• HOME
  • »
  • NEWS
  • »
  • life
  • »
  • Sheryl Sandberg | വിടവാങ്ങൽ കുറിപ്പിൽ ഇന്ത്യയുടെ പേര് പരാമർശിച്ച് Meta COO; പടിയിറക്കം 14 വർങ്ങൾക്കു ശേഷം

Sheryl Sandberg | വിടവാങ്ങൽ കുറിപ്പിൽ ഇന്ത്യയുടെ പേര് പരാമർശിച്ച് Meta COO; പടിയിറക്കം 14 വർങ്ങൾക്കു ശേഷം

14 വർഷത്തെ സേവനത്തിനു ശേഷമാണ് ഷെറിൽ സാൻഡ്ബെർഗ് കമ്പനിയിൽ നിന്ന് രാജി വെക്കാനൊരുങ്ങുന്നത്

  • Share this:
    വിടവാങ്ങൽ കുറിപ്പിൽ ഇന്ത്യയുടെ പേര് പരാമർശിച്ച് ഫെയ്സ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റയുടെ (Meta) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (chief operating officer - COO) ഷെറിൽ സാൻഡ്ബെർഗ് (Sheryl Sandberg). 14 വർഷത്തെ സേവനത്തിനു ശേഷമാണ് ഷെറിൽ സാൻഡ്ബെർഗ് കമ്പനിയിൽ നിന്ന് രാജി വെക്കാനൊരുങ്ങുന്നത്. ഫേസ്ബുക്കിന് ഒപ്പമുള്ള തന്റെ യാത്രയെക്കുറിച്ചും സോഷ്യൽ മീഡിയയുടെ ശക്തിയെക്കുറിച്ചും ഷെറിൽ വിടവാങ്ങൽ കുറിപ്പിലൂടെ പങ്കുവെച്ചു. ഇന്ത്യയിലെ ഒരു വനിതാ കൂട്ടായ്മയെക്കുറിച്ചും അവർ പോസ്റ്റിൽ കുറിച്ചു.

    ''കഴിഞ്ഞ മാസമാണ് സ്വയം തൊഴിൽ കണ്ടെത്തിയ ഇന്ത്യയിലെ ഒരു വനിതാ കൂട്ടായ്മയെക്കുറിച്ച് കേട്ടത്. അവരുടെ കൂട്ടായ സഹകരണവും വാട്സ് ആപ്പിലൂടെ അവർ എങ്ങനെ സംഘടിക്കുന്നു എന്ന വിവരങ്ങളുമൊക്കെ ഞാൻ മനസിലാക്കി. ചെറുകിട ബിസിനസ് ഉടമകളെ കാണാനും അവരുടെ കഥകൾ കേൾക്കാനും ലോകം ചുറ്റി സഞ്ചരിക്കുന്നത് (നേരിട്ടും ഓൺലൈൻ വഴിയും) എനിക്ക് ഇഷ്ടമാണ്'', വിടവാങ്ങൽ കുറിപ്പിൽ ഷെറിൽ സാൻഡ്ബെർഗ് പറഞ്ഞു.

    മാർക്ക് സക്കർബർഗുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയും സാൻഡ്ബെർഗ് അനുസ്മരിച്ചു. ആ കൂടിക്കാഴ്ച ഒടുവിൽ ഫേസ്ബുക്കിൽ എത്തിച്ചേർന്നെന്നും അവർ കുറിച്ചു. ഒരു പാർട്ടിയിൽ വെച്ചാണ് സക്കർബർഗിനെ കണ്ടുമുട്ടിയെന്നും ഫേസ്ബുക്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് അവർ അന്ന് സംസാരിച്ചെന്നും കുറിപ്പിൽ പറയുന്നു.

    ''മറ്റ് ആളുകളുമായി ബന്ധപ്പെടാൻ ആളുകൾ അവരുടെ യഥാർത്ഥ വ്യക്തിത്വം ഓൺലൈനിൽ പ്രകടിപ്പിക്കുമെന്ന മാർക്കിന്റെ കാഴ്ചപ്പാട് വളരെ ആകർഷകമായിരുന്നു. ഞങ്ങൾ അതേക്കുറിച്ച് രാത്രി മുഴുവൻ സംസാരിക്കുകയും ചെയ്തു'', ഷെറിൽ കൂട്ടിച്ചേർത്തു.

    മീറ്റിംഗ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം, സക്കർബർഗ് സാൻഡ്ബെർഗിന് ജോലി വാഗ്ദാനം ചെയ്തു. ഫെയ്‌സ്ബുക്കിൽ ചേരുമ്പോൾ മൂന്ന് കാര്യങ്ങൾ താൻ ആവശ്യപ്പെട്ടതായും അവർ വെളിപ്പെടുത്തി. ഞങ്ങൾ പരസ്പരം അടുത്ത് ഇരിക്കണമെന്നും, എല്ലാ ആഴ്‌ചയും അദ്ദേഹവുമായി മീറ്റിങ്ങ് നടത്തണമെന്നും, ആ മീറ്റിങ്ങികളിൽ സത്യസന്ധമായ ഫീഡ്ബാക്ക് നൽകണം എന്നുമായിരുന്നു ആ മൂന്ന് ആവശ്യങ്ങൾ. ആ വാഗ്ദാനങ്ങൾ അദ്ദേഹം ഇന്നു വരെ പാലിച്ചെന്നും തങ്ങൾ ഇപ്പോഴും ഒരുമിച്ചാണ് ഇരിക്കുന്നത് (കോവിഡ് കാലത്ത് അങ്ങനെ ആയിരുന്നില്ല) എന്നും, എല്ലാ ആഴ്‌ചയും പരസ്പരം കാണുമെന്നും, ഫീഡ്‌ബാക്കുകൾ നൽകാറുണ്ടെന്നും ഷെറിൽ കൂട്ടിച്ചേർത്തു.

    ആദ്യസമയത്ത് ജോലി അൽപം ബുദ്ധിമുട്ട് നിറഞ്ഞത് ആയിരുന്നെന്നും ഷെറിൽ‌ വെളിപ്പെടുത്തി. ''രാവിലെ ഒൻപത് മണിക്ക് ഒരു എഞ്ചിനീയറുമായി ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്തു എന്നിരിക്കട്ടെ, ആ സമയത്ത് അവർ എത്തിയിട്ടുണ്ടാകില്ല. ഞാൻ ഉദ്ദേശിച്ചത് രാത്രി 9 മണിയാണെന്ന് അവർ വിചാരിക്കും, കാരണം ആരാണ് രാവിലെ ഒൻപതു മണിക്കൊക്കെ ജോലി സ്ഥലത്ത് എത്തുക? ഞങ്ങൾക്ക് ചില പരസ്യങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അവയൊന്നും നല്ല രീതിയിൽ പ്രവർത്തിച്ചില്ല, ഞാൻ കണ്ടുമുട്ടിയ മിക്ക പരസ്യദാതാക്കളും ഞങ്ങളുടെ ഹോംപേജിൽ പരസ്യം നൽകാനാണ് ആ​ഗ്രഹിച്ചത്. എന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ, ഉയർച്ചയിലും താഴ്ച്ചയിലുമൊക്കെ, മാർക്ക് ഒപ്പം ഉണ്ടായിരുന്നു'', ഷെറിൽ കൂട്ടിച്ചേർത്തു.
    Published by:Arun krishna
    First published: