• HOME
 • »
 • NEWS
 • »
 • life
 • »
 • Interview| 'തീവ്രമായതൊന്നും ആത്മീയതയല്ല; തീവ്രമതചിന്തയുളള യുവാക്കൾ അത് തിരിച്ചറിയുന്നില്ല': ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Interview| 'തീവ്രമായതൊന്നും ആത്മീയതയല്ല; തീവ്രമതചിന്തയുളള യുവാക്കൾ അത് തിരിച്ചറിയുന്നില്ല': ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

''ഇത് ഏതെങ്കിലും ഒരു സമുദായത്തെ മാത്രം പ്രതിനിധീകരിക്കുന്ന കഥയല്ല. വിവിധ രൂപത്തിൽ നമ്മുടെ വീടുകളിൽ കയറിപ്പറ്റിയ വ്യാജ ആത്മീയത മനുഷ്യ സങ്കല്പങ്ങളെ അനാരോഗ്യകരമാക്കുവാൻ ശ്രമിക്കുന്നതിൻ്റെ കഥയാണ്. അതു കൊണ്ട് തന്നെ ഇതിലെ നായികയെ ഒരു സമുദായത്തിന്റെ പ്രതീകമായല്ല നമ്മുടെ സമൂഹത്തിന്റെയാകെത്തന്നെ പ്രതീകമാക്കാനാണ് ശ്രമിച്ചത്.''

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

 • Share this:
  പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ "അരികിൽ നീ വന്നിരിക്കൂ" എന്ന ചെറുകഥ കണ്ണൂർ ശ്രീകണ്ഠപുരം സാഹിത്യ തീരം ചർച്ച ചെയ്തു. ഇതിനോടനുബന്ധിച്ച് ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം, ശിഹാബുദ്ദീൻ പൊയ്ത്തുംകടവുമായി നടത്തിയ അഭിമുഖം.

  താങ്കളുടെ ഏറ്റവും പുതിയ രചനയായ "അരികിൽ നീ വന്നിരിക്കൂ " എന്ന കഥയുടെ പശ്ചാത്തലം മുസ്ലീം ഫാമിലി ആണ് . ഒരു എഴുത്തു കാരൻ എന്ന നിലയിൽ സ്വന്തം സമുദായത്തെ പശ്ചാത്തലമായി സ്വീകരിക്കുന്നത് എഴുത്തിനെ അനായാസമാക്കുന്നുണ്ടോ ?

  അരികിൽ നീ വന്നിരിക്കൂ എന്ന കഥ മുസ്ലിം സമുദായത്തിന്റേത് മാത്രമല്ല എല്ലാവരുടെയുമാണ്. സോഷ്യൽ മീഡിയയിൽ ഇതിനകം നടന്ന സജീവമായ ചർച്ചകൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. മുസ്ലിം പശ്ചാത്തലമുണ്ടെങ്കിലും ഇത് എല്ലാവരുടെയും കഥയാണ്. മാത്രമല്ല, ഇത് ഒന്നോ രണ്ടോ വ്യക്തികളുടെ കഥയല്ല. നമ്മുടെ സമൂഹത്തിൻ്റെ കഥയാണ്. കുടുംബത്തിനകത്ത് ആത്മീയതയറ്റു പോയ മതങ്ങൾ വ്യക്തിയുടെ സ്വകാര്യതയിലും പ്രണയത്തിലും പോലും നുഴഞ്ഞു കയറി മനുഷ്യജീവിതം തകരാക്കുന്നതിൻ്റെ ചിത്രമാണ്‌. ആചാരാനുഷ്ഠാനങ്ങൾ എന്ന കോമാളിത്തരങ്ങളെ അടിച്ചേല്പിച്ച് സമൂഹത്തിൻ്റെ സ്വന്തമായി ആലോചിക്കാനുള്ള ബുദ്ധിയെ മരവിപ്പിക്കുകയാണ്. ഇത് എങ്ങനെയാണ് മുംതാസ് സുൾഫിയുടെയും അജ്മൽ ഹുസൈൻ്റെയും ജീവിതസൗന്ദര്യത്തെ അലങ്കോലമാക്കുന്നത് എന്ന് ചിന്തിക്കുകയാണ് കഥ. ഈ പശ്ചാത്തലം എഴുത്തിനെ അനായാസമാക്കി എന്ന് പറയാനാവില്ല. മറ്റു കഥകളുടെ കാര്യത്തിലെന്നതു പോലുള്ള എഴുത്ത് നോവ് ഇതിന് വേണ്ടിയുമുണ്ടായിട്ടുണ്ട്.

  1960 - 70 കളിൽ ഭൂരിഭാഗം മലയാളികളും ദരിദ്രമായ ഒരു കാലത്തിലൂടെ കടന്നുപോന്നിട്ടുണ്ട്. വിശപ്പ്, ദാരിദ്ര്യം എന്നിവ അന്നത്തെ കുട്ടികൾ നന്നായി അനുഭവിച്ചിട്ടുണ്ട്. താങ്കളും ആ തലമുറക്കാരനായിരുന്നു. ദാരിദ്ര്യത്തെ , നേരത്തെ പല കഥകളിലും താങ്കൾ പരിചരിച്ചിട്ടുണ്ട്. അന്നത്തെ വിശപ്പ് ഇന്നും Haunt ചെയ്യുന്നുണ്ടോ ? . ഈ കഥയിലെ നായകനും ദാരിദ്ര്യ പശ്ചാത്തലം കടന്നു വന്നയാളാണ്.

  പട്ടിണി ജീവിതത്തിലെ ഏറ്റവും വലിയ നിസ്സഹായത കളിലൊന്നാണ്. പട്ടിണി കിടക്കുന്ന ലോകത്തിലെ ഏത് മനുഷ്യരെയും മനസ്സ് കൊണ്ട് കണക്ട് ചെയ്യാൻ ഒരു പട്ടിണി കിടന്നവനോളം ആർക്കും പറ്റില്ല. ഞാനതനുഭവിച്ചിട്ടുണ്ട്. താങ്കൾക്ക് അത്തരമനുഭവം ഉണ്ടെന്ന് കരുതുന്നു, ഈ കഥയിലെ നായകനും അതനുഭവിച്ചിട്ടുണ്ട്. സമൃദ്ധിയുടെ കാലത്തും പലർക്കും പഴയത് പലതും മറക്കാനാവില്ല. അതിനാൽ അജ്മൽ ഹുസൈനും അതോർക്കുന്നു.
  ഇന്നും ദിവസം ഒരു നേരം മാത്രം കഴിച്ചു ജീവിക്കുന്ന ആഫ്രിക്കൻ ജനതയുണ്ട്.
  നമ്മൾ എന്ത് ചെയ്യുന്നു?

  ഈ കഥയിലെ നായകന് പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു prototype ആയിട്ടുണ്ടോ ? പുനത്തിൽ ഡോക്ടറായിരുന്നു. ആസ്വദിച്ച് ഭക്ഷണം കഴിച്ചിരുന്നു. ഭാര്യയുമായി ചെറിയ ഒരു പിണക്കം ഉണ്ടായി മാറി താമസിച്ചിരുന്നു. അജ്മൽ ഹുസൈനും അങ്ങനെ ഒരു ഛായയുണ്ട്

  എഴുത്തുകാരനെന്ന നിലയിൽ എനിക്ക് വളരെ സ്നേഹം തോന്നിയ വ്യക്തിയാണ് ശ്രീ.പുനത്തിൽ കുഞ്ഞബ്ദുള്ള . അദ്ദേഹത്തിന്റെ ജീവിതവുമായി ഈ കഥയിലെ നായകന് യാതൊരു ബന്ധവുമില്ല.
  ഡോ.അജ്മൽ ഹുസൈന് ഒരിക്കലും ഒരു ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല.

  മുസ്ലീം സമുദായത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീകൾ പോലും കൂടുതൽ കൂടുതൽ മതാഭിമുഖ്യമുള്ളവരായി മാറുന്നു എന്ന ഒരവസ്ഥയെ ഈ കഥ പരിചരിക്കുന്നില്ലേ

  ഇത് ഏതെങ്കിലും ഒരു സമുദായത്തെ മാത്രം പ്രതിനിധീകരിക്കുന്ന കഥയല്ല. വിവിധ രൂപത്തിൽ നമ്മുടെ വീടുകളിൽ കയറിപ്പറ്റിയ വ്യാജ ആത്മീയത മനുഷ്യ സങ്കല്പങ്ങളെ അനാരോഗ്യകരമാക്കുവാൻ ശ്രമിക്കുന്നതിൻ്റെ കഥയാണ്.
  അതു കൊണ്ട് തന്നെ ഇതിലെ നായികയെ ഒരു സമുദായത്തിന്റെ പ്രതീകമായല്ല നമ്മുടെ സമൂഹത്തിന്റെയാകെത്തന്നെ പ്രതീകമാക്കാനാണ് ശ്രമിച്ചത്.

  നാലഞ്ചു ദശകം മുമ്പ് പർദ്ദ ഒരവശ്യ വസ്ത്രമായി കേരളത്തിലെ മുസ്ലീം സ്ത്രീകൾ കരുതിയിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറുന്നു. ഈ കഥയിലെ മുംതാസ് സുൾഫി വിദ്യാസമ്പന്നയായിട്ടും പർദ്ദയിലേക്ക് മാറുന്നു. എന്താവും അതിന് കാരണം. അല്ലെങ്കിൽ പ്രേരണ. Burkha is not lslam, but Muslim എന്ന് പ്രൊഫസർ ഫരീദ ഖാനത്തിനെ പോലുള്ള ഇസ്ലാമിക പണ്ഡിതകൾ പറഞ്ഞിട്ടുണ്ട്

  അത്തരം വേഷങ്ങൾ വ്യാപകമാകുന്നു എന്നത് സത്യമാണ്. പക്ഷേ
  വേഷം, അനുഷ്ഠാന പ്രകടനങ്ങൾ, മൈക്ക് സെറ്റിലൂടെ രാത്രിയുടെ വ്യത്യസ്ത യാമങ്ങളിൽ ഒഴുക്കിവിടുന്ന ശബ്ദകോലാഹലങ്ങൾ ഇവയിലൊന്നും ആത്മീയമായ എന്തെങ്കിലും അംശം ഉള്ള തായി എനിക്ക് തോന്നിയിട്ടില്ല. കണ്ണുകൾ കൊണ്ട് നോക്കുന്നതൊക്കെ ഭൗതികതയും ഹൃദയം കൊണ്ട് കാണുന്നതെല്ലാം ആത്മീയതയുമാണ്.

  നമ്മുടേത് ഒരു ബഹുസ്വര സമൂഹമാണ്. അതിര് കടന്ന മതാഭിമുഖ്യം പല കോണുകളിൽ നിന്ന് വളരുന്നത് നമ്മുടെ സമൂഹത്തിന് അഭികാമ്യമാണോ? താങ്കൾ എന്ത് കരുതുന്നു. ഈ കഥയിൽ അന്ധമായ ഒരു ഇസ്ലാമിക ധ്രുവീകരണം സംഭവിക്കുന്നതിന്റെ സൂചന ഉള്ളത് കൊണ്ടാണ് ഈ ചോദ്യം.

  നേരത്തെ പറഞ്ഞ ഉത്തരങ്ങൾത്തന്നെ ഇവയ്ക്കും ഉള്ളത്.

  കഥയിലെ നായിക മുംതാസിന് ഒരു തരം മനോരോഗം ഉള്ളതായി സൂക്ഷ്മ വായനയിൽ മനസ്സിലാവും. ആ അർത്ഥത്തിൽ ഇത് ഒരു മനഃശാസ്ത്ര കഥയാണോ ?

  സൂക്ഷിച്ച് നോക്കിയാൽ ആത്മീയതയില്ലാത്ത അനുഷ്ഠാനം ആചാരം ഇവയിലെല്ലാം ഏറിയും കുറഞ്ഞും രോഗാത്മകതയും തികഞ്ഞ അരാഷ്ട്രീയതയും ഉണ്ട്. തൊട്ടു മുന്നിലെ മനുഷ്യനെ അറിയാൻ കഴിയാത്ത ഒരാൾക്കും ഈശ്വരനെ തിരിച്ചറിയാനാവില്ല. നാം നമ്മുടെ ചിന്തകളെ പുരോഹിതന്മാർക്ക് ഏല്പിച്ചു കൊടുക്കുന്നതല്ല. ആത്മീയത അത് ഭൗതികതയാണ്. തെരുവിൽ കിടക്കുന്ന മനുഷ്യരെ കണ്ടില്ലെന്ന് വെച്ച് ദൈവത്തിന് അമ്പലവും പള്ളിയും മോടിപിടിപ്പിക്കുന്നതിൽ എവിടെയാണ് ആത്മീയത? ദൈവം ആർദ്രതയാണ്. വെറുപ്പ് പിശാചാണ്. എന്തിൻ്റെ പേരിലായാലും അന്യരെ വെറുക്കാൻ പഠിപ്പിക്കുന്നതെല്ലാം ദൈവ വേഷം കെട്ടിയ പൈശാചികത മാത്രമാണ്. അതിനെച്ചൊല്ലി 24 മണിക്കൂർ ജാഗ്രത വേണ്ട കാലമാണിത്. മനുഷ്യൻ പെട്ടെന്ന് ബുദ്ധിയെല്ലാം അഴിച്ച് പുരോഹിതന്നും ആചാരം അനുഷ്ടാനം നാടകത്തിനും നൽകിയാൽ അവർ അടിമയാക്കി വെക്കും. സ്വന്തമായി ചിന്തിക്കാനാണ് പ്രകൃതി ഓരോരുത്തർക്കും തലച്ചോറ് കൊടുത്തിട്ടുള്ളത്. നവരസങ്ങളിൽ കരുണയോളം ഭംഗി മറ്റൊന്നിനുമില്ല. അരികിൽ നീ വന്നിരിക്കൂ എന്ന് മാത്രമേ അത് പറയൂ

  ഇസ്ലാമും മുസ്ലിം സംസ്കാരവും ഭിന്നമാണോ ?
  യഥാർത്ഥത്തിൽ സ്ത്രീകൾക്ക് നല്ല പ്രാധാന്യം നൽകുന്ന മതമല്ലേ ഇസ്ലാം. എന്നിട്ടും മുംതാസ് സുൾഫി അടഞ്ഞ ലോകത്തേക്ക് പോകുന്നതെന്താണ്

  ക്ഷമിക്കണം, ഞാനൊരു കഥയെഴുത്തുകാരൻ മാത്രമാണ്. തിയോളജിസ്റ്റല്ല. ദേശ രാജ്യ സംസ്ക്കാരങ്ങൾക്കനുസരിച്ച് മത വേഷങ്ങളും മാറുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഉദാ: ഇന്തോനേഷ്യയിലെ മുസ്ലിങ്ങളല്ല സൗദിയിലേത്. എഴുപതുകളിലെ അഫ്ഗാൻ സ്ത്രീ ജീവിതമല്ല ഇന്ന്. ഇറാനും തുർക്കിയുമൊക്കെ മാറുന്നുണ്ട്. ഇന്ത്യയിലെ ബുദ്ധന്മാരല്ല ഒരു കടലിനക്കരെയുള്ള ശ്രീലങ്കയിലേത്. രോഹിങ്ക്യയിലേത്. വാസ്കോഡ ഗാമയുടെ ക്രിസ്ത്യാനിറ്റിയല്ല ഫാദർ ഡാമിയൻ്റേത്. ഗാമയുടെത് ഭൗതികമതമാണ്. ഫാ.ഡാമിയൻ്റേത് ക്രിസ്തുവിൻ്റെ ആത്മീയതയാണ്. ഇങ്ങനെ സ്ഥലകാലങ്ങൾക്കനുസരിച്ച് മനുഷ്യരിൽ മത വിശ്വാസ ശൈലിയിൽ മാറ്റമുണ്ട്. ഒരേ കത്തി കൊണ്ട് ആപ്പിൾ മുറിച്ച് കൊടുത്ത് ഒരാളെ സൽക്കരിക്കാം. അതേ കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കാം. ഉപകരണമായാലും ആശയമായാലും ഉപയോഗിക്കുന്നത് എങ്ങനെ എന്നതിനെ ആശ്രയിച്ചാണ് മതഭാവത്തിൻ്റെയും അസ്തിത്വം. നിങ്ങളിൽ ദുഷ്ടതയുണ്ടെങ്കിൽ നിങ്ങൾക്കത് ചെയ്യാനുള്ള വഴിയായി അതെല്ലാം മാറുന്നു. അഥവാ നിങ്ങൾ വ്യാഖ്യാനിച്ച് മാറ്റുന്നു. നിങ്ങളിൽ എത്ര ദൈവമുണ്ടെന്നറിയാൻ നിങ്ങളിൽ എത്ര നന്മയുണ്ടെന്ന് മാത്രം പരിശോധിച്ചാൽ മതി. ആത്മീയത വേഷമോ മൈക്ക് സെറ്റിലെ ഒച്ചയോ അല്ല. അവനവനാത്മസുഖത്തിനാചരിക്കുന്നവ
  അപരന്ന് സുഖത്തിനായി വരുന്നുണ്ടോ എന്നൊന്ന് പരിശോധിച്ചാലും മതി. ഗുരു അത് നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. ഗുരുവല്ല വെള്ളാപ്പള്ളി നടേശൻ

  സൽക്കാരങ്ങളിൽ അന്യരെ, അയൽക്കാരെ ക്ഷണിക്കുന്ന അഭിജാതമായ ഒരു പാരമ്പര്യം മുസ്ലിം സംസ്കാരത്തിന്റെ ഭാഗമായിരുന്നു. അതിപ്പോൾ മാറി വരുന്നതിന്റെ സൂചനയുണ്ടോ ?

  അത്താഴപ്പഷ്ണിക്കാരുണ്ടോ എന്ന് ചോദിച്ച് വിളക്ക് പുറത്ത് വെച്ച് അന്വേഷിക്കുന്ന ഒരു ഹൈന്ദവാചാരം ഉണ്ടായിരുന്നു പണ്ട്. വിശക്കുന്നവനോടുള്ള കാരുണ്യമന്നത്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ചുണ്ണുന്നവൻ വിശ്വാസിയല്ലെന്ന് നബിയും പറഞ്ഞിട്ടുണ്ട്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ക്രിസ്തു ഊട്ടി . വിശപ്പിലും പ്രതിസന്ധിയിലും മറ്റുള്ളവരെ അറിയാനുള്ള പ്രാപ്തിയാണ് ആത്മീയത.

  നിലമ്പൂരിലേക്ക് ഒരു ട്രെയിൻ യാത്ര നടത്തുന്നതിന്റെ ആനന്ദത്തെ പറ്റി കഥയിൽ താങ്കൾ പറയുന്നു. അനുഭവിച്ചിട്ടുണ്ടോ ആ യാത്രാ സുഖം?

  പല തവണ ഞാൻ അതു വഴി യാത്ര ചെയ്തിട്ടുണ്ട്. അസാധാരണമായ ഒരാനന്ദം പകർന്നു കിട്ടിയ അനുഭവം അപ്പോഴൊക്കെയും ഉണ്ടായിട്ടുണ്ട്. എൻ്റെ മക്കളോട് പറഞ്ഞപ്പോൾ അവരും അതു വഴി യാത്ര പോയിട്ടുണ്ട്. അവരും യാത്ര കഴിഞ്ഞെത്തി ഇത് ശരി വെച്ചിട്ടുമുണ്ട്.

  ഈ കഥയുടെ ക്ലൈമാക്സിന് വടക്കു നോക്കി യന്ത്രം എന്ന ശ്രീനിവാസൻ സിനിമയുമായി ചെറിയ ഒരു സാദൃശ്യമുണ്ട്. സംശയങ്ങൾ ഒടുങ്ങുന്നില്ല എന്ന കാര്യത്തിൽ. അതിൽ ചികിത്സ കഴിഞ്ഞെത്തിയ തളത്തിൽ ദിനേശന്റെ സംശയം മാറുന്നില്ല. അയാൾ രാത്രിയിൽ വീട്ടിന് വെളിയിൽ ഒരു ജാരനെ തിരയുന്നു. ഇവിടെ ആശുപത്രിയിൽ ഭർത്താവിനെ നേരിട്ട് കണ്ടിട്ടും തൊട്ടു മുൻപ് കോളേജ് ഗേറ്റിൽ കണ്ടത് അയാളെ തന്നെ എന്ന ചിന്തയാണ് മുംതാസിന് .

  എഴുത്തിന്റെ സമയത്ത് അങ്ങനെയൊരു വിചാരം എനിക്കുണ്ടായിട്ടില്ല. അത് യാദൃച്ഛികമായി സംഭവിച്ചതാണ്

  വടക്കൻ കേരളത്തിൽ നിന്ന് ഒരു പാട് യുവാക്കൾ തീവ്രവാദ സംഘടനകളിൽ ആകൃഷ്ടരായി നാട് വിട്ടിട്ടുണ്ട്. ഈ മത തീവ്രവാദ പ്രവണതയെ താങ്കൾ എങ്ങനെ കാണുന്നു?

  ഇപ്പറഞ്ഞതിൽ കാര്യമുണ്ട്. ഈ തീവ്ര മത ചിന്ത എല്ലാ വിഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബാബരി മസ്ജിദ് പൊളിക്കാനും ഐ.എസിൽ പ്രവർത്തിക്കാനും വടക്കൻ കേരളത്തിൽ നിന്ന് യുവാക്കൾ പോയിട്ടുണ്ട്. തീവ്രമായതൊന്നും ആത്മീയതയല്ല. അതവർ തിരിച്ചറിയുന്നില്ല

  ("അരികിൽ നീ വന്നിരിക്കൂ"മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്)
  Published by:Rajesh V
  First published: