• HOME
 • »
 • NEWS
 • »
 • life
 • »
 • EXPERIENCE OF SPENDING A DAY IN IDUKKI PEERMEDE WRITTEN BY DR ASHWATHI SOMAN NEW

'തടാകത്തിന്റെ കരയിലെ കൊടും കാടിനകത്തെ കൊച്ചുവീട്ടിൽ ഒരു ദിവസം, മൊബൈൽ ഫോണിൽ റേഞ്ചില്ല, ടി വി ഇല്ല'

വൈകുന്നേരം ബോട്ടിങ് എന്ന് പ്ലാൻ ആലോചിച്ചപ്പോഴാണ് പണ്ട് എന്നേ മോഹിപ്പിച്ച ഒരു കഥ ഓർമ വന്നത്. കാട്ടിനകത്ത് നമ്മളെ തേടി ആരും വരാത്ത ഒരിടം. ഒരു ഫോൺ കാൾ പോലും ശല്യപെടുത്താത്ത ഒരിടം. പെരിയാർ ടൈഗർ റിസർവിനകത്ത് ഒരു ഫോറസ്റ്റ് ബംഗ്ലാവ്. ചുറ്റും തിങ്ങി നിറഞ്ഞ വനം. കടുവയും, പുലിയും, കരടിയും ഒക്കെ ഉള്ള ഒരു കാട്ടിൽ ഒരു ദിവസം. രാത്രിയിൽ ചന്ദ്രകണങ്ങൾ തടാകത്തിൽ ഉണ്ടാക്കുന്ന ചെറുഅലകളിൽ ചേർന്ന് ഒരു ദിവസം.കേൾക്കുമ്പോ തന്നെ ഒരു കുളിര് അല്ലേ..

photo - dr aswathy soman

photo - dr aswathy soman

 • Share this:
  ഡോ. അശ്വതി സോമൻ

  കരയിൽ നിന്ന് ബോട്ടിലൂടെ സഞ്ചരിച്ചു എത്തുന്ന ഒരു തടാകത്തിന്റെ കരയിലെ കൊടും കാടിനകത്തെ ഒരു കൊച്ച് വീട്ടിൽ ഒരു ദിവസം.. റേഞ്ചില്ല, ടി വി ഇല്ല, ഭക്ഷണം ഉണ്ടാക്കാൻ ഒരു കുക്ക് ഉണ്ട്. നമ്മളും പ്രകൃതിയും.. ദൂരെ നിന്ന് കേൾക്കുന്ന വന്യ മൃഗങ്ങളുടെ ആരവങ്ങളും മാത്രം. മിടുമിടുക്കിയായ ഇടുക്കി സമ്മാനിച്ച ഓർമയാണിത്.

  ഒരു ഒഫീഷ്യൽ കാര്യമായാണ് പെട്ടെന്ന് ഇടുക്കി പീരുമേട് എന്ന സ്ഥലത്തേക്ക് പോകേണ്ടി വന്നത്. ഒരു ദിവസം കൊണ്ട് പോയി വരാൻ പ്ലാൻ ചെയ്തത് കൊണ്ട് കുട്ടികളെ കൂടെ കൂട്ടിയില്ല. ഞാനും അനൂപും കൂടി ഒരു യാത്ര..

  ഇടുക്കിയിൽ ഞങ്ങളെ വരവേറ്റ മൂടൽ മഞ്ഞും, ചാറ്റൽ മഴയും, മഴ മേഘങ്ങളും ഒരുക്കിയ സ്വർഗീയ സുഖം മറ്റൊരു ലോകത്തിലേക്കാണ് എത്തിച്ചത്. ഉച്ചക്ക് 1മണിക്കും നല്ല തണുപ്പുള്ള കാലാവസ്ഥ. ആശുപത്രിയിലെ ആവശ്യം കഴിഞ്ഞപ്പോൾ ഡിഎംഒ ഓഫീസിൽ പോകണം എന്നറിഞ്ഞേ. ഇന്നവിടെ എത്തിയാലും കാര്യങ്ങൾ നടക്കണം എന്നില്ല. അങ്ങനെ അവിടെ തങ്ങാം എന്ന് തീരുമാനിച്ചു.

  വൈകുന്നേരം ബോട്ടിങ് എന്ന് പ്ലാൻ ആലോചിച്ചപ്പോഴാണ് പണ്ട് എന്നേ മോഹിപ്പിച്ച ഒരു കഥ ഓർമ വന്നത്. കാട്ടിനകത്ത് നമ്മളെ തേടി ആരും വരാത്ത ഒരിടം. ഒരു ഫോൺ കാൾ പോലും ശല്യപെടുത്താത്ത ഒരിടം. പെരിയാർ ടൈഗർ റിസർവിനകത്ത് ഒരു ഫോറസ്റ്റ് ബംഗ്ലാവ്. ചുറ്റും തിങ്ങി നിറഞ്ഞ വനം. കടുവയും, പുലിയും, കരടിയും ഒക്കെ ഉള്ള ഒരു കാട്ടിൽ ഒരു ദിവസം. രാത്രിയിൽ ചന്ദ്രകണങ്ങൾ തടാകത്തിൽ ഉണ്ടാക്കുന്ന ചെറുഅലകളിൽ ചേർന്ന് ഒരു ദിവസം.കേൾക്കുമ്പോ തന്നെ ഒരു കുളിര് അല്ലേ..  പക്ഷേ ഒരു പ്രശ്നം മാത്രം, അവിടെ ഒരു മുറി കിട്ടാൻ നല്ല പാടാണ്.
  ഇതിനോട് ചേർന്ന് കെടിഡിസിയുടെ ഒരു ലേക്ക് പാലസുമുണ്ട്. അവിടെ ലക്ഷ്വറി ലിവിങ് സാധ്യമാണ്. പക്ഷേ നമ്മുടെ ടാർഗറ്റ് അതല്ലല്ലോ. അവസാനം രണ്ടും കൽപ്പിച്ചു വനംവകുപ്പ് ഡയറക്റ്റർ സുനിൽ സാറിനെ ഡയറക്റ്റ് വിളിച്ചു. ഇടുക്കിയിലെ പുതിയ ഡോക്ടർ എന്ന് പറഞ്ഞത് കൊണ്ടോ, എന്റെ കാട്ടിലെ ജോലി കൊണ്ടോ എന്നറിയില്ല സ്ഥലവും, കുക്കും, ബോട്ടും എല്ലാം നിമിഷ നേരത്തിൽ റെഡി.

  വൈകുന്നേരം ഒരു 5മണിയോടെ ഞങ്ങൾ അവിടെ എത്തി. പുതിയ വണ്ടി ktdc ആരണ്യവാസിൽ നിർത്തി ബോട്ടിൽ കാടിനകത്തേക്ക്. കുറേ കുരങ്ങന്മാരും കൂടെ കൂടി. അവർക്കു ശകലം പോലും പേടി ഇല്ലാത്തത് കൊണ്ട് എനിക്ക് കുറച്ച് പേടി തോന്നായ്കയല്ല.

  അവിടെ ഞങ്ങളെ കാത്തു കിടന്ന ബോട്ടിലൂടെയുള്ള യാത്ര വളരെ രസകരമായിരുന്നു. മുങ്ങി നിവരുന്ന പൊൻമാനുകളും, ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്ന കടൽ കാക്കകളും അവിടവിടായി കാണുന്ന മാൻ കൂട്ടങ്ങളും. ഊളിയിടുന്ന പക്ഷികളും, മീൻ കൊത്തി പറക്കുന്ന കാക്കകളും,അധികം ദൂരെയല്ലാതെ മേയുന്ന മ്ലാവുകളും, മാനുകളും പ്രകൃതിയോട് ചേർന്നുനിൽക്കുന്ന മഴക്കാടുകളും സ്വപ്നതുല്യമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിച്ചത്.  കഴിഞ്ഞ ആഴ്ച കടുവകളെ കണ്ട സ്ഥലം കാണിച്ചുതരാൻ ബോട്ടിലെ ചേട്ടൻ മറന്നില്ല. ഒരു കാട്ടുപോത്തിനെ ഒരുകൂട്ടം കടുവകൾ ചേർന്ന് ആക്രമിച്ചത്രെ. ആനക്കൂട്ടങ്ങളും അവിടെ ഇഷ്ടം പോലെ.
  കുറച്ചു സമയത്തിനുള്ളിൽ ഞങ്ങളുടെ ഫോറസ്റ്റ് ഐ ബി യിൽ എത്തി.

  കുറച്ചു പടവുകൾ കയറി എത്തിയത് ഞങ്ങളുടെ ഒരു കൊച്ചു സ്വർഗ്ഗത്തിലേക്കാണ്. തൊട്ടടുത്തുള്ള ലേക്ക് പാലസ് വിസിറ്റ് ചെയ്തു. തിരുവിതാംകൂർ മഹാരാജാവിന്റെ സമ്മർ പാലസ് പെരിയാർ തടാകത്തിന് നടുക്കുള്ള ഒരു കൊച്ചു ദ്വീപിൽ ആയിട്ടാണ് സ്ഥിതിചെയ്യുന്നത്. ഒരു 20 മിനിറ്റ് ബോട്ട് റൈഡ്. അതിനോടു ചേർന്നു തന്നെ ഫോറസ്റ്റ് ഐ ബി യും.

  ആദ്യമായാണ് കുട്ടികളെ ഒറ്റയ്ക്കാക്കി പോകുന്നത്. അതുകൊണ്ടുതന്നെ ഫോണിൽ റേഞ്ച് ഇല്ലാതായത് ഒരുപാട് വിഷമം ആയിരുന്നു. അതൊഴിച്ചാൽ പൂർണമായി പ്രശ്നങ്ങൾ ഇല്ലാതെ മുഴുവനായി പ്രകൃതിയിൽ അലിഞ്ഞു ചേരാൻ കഴിയുന്ന ഒരിടം.

  തിരക്കുകൾക്കിടയിൽ നിന്ന് സ്വന്തം സ്വരം കണ്ടെത്തുന്ന ഒരിടം. യാതൊരുവിധ ശല്യങ്ങൾ ഉം ഇല്ലാതെ മലമുഴക്കി വേഴാമ്പലിന്റെ കരച്ചിലും കടുവയുടെ ഗർജ്ജനവും ആനയുടെ ചിഹ്നം വിളിയും മറ്റ് മൃഗങ്ങളുടെ പല ശബ്ദങ്ങളും ചീവിടിന്റെ നിർത്താതെയുള്ള കരച്ചിലും ഓർമ്മകളിൽ സൂക്ഷിച്ചുവയ്ക്കാൻ ആയി ജീവിതത്തിലെ വളരെ ബ്യൂട്ടിഫുൾ ആയ ഒരു ഏടാണ് സമ്മാനിച്ചത്.

  രാവിലെ വാച്ച് ടവറിലേക്ക് നടക്കാനിറങ്ങി. വഴിയിൽ കാട്ടിയുടെ ഒരുകൂട്ടം.കൂടെയുണ്ടായിരുന്ന കുക്ക് കം വാച്ചർ പ്രകാശേട്ടൻ അതിനെ ഓടിച്ചുവിട്ടു. അവരൊക്കെ ഇത് ദിവസവും കാണുന്നതല്ലേ. അതിനുശേഷം കാട്ടുപന്നി ആയിരുന്നു. കരടി മാന്തി കുഴിച്ച് വലിയ കുഴികളും കണ്ടു. വാച്ച് ടവറിൽ ആന പൊളിക്കാൻ ശ്രമിച്ച കിടങ്ങും ബംഗിയുള്ള ഒരു സ്റ്റേ /വ്യൂ പോയിന്റും രാവിലെ തന്നെ ദിവസത്തെ ഗംഭീരമാക്കി.

  യാത്രയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

  പൂർണ്ണ ഊർജ്ജസ്വലതയോടെ തിരിച്ചുവരാൻ ഇടുക്കി യാത്ര സമ്മാനിച്ച ഓർമ്മകൾ ഒരുപാടാണ്. കേരളത്തിന്റെ യഥാർത്ഥ ഭംഗി കാണാൻ ഇടുക്കിയിലൂടെ സഞ്ചരിക്കണം. കോട നിറഞ്ഞ ചുറ്റുപാടും, മഴക്കാടുകളും, വിവിധ തരം സസ്യങ്ങളും, വൃത്തിയായി വണ്ടി ഓടിക്കുന്നവരും.

  കാടുകൾ വകഞ്ഞു മാറ്റി മുന്നോട്ടു പോകുമ്പോൾ കൊച്ച് കൊച്ച് വെള്ളച്ചാട്ടങ്ങൾ ചുറ്റിനും നിറയും. ഉച്ചക്ക് പോലും നമ്മെ ചുറ്റുന്ന കോടമഞ്ഞു മേഘങ്ങൾക്കിടയിലൂടെ സഞ്ചരിക്കുകയാണ് നമ്മൾ എന്നൊരു തോന്നൽ ആണ് നമുക്ക് സമ്മാനിക്കുക.
  മിടുക്കിയായ ഇടുക്കിയുടെ ഓർമ്മയുടെ ഇടയിലേക്ക് ഈ ഒരു ദിനം കൂടി.

  സ്വപ്നത്തിൽ നിന്ന് തിരിച്ചു വന്നു ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാകുന്നത് ഇത് പോലുള്ള ജീവസുള്ള സ്ഥലങ്ങൾ കാരണമാണെന്ന് ഓർത്ത് ഒരിക്കൽ കൂടി സന്തോഷിക്കാനും ഒരു കാരണമായി.

  Total cost of stay: 950 plus food only 😉

  (ആരോഗ്യവകുപ്പിലെ ട്രൈബൽ മെഡിക്കൽ ഓഫീസറാണ് ലേഖിക)
  Published by:Rajesh V
  First published:
  )}