കാഴ്ച സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കണ്ണടകളാണോ (eyeglasses) കോൺടാക്റ്റ് ലെൻസുകൾ (contact lenses) ആണോ നല്ലത് ? ഇതിൽ ഏതാണ് നിങ്ങൾക്ക് അനുയോജ്യം? ഒരാൾ കണ്ണട ധരിക്കണോ അതോ കോൺടാക്ട് ലെൻസുകൾ വെയ്ക്കണോ എന്ന് തീരുമാനിക്കുന്നത് അയാളുടെ വ്യക്തിപരമായ താൽപര്യത്തിന് അനുസരിച്ചായിരിക്കും. ഒരാളുടെ ജീവിത ശൈലി, സൗകര്യം, സാമ്പത്തിക ശേഷി എന്നിവയെ ആശ്രയിച്ചായിരിക്കും ഈ തിരഞ്ഞെടുപ്പ്. കണ്ണടകൾക്കും കോൺടാക്റ്റ് ലെൻസുകൾക്കും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട് (pros and cons). ഉപയോഗിക്കാനുള്ള എളുപ്പം, കാഴ്ച, കണ്ണിന്റെ ആരോഗ്യം എന്നിവയെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. കണ്ണടകളുടെയും ലെൻസുകളുടെയും ചില ഗുണങ്ങളും ദോഷങ്ങളുമാണ് ചുവടെ നൽകിയിരിക്കുന്നത്. കണ്ണടയാണോ കോൺടാക്റ്റ് ലെൻസുകളാണോ തിരഞ്ഞെടുക്കേണ്ടത് എന്ന ആശയ കുഴപ്പത്തിലാണ് നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ വിലയിരുത്തുന്നത് നിങ്ങൾക്ക് പ്രയോജനപ്പെടും.
കണ്ണടയുടെ ഗുണങ്ങൾ:
1. കണ്ണട ധരിക്കുന്നത് കണ്ണുകളിൽ സ്പർശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കും. ഇത് കണ്ണുകളിൽ അസ്വസ്ഥത ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. കണ്ണിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
2. വരണ്ട കണ്ണുകളും സെൻസിറ്റീവായ കണ്ണുകളും ഉള്ളവർ കണ്ണട ധരിക്കുന്നതാണ് ഉചിതം. കണ്ണട ധരിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾ രൂക്ഷമാകില്ല.
3. കോൺടാക്റ്റ് ലെൻസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കണ്ണടകൾക്ക് തീർച്ചയായും ചെലവ് കുറവായിരിക്കും അവ നിങ്ങളുടെ ബജറ്റിന് അനുയോജ്യമായിരിക്കും.
4. നിങ്ങളുടെ ഫാഷന് ഇണങ്ങുന്ന തരത്തിൽ കണ്ണടയുടെ ഫ്രെയിമുകൾ തിരഞ്ഞെടുക്കാൻ കഴിയും, മാത്രമല്ല നിങ്ങളുടെ വ്യക്തിത്വവും ശൈലിയും മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
5. കണ്ണടയുടെ ഗ്ലാസുകൾ കാറ്റ്, പൊടി, തരികൾ എന്നിവയിൽ നിന്ന് കണ്ണിന് സംരക്ഷണം നൽകും.
6. ജോലിയുടേയും മറ്റും ഭാഗമായി നിങ്ങൾക്ക് മണിക്കൂറുകളോളം ലാപ് ടോപ്പിന്റെയും മൊബൈലിന്റെയും സ്ക്രീനിൽ നോക്കേണ്ടതുണ്ടെങ്കിൽ കണ്ണടകൾ ഉപോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ലാപ്‌ടോപ്പുകളുടെയും മറ്റും സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് റെറ്റിനയെ സംരക്ഷിക്കുന്ന ഒരു അൾട്രാവയലറ്റ് ഗാർഡ് കണ്ണടകളിൽ ഉണ്ടാകും
കണ്ണടയുടെ ദോഷങ്ങൾ:
1. കണ്ണിൽ നിന്ന് ഏകദേശം 12 മില്ലിമീറ്റർ, അതായത് ഏകദേശം അര ഇഞ്ച് അകന്നാണ് കണ്ണടകൾ ഇരിക്കുന്നത് അതിനാൽ കണ്ണട വെയ്ക്കുമ്പോൾ നിങ്ങളുടെ പെരിഫെറൽ കാഴ്ച വികലമായേക്കാം.
2. ആദ്യമായി കണ്ണട ധരിക്കുമ്പോൾ കാഴ്ച മങ്ങുന്നതായി തോന്നും മാത്രമല്ല വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ചിലപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
3. കണ്ണട ചിലരുടെ വ്യക്തിത്വം വർധിപ്പിക്കാൻ സഹായിക്കുമെങ്കിലും ചിലർക്ക് ഇത് ഇണങ്ങിയേക്കില്ല. കണ്ണട ധരിച്ചതിന് ശേഷമുള്ള സ്വന്തം രൂപം ചിലർക്ക് ഇഷ്ടമാകാറില്ല. കണ്ണട ധരിക്കുമ്പോൾ ചിലർക്ക് മുഖസൗന്ദര്യം കുറയുന്നതായി തോന്നാറുണ്ട്. ചില സന്ദർഭങ്ങളിൽ, കണ്ണടകൾ കണ്ണുകളുടെ വലുപ്പത്തിൽ അസ്വാഭാവികമായ മാറ്റം തോന്നിപ്പിച്ചേക്കാം. കണ്ണടകൾ ധരിക്കുമ്പോൾ കണ്ണുകൾ ചെറുതാണെന്നോ അല്ലെങ്കിൽ വലുതാണന്നോ തോന്നിയേക്കാം.
കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നതിന്റെ ഗുണങ്ങൾ:
1. കോൺടാക്‌റ്റ് ലെൻസുകൾ നിങ്ങളുടെ ദൃശ്യമണ്ഡലം വിപുലമാക്കും. കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുമ്പോൾ കണ്ണട ധരിക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ കാഴ്ച വൈകല്യങ്ങളും തടസ്സങ്ങളും കുറവായിരിക്കും.
2. കോൺടാക്റ്റ് ലെൻസുകൾ ധരിച്ചു കൊണ്ട് നിങ്ങൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടാം, വ്യായാമം ചെയ്യാം അല്ലെങ്കിൽ നൃത്തം ചെയ്യാം.
3. കോൺടാക്റ്റ് ലെൻസുകളെ വിവിധ കാലാവസ്ഥാ സാഹചര്യങ്ങൾ സാധാരണയായി ബാധിക്കില്ല, മാത്രമല്ല തണുത്ത കാലാവസ്ഥയിൽ മഞ്ഞ് മൂടി കാഴ്ച മങ്ങില്ല .
4. വ്യത്യസ്ത നിറത്തിലുള്ള ലെൻസുകൾ പരീക്ഷിക്കാൻ കഴിയും.
കോൺടാക്റ്റ് ലെൻസുകളുടെ ദോഷങ്ങൾ:
1. കോൺടാക്റ്റ് ലെൻസ് വെയ്ക്കുമ്പോഴും മാറ്റുമ്പോഴും ആളുകൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ശരിയായ പരിശീലനത്തിലൂടെ ഇത് പരിഹരിക്കാൻ കഴിയും.
2. കോൺടാക്ട് ലെൻസുകൾ കണ്ണിലേക്ക് എത്തുന്ന ഓക്സിജന്റെ അളവ് കുറയ്ക്കും. അതിനാൽ ഡ്രൈ ഐ സിൻഡ്രോം രൂക്ഷമാകാൻ കാരണമാകും.
3. കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്നത് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ വഷളാക്കും.
4. കോൺടാക്‌റ്റ് ലെൻസുകൾക്ക് ശരിയായ രീതിയിൽ പരിചരണവും അതുപോലെ വൃത്തിയാക്കലും ആവശ്യമാണ്. അല്ലെങ്കിൽ കണ്ണുകളിൽ ഗുരുതരമായ അണുബാധകൾ ഉണ്ടായേക്കാം.
5. കോൺടാക്റ്റ് ലെൻസ് ധരിച്ച് ഉറങ്ങുന്നത് കണ്ണുകൾക്ക് അസ്വസ്ഥതയും ചുവപ്പും ഉണ്ടാക്കിയേക്കാം. കണ്ണുകൾ വരളുന്നതിനും കാരണമായേക്കാം.
6. ഇതിനെല്ലാം പുറമെ , കോൺടാക്റ്റ് ലെൻസുകൾ വാങ്ങുന്നതിനും പരിപാലിക്കുന്നതിനും ചെലവ് വളരെ കൂടുതലാണ്.
കണ്ണടകളുടെയും കോൺടാക്റ്റ് ലെൻസുകളുടെയും ഗുണങ്ങളും ദോഷങ്ങളും നൽകിയിരിക്കുന്നത് ഐ ക്യു പങ്കുവച്ച വിവരങ്ങൾ അനുസരിച്ചാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Eye strain