേ? അതിന്റെ ഒരു ആശങ്ക എന്നിലും ഉണ്ട്. • ഒരു ശരാശരി മലയാളി ചെറുപ്പക്കാരന്റെ വിഹ്വലതകൾ പുലർത്തുന്നവരാണ് നോവലിലെ ചെറുപ്പക്കാർ. അവർ ഇംഗ്ലീഷ് പഠിച്ചു, മറ്റൊരു ദേശത്തേക്കു ജീവിതത്തെ പറിച്ചുനടാൻ നിൽക്കുന്നവരാണ്?


ഞാൻ അടക്കം വർക്കലയിൽ അന്നുണ്ടായിരുന്ന എല്ലാവരുടെയും ആഗ്രഹം ഇംഗ്ലീഷ് തെറ്റില്ലാതെ പറയാൻ പഠിക്കുക എന്നതായിരുന്നു. ഇംഗ്ലീഷ് ഭാഷയോടുള്ള പേടി, ആത്മവിശ്വാസക്കുറവ് എല്ലാ മലയാളികളുടെ വളർച്ചയിലും വിലങ്ങു തടിയാകുന്നുണ്ട്. അന്നും ഉണ്ട് അത് ഇന്നും ഉണ്ട്. നോവലിലെ ആ ഭാഗമൊക്കെ ഒരു പക്ഷെ ആത്മകഥാപരമായ ഒന്നാണ്. വർക്കലയിൽ ഇപ്പോൾ നോക്കിയാലും നമ്മുക്ക് ഉസ്മാനെയും താഹയേയും ജഹാൻഗീറിനെയും മൂസയുമൊക്കെ കാണാം. വർക്കല ഇന്നത്തെ വർക്കല ആകുന്നതിനു മുൻപ് തന്നെ ഞാനൊക്കെ ഇവിടെ കോളേജ് ഒക്കെ കട്ട് ചെയ്തു വരും. വിദേശികളോട് ഹായ്‌ പറയാനും, എന്തെങ്കിലും ഇംഗ്ളീഷൊക്കെ പറയാനുമൊക്കെ. പക്ഷെ അതൊന്നും പറ്റില്ല. സഹജമായ പേടി നമ്മൾ ആശക്തരാക്കും. മറ്റൊരു ലോകത്തെ പറ്റി ചിന്തിച്ച് നമ്മൾക്ക് അതൊന്നും പറ്റില്ലാന്ന് കരുതി വൈകുന്നേരം നിരാശയോടെ വീട്ടിലിലേക്കു എല്ലാവരും മടങ്ങും.

 • ഇതിനെയൊക്കെ എങ്ങനെ തരണം ചെയ്യാൻ കഴിഞ്ഞു. എങ്ങനെ ദുബായിലെ ഇംഗ്ലീഷ് ന്യൂസ്‌റൂമിൽ എത്തിപ്പെട്ടു?


ഞാൻ പഠിച്ചത് വർക്കല അയിരൂർ എന്ന ചെറിയ ഗ്രാമത്തിലെ ട്രൈബൽ കുട്ടികളെ പഠിപ്പിക്കാൻ ഉദ്ദേശിച്ചു സ്ഥാപിച്ച വേടർക്കുന്നു സ്കൂളിലാണ്. അത് കഴിഞ്ഞു ചിലക്കൂർ സ്കൂളിൽ വന്നു, അവിടെ നിന്ന് വർക്കല ഗവണ്മെന്റ് സ്കൂളിലേക്ക്. അവിടെ നിന്ന് ശിവഗിരി സ്കൂളിലേക്ക്. ഇതെല്ലം തന്നെ തനി മലയാളം സ്കൂളുകൾ ആണ്. എന്റെ മാതാപിതാക്കൾ വിദ്യാഭ്യാസമുള്ളവരും ബിരുദധാരികളുമായിരുന്നു. അവർ നന്നായി വായിക്കുകയും, പുരോഗമന മനസുള്ളവരും ആയിരുന്നു. പക്ഷെ എന്നെ അവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിട്ടില്ല. ഇത് പക്ഷെ നമ്മുടെ ഉള്ളിൽ വലിയ കോംപ്ലക്സ് ആയിരിക്കുമെന്നു ആർക്കും മനസിലാവുന്നുണ്ടായിരുന്നില്ല. അത്തരം അപകർഷതയിൽ നിന്നാണ് ഞാൻ ഡിഗ്രിക്ക് കൊല്ലം ഫാത്തിമ മാത കോളേജിൽ ചേരുന്നത്. ഇംഗ്ലീഷ് സാഹിത്യമായിരുന്നു വിഷയം.

അന്ന് ഒരു വരി ഇംഗ്ലീഷ് എഴുതാൻ അറിയുമായിരുന്നില്ല. എല്ലാ സന്ദേഹങ്ങളും വെച്ച് തന്നെയാണ് കൊല്ലത്തെ കോളേജിലേക്ക് വണ്ടി കയറുന്നത്. രണ്ടു കവിതകൾക്കപ്പുറം എന്തെങ്കിലും സീരിയസ് ആയി എഴുതാനുള്ള ഗ്രാഹ്യം ഒന്നും ഇംഗ്ലീഷിൽ അന്നുണ്ടായിരുന്നില്ല. തങ്കശ്ശേരിയിൽ നിന്ന് അന്ന് കോളേജിൽ വന്നിരുന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടികൾ ഒക്കെ ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. നമ്മക്കാണെങ്കിൽ ഇതൊന്നും പറ്റുന്നില്ല. മുട്ടിടിക്കുന്ന പേടി. വിക്ക്, വിറയൽ, പിന്നെ ശരീരമാസകലം വിയർത്തു വരും. പിന്നെന്താണ് ഇതിനൊരു പോംവഴി. കസിൻ സഹീറുമായി ചേർന്ന് ക്രിക്കറ്റ് കമന്ററി കേൾക്കലായി പിന്നീട്. അത് ചെറിയ മാറ്റങ്ങൾ ഉണ്ടാക്കി.

ഒടുവിൽ പ്രസ് ക്ലബ്ബിലെ ജേണലിസം കോഴ്സ് ഒക്കെ കഴിഞ്ഞു, കുറച്ചുകാലം നാട്ടിൽ പത്രപ്രവർത്തകനായി പണിയെടുത്തു. അക്കാലത്താണ് ബാപ്പയുടെ മരണം. സാമ്പത്തികം വലിയ ഒരു ഘടകമായി ജീവിതത്തിൽ നിൽക്കുന്ന കാലം. ഗൾഫ് അല്ലാതെ വേറെ വഴിയില്ലന്നായപ്പോൾ ഏതൊരു വർക്കലകാരനെ പോലെയും, ഏതൊരു മലയാളിയെ പോലെയും എന്നെയും ഗൾഫിലേക്ക് കയറ്റി വിടുന്നു. അബുദാബിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സെക്രട്ടറി ആയിട്ടായിരുന്നു ജോലി. എന്നാൽ ആഗ്രഹമോ ? പത്രപ്രവർത്തനവും. പക്ഷെ അവിടെ എനിക്ക് കിട്ടാവുന്ന പണി അതെ ഉണ്ടായിരുന്നുള്ളൂ. മനസുറച്ചു അവിടെ നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എല്ലാദിവസവും രാത്രി വിഷമം കൊണ്ട് വിങ്ങിപ്പൊട്ടി. ആത്‍മഹത്യ ചെയ്താലോ എന്ന് പോലും ആലോചിച്ച അവസരങ്ങൾ ഉണ്ട്. എന്നിരുന്നാലും പ്രതീക്ഷ കൈവിട്ടില്ല. ജോലിയുടെ ഇടവേളയിൽ എൻ്റെ ചുറ്റുവട്ടത്ത് കാണുന്ന കാഴ്ചകൊളൊക്കെ എഴുതി, കൈയിലുള്ള കുഞ്ഞൻ ക്യാമെറയിൽ പടമൊക്കെ എടുത്തു അവിടുത്തെ എമിറേറ്റ്സ് ന്യൂസ് എന്ന പത്രത്തിന് അയച്ചു കൊടുത്തുകൊണ്ടിരുന്നു. ഒന്നു പോലും പ്രസിദ്ധീകരിച്ചു വന്നില്ല. എന്തൊരു നിരാശയായിരുന്നു. എന്നിരുന്നാലും വീണ്ടും, വീണ്ടും എഴുതി. ഒരു ദിവസം എമിറേറ്റ്സ് ന്യൂസ് എഡിറ്റർ പീറ്റർ ഹലീർ വിളിച്ചിട്ട് അടിയന്തിരമായി ഓഫീസിൽ വന്നു കാണാൻ പറയുന്നു. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു അദ്ദേഹത്തെ കാണാൻ പോകുന്നു. എന്നാണ് താങ്കൾക്ക് ഇവിടെ ജോലിക്കു കയറാൻ പറ്റുക എന്നതായിരുന്നു അദ്ദേഹം അന്ന് ചോദിച്ചത്. ജൂനിയർ സബ്-എഡിറ്റർ ആയി അങ്ങനെ അവിടെ ജോലി ചെയ്യുന്നു. ഒരുപാടു സ്പോർട്സ് ഇവെന്റുകൾ അവിടെ വെച്ച് റിപ്പോർട്ട് ചെയ്യാൻ അവസരം കിട്ടി. ഞാൻ ആരാധിക്കുന്ന എഴുത്തുകാർക്കൊപ്പം ഇരുന്നു ജോലി ചെയ്യാൻ പറ്റി. വലിയ ഒരു തുടക്കം ആയിരുന്നു അത്. • എന്നാണ് തന്നിലെ എഴുത്തുകാരനെ താങ്കൾ കണ്ടെത്തുന്നത്?


അക്കാലത്താണ് അരുന്ധതി റോയിയുടെ 'ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്' ബുക്കർ നേടി പ്രശസ്തമാകുന്നത്. അത് വായിച്ചപ്പോഴാണ് എനിക്കും ഒരു കഥ പറയാനുണ്ട് എന്ന ആഗ്രഹം ഉണ്ടാവുന്നത്. പക്ഷെ എഴുതാൻ പറ്റുന്നില്ല. എഴുതാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അത് പതുക്കെ പതുക്കെ വഴങ്ങി തന്നു. ആ എഴുത്തുകളൊക്കെ ഇപ്പോഴും ഞാൻ സൂക്ഷിച്ചിട്ടുണ്ട്. അതൊക്കെ ഇപ്പോൾ വായിക്കുമ്പോൾ എത്ര ബാലിശമാണെന്നു തോന്നും. ഷാർജയിൽ ഗൾഫ് ടുഡേ എന്ന പത്രത്തിൽ ജോലിയെടുക്കുന്ന കാലത്താണ് എഴുത്ത് ഗൗരവമായി എടുത്തു തുടങ്ങുന്നത്. എഡിറ്റർ വിവേകാനന്ദൻ, ഡെപ്യൂട്ടി എഡിറ്റർ കെ എസ് നായർ ഇവർ രണ്ടും എന്നെ ഒരു പാട് സഹായിച്ചിട്ടുണ്ട്. വിവേകാന്ദൻ പലതും തിരുത്തി തരുമായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയോടുള്ള തീവ്രമായ സ്നേഹം എന്നിലും ആ ഭാഷയെ ഉൾക്കൊള്ളാൻ പ്രേരിപ്പിച്ചു. അക്കാലത്ത് ഇന്റർനെറ്റ് തുറന്നിട്ട ജാലകം വളരെ വലുതായിരുന്നു. പല വിദേശ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ അത് വഴി കഴിഞ്ഞു. അത് എൻ്റെ ഭാഷയെ വിപുലപ്പെടുത്തി.

 • വായനയുടെ സ്വാധീനം?


വലിയൊരു വായനക്കാരനൊന്നുമല്ല ഞാൻ. വാപ്പയുടെ വായന അതിവിപുലമായിരുന്നു. അദ്ദേഹത്തിന്റെ ലൈബ്രറിയിൽ ഉള്ള എഴുത്തുകാരെയൊന്നും അക്കാലത്ത് വായിച്ചാൽ മനസിലാകിലാരുന്നു. ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥയായിരുന്നു വാപ്പയുടെ ലൈബ്രറിയിൽ നിന്ന് എടുത്തു വായിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ആദ്യ പുസ്തകം. ബാലസാഹിത്യ ഇന്സ്ടിട്യൂട്ടിന്റെ പ്രസിദ്ധീകരണങ്ങളാണ് അക്കാലത്തു വായിച്ചതിൽ മനസിലായിട്ടുള്ളത്. വായന പിന്നീട് ക്രമേണ രൂപപ്പെട്ടു വന്നതാണ്. ഡോം മോറിസന്റെ 'മൈസൺസ് ആൻഡ് ഫാദർ' ആണ് അക്കാലത്തു വായിച്ചതിൽ സ്വാധീനിച്ച പുസ്തകം. അനീസ് സലിം, ഇന്നത്തെ എഴുത്തുകാരൻ, ബന്ധുവും, അയല്കാരനുമായിരുന്നു. അദ്ദേഹമാണ് പിന്നീട് വായനയുടെ ലോകത്തേക്ക് എന്നെ കൈപിടിച്ച് കൊണ്ട് പോകുന്നത്. പുള്ളിയുടെ എഴുത്തിനോടുള്ള പാഷൻ ആണ് ശരിക്കും എന്നെയും എഴുത്തുകാരനാക്കിയത്. ഇപ്പോൾ മൂന്ന് നോവലുകൾ എഴുതി തീർന്നു. മറ്റു രണ്ടെണ്ണത്തിൽ ഇപ്പോൾ പണിയെടുത്തു കൊണ്ടിരിക്കുകയാണ്. • മൂന്ന് നോവൽ പൂർത്തീകരിച്ചുവന്നത് വലിയ അത്ഭുതം ഉണ്ടാക്കുന്നു. എങ്ങനെയാണു ഇത്ര പ്രൊഡക്ടിവ് ആയി എഴുതാൻ കഴിയുന്നത്?


എല്ലാ ദിവസവും 1000 വാക്കുകൾ എഴുതുക എന്നതാണ് ഞാൻ പുലർത്തിപോരുന്ന നിഷ്കർഷ. അത് ഏതു പ്രതിസന്ധിയിലും ഞാൻ തുടർന്ന് പോകുന്നു. സമയം കിട്ടുമ്പോഴൊക്കെ ഇരുന്നു എഴുതുക എന്നതാണ് എന്റെ രീതി. മിക്കവാറും പകലാണ് എഴുതുക. വീട്ടിൽ ഇരുന്നാണ് എഴുതാൻ ഇഷ്ടം. എഴുത്താണ് ജീവിതത്തിന്റെ പല പ്രതിസന്ധികളെയും തരണം ചെയ്യാൻ സഹായിച്ചിട്ടുള്ളത്.

 • ലാറ്റിൻ അമേരിക്കൻ കഥാകാരൻ ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ സാന്നിധ്യം ഈ നോവലിൽ ഉണ്ട്. മാത്രവുമല്ല ഏകാന്തതയുടെ നൂറു വർഷങ്ങളിലെ മരണചിത്രീകരണം ഇതിലും ഉപയോഗിച്ചിട്ടുണ്ടല്ലോ?


അതെ. നോവലിലെ ഒരു കഥാപാത്രം മാർകേസിന്റെ ഈ വരികൾ തന്റെ മുറിയിലെ ഭിത്തിയിൽ എഴുതിവെച്ചിട്ടുണ്ട്. മാർകേസ് ഒരുപാടു സ്വാധീനിച്ച ഒരു എഴുത്തുകാരനാണ്. അദ്ദേഹം ഉപയോഗിച്ച മാജിക്കൽ റിയലിസം എന്നാൽ നമ്മുക്ക് അന്യവുമല്ല. ലാറ്റിൻ അമേരിക്കൻ ജീവിതവുമായി പല സമാനതകളും നമുക്കുണ്ട്. നമ്മുടെയും ജീവിതങ്ങളിൽ പ്രത്യേകിച്ച് ഗ്രാമങ്ങളിലെ ജീവിതങ്ങളെ ശ്രദ്ധിച്ചാൽ മാജിക്കൽ റിയലിസം കാണാൻ കഴിയും. പക്ഷെ, നമ്മൾ എത്രത്തോളം അത് എഴുതുന്നു എന്നതാണ്. മറ്റൊരു എഴുത്തുകാരൻ എന്നെ സ്വാധീനിച്ചിട്ടുള്ളത് ജോർജ് ഓർവെൽ ആണ്.

 • 'ദി ക്ലിഫ്‌ഹാങ്ങേഴസിലെ' സ്ത്രീകളൊക്കെയും ശക്തമായ കഥാപാത്രങ്ങളാണ്. എന്നാൽ അവരാരും മാലാഖാമാരുമല്ല. ഒരു പക്ഷെ സമീപകാല ഇന്ത്യൻ ഇംഗ്ലീഷ് രചനയിൽ ഇത്രയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ ഒരു നിര തന്നെ ആദ്യമായിരിക്കും?


വർക്കല ഒരു ഗൾഫ് പോക്കറ്റ് ആണ്. ടൂറിസം ഒക്കെ സജീവമാകുന്നതിനു മുൻപേ അവിടുത്തെ പുരുഷന്മാർ കടൽ കടന്നു പോയിരുന്നു. ഗൾഫിലേക്ക്. സ്ത്രീകളും കുട്ടികളും മാത്രമായിരുന്നു അവിടെ പിന്നെ ഉണ്ടായിരുന്നത്. ഒരു ജന്മം മുഴുവനും വിധവകളെ പോലെ ജീവിക്കാൻ വിധിക്കപെട്ട സ്ത്രീകൾ. നോവലിലെ സ്ത്രീകളെ സൃഷ്ടിക്കുമ്പോൾ ഞാൻ മുൻവിധികൾക്കു പിന്നാലെ പോയില്ല. അവരെ സ്വാഭാവികമായി ജീവിക്കാൻ വിടുകയാണ് ചെയ്തത്. മൂസയുടെ അമ്മ ഒരു ശക്തയായ സ്ത്രീയാണ്. അവർ ഒരു കർക്കശക്കാരിയും മുൻകോപയുമായിരിക്കാം പക്ഷെ അവരുടെ ഉള്ളിൽ സ്നേഹത്തിന്റെ വലിയ ഒരു തുരത്തുണ്ട്. പക്ഷെ പലരീതിയിൽ ജീവിതത്തിലെ നിരാസം അനുഭവിച്ചത്‌ കൊണ്ട് കൂടിയാകണം അവർ ഒരു ദേഷ്യക്കാരിയായി മാറിയിരിക്കുന്നത്. അവർ ഒരു വിധവയെ പോലെയാണ് അവരുടെ ചെറുപ്പകാലം കഴിച്ചു കൂട്ടിയത്. ഭർത്താവ് തിരികെയെത്തുമ്പോഴേക്കും അവരിലെ സ്നേഹത്തിന്റെ ഉറവ വറ്റിപോകുകയാണ്. റഷീദയുടെ കഥാപാത്രവും അങ്ങനെ തന്നെയാണ്. എഴുതുന്ന ഘട്ടത്തിൽ ഇവരൊക്കെ അങ്ങനെ വന്നു പോകുകയാണ്.

 • പാടത്തെ ക്രിക്കറ്റ് മത്സരങ്ങളുടെ മനോഹരമായ ആവിഷ്ക്കാരം നോവലിൽ ഉണ്ട് ?


പണ്ട് നാട്ടിൻപുറങ്ങളിൽ സജീവമായിരുന്നു ഇത്തരം ക്രിക്കറ്റ് മത്സരങ്ങൾ. ക്രിക്കറ്റ് ഒക്കെ അന്ന് ചെറുപ്പക്കാരുടെ പ്രിയ വിനോദമായിരുന്നു. ഞാനും ഒരു ക്രിക്കറ്റർ ആയിരുന്നു. കളി ഒരിടത്തു തകൃതിയിൽ നടക്കുമ്പോൾ മറ്റൊരു അറ്റത്തു ചീട്ടുകളിയാകും. സായിപ്പു വന്നു കളിച്ചു സിക്സർ അടിക്കുമ്പോൾ ചീട്ടു ഒക്കെ ഇട്ടിട്ടു ആൾക്കാർ വന്നു കളി കാണാൻ കൂടുന്ന രംഗമൊക്കെ പണ്ടത്തെ ഓർമയിൽ നിന്നും എഴുതിയതാണ്. നാട്ടിൻപുറങ്ങളിൽ ഇങ്ങനെയൊക്കെയായിരുന്നു.

 • നോവൽ സിനിമയായി കാണാൻ ആഗ്രഹമില്ലേ?


ഇത് വായിച്ചവർ പറഞ്ഞ ഒരു കാര്യമാണ്. ഇതൊരു മൂവി പോലെ ആണ് എന്ന്. ഇതൊരു സിനിമയായി കാണാൻ ഞാൻ ആഗഹിക്കുന്നുണ്ട്.

 • അടുത്ത പുസ്തകങ്ങൾ വർക്കലയെക്കുറിച്ചു തന്നെ ആണോ ?


ജനിച്ച സ്ഥലം എല്ലാവരിലും ഗൃഹാതുരത്വം ഉണ്ടാക്കും. എനിക്കും അങ്ങനെ തന്നെ. റെയിൽവേ സ്റ്റേഷനിൽ എല്ലാ വർഷവും വന്നിറങ്ങുന്ന വിദേശികൾ. അവരൊക്കെ ഒരു ഗൃഹാതുരത്വം ഉള്ള സ്‌മൃതിയാണ്. അവർ വന്നിറങ്ങുമ്പോൾ നമ്മൾ മനസിലാക്കുകയാണ് സീസൺ തുടങ്ങി എന്ന്. ചുവന്ന ബാഗൊക്കെയായി തൊപ്പിയും, കണ്ണടയും വെച്ച് കാമുകിയോടൊപ്പം വന്നിറങ്ങുന്ന സായിപ്പ്. അയാളെ കണ്ട് അലസമായി പ്ലാറ്റഫോമിൽ കിടന്നുറങ്ങുകയായിരുന്ന പട്ടിയുടെ വാലാട്ടൽ. സാധനം ചുമക്കാൻ വരുന്ന പോർട്ടർമാർ. വളരെ നിഷ്കളങ്കമായ ഒരു ടൂറിസ്റ്റ് സ്പോട്ട് ആയിരുന്നു. ഗൾഫ് പണം കൊണ്ട് ഉണ്ടായ മറ്റൊരു വർക്കല. പല സംസ്കാരങ്ങളുടെ സങ്കലനമാണ് വർക്കല. ആഗോള സംസ്കാരത്തിന്റയും തനതു സംസ്കാരത്തിന്റെയും സഹജമായ കൂടിച്ചേരൽ ഉണ്ടവിടെ. കഥകൾ അനവധിയാണ്. തീർച്ചയായും വർക്കല പശ്ചാത്തലമായ പുസ്തക ങ്ങൾ തന്നെയാണ് പൂർത്തീകരിച്ചിരിക്കുന്നത്.

ഇല്ലസ്ട്രേഷൻ- ദീപക് എസ്. രാജ്

ഫോട്ടോ- വി.വി ബിജു
Published by: Chandrakanth viswanath
First published: February 27, 2020, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading