കർണാടകയിൽ മകനൊപ്പം പത്താം ക്ലാസ് പരീക്ഷയെഴുതിയ (SSLC)പിതാവ് മികച്ച വിജയം. 1993-94 വർഷത്തിലാണ് റഹ്മത്തുള്ള ഒമ്പതാം ക്ലാസ് പാസായത്. ഇതിനു ശേഷം പഠനം തുടരാതെ ജോലിയിലേക്ക് തിരിയുകയായിരുന്നു. 28 വർഷങ്ങൾക്കു ശേഷം പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ റഹ്മത്തുള്ളയുടെ അധ്യാപകനും ആത്മവിശ്വാസവും ആയത് മകൻ മുഹമ്മദ് ഫർഹാൻ ആണ്.
ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുത്ത ഫർഹാൻ തനിക്കൊപ്പം പരീക്ഷയെഴുതാൻ ഉപ്പയേയും നിർബന്ധിക്കുകയായിരുന്നു. മകന്റ പിന്തുണയിൽ വർഷങ്ങൾക്ക് മുമ്പ് മുടങ്ങിയ പഠനം തുടരാൻ റഹ്മത്തുള്ളയും തയ്യാറായി. ഒടുവിൽ ഫലം വന്നപ്പോൾ 625 ൽ 333 മാർക്ക് വാങ്ങി റഹ്മത്തുള്ള പാസാകുകയും ചെയ്തു.
അച്ഛനെ പഠിപ്പിച്ച ഫർഹാനും മികച്ച വിജയമാണ് പത്താം ക്ലാസ് പരീക്ഷയിൽ സ്വന്തമാക്കിയത്. 625 ൽ 613 മാർക്കാണ് ഫർഹാൻ നേടിയത്. ഇംഗ്ലീഷ്, കണക്ക്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ നൂറ് മാർക്ക് നേടിയ ഫർഹാൻ കന്നഡ, ഹിന്ദി എന്നീ വിഷയങ്ങൾക്ക് 125 ൽ 125 മാർക്കും സ്വന്തമാക്കി.
Also Read-
കരുണയോടെ സർക്കാർ; 53 വർഷത്തിന് മുമ്പു നടന്ന വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിയെന്ന് മന്ത്രി എം.വി ഗോവിന്ദൻ
പിതാവിനോട് തനിക്കൊപ്പം പരീക്ഷയെഴുതാൻ ആവശ്യപ്പെടുക മാത്രമല്ല ഫർഹാൻ ചെയ്തത്, അദ്ദേഹത്തെ ദിവസവും ഇരുത്തി പഠിപ്പിക്കുകയും ചെയ്തു ഫർഹാൻ. പത്താം ക്ലാസ് പാസാകാത്തയാൾക്ക് സമൂഹത്തിൽ ഒരു വിലയും ഇല്ലെന്നാണ് റഹ്മത്തുള്ളയുടെ അഭിപ്രായം. വർഷങ്ങൾക്ക് മുമ്പ് മുടങ്ങിയ ആഗ്രഹം മകൻ നൽകിയ ആത്മവിശ്വാസത്തിൽ പൂർത്തിയാക്കിയതിന്റെ സന്തോഷവും അദ്ദേഹത്തിനുണ്ട്.
ഗാർമെന്റ് ഷോപ്പിൽ ജോലി ചെയ്യുന്ന റഹ്മത്തുള്ള പണി കഴിഞ്ഞ് വീട്ടിലെത്തിയാൽ മൂന്നര മണിക്കൂർ ഫർഹാനൊപ്പം പഠനത്തിനായി മാറ്റിവെക്കുമായിരുന്നു. തന്റെ അധ്യാപകന്റെ സ്ഥാനത്താണ് മകനെന്നാണ് ഈ പിതാവ് പറയുന്നത്. അധ്യാപകനെ പോലെ തന്നെ പഠിപ്പിക്കുകയും പരീക്ഷ എഴുതാനുള്ള ആത്മവിശ്വാസം വളർത്തുകയും ചെയ്ത് പത്താം ക്ലാസ് വിജയിക്കാൻ സഹായിച്ച മകനെ കുറിച്ച് അഭിമാനവും സന്തോഷവുമുണ്ടെന്ന് റഹ്മത്തുള്ള.
ശാസ്ത്രജ്ഞനാകനാണ് ഫർഹാന്റെ ആഗ്രഹം. ആദ്യം കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടുമെന്നും ഫർഹാൻ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.