നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പീഡനത്തിനിരയായ പത്തു വയസുകാരിയുടെ പിതാവിനെ മരണത്തിലേക്ക് നയിച്ചതാര്?

  പീഡനത്തിനിരയായ പത്തു വയസുകാരിയുടെ പിതാവിനെ മരണത്തിലേക്ക് നയിച്ചതാര്?

  കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിൽ പീഡനത്തിനിരയായ പത്തു വയസുകാരിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് 18 കേരള റിപ്പോർട്ടറുടെ അനുഭവക്കുറിപ്പ്

  News18 Malayalam

  News18 Malayalam

  • Share this:
  മാനസിക പ്രശ്നമുണ്ടായിരുന്ന ഒരാൾ ആത്മഹത്യ ചെയ്തു. അതൊരു സാധാരണ സംഭവമായി തോന്നി.

  തിങ്കളാഴ്ച രാവിലെ ആറേകാലിനാണ് ആ ഫോൺ കോൾ എത്തിയത്. കഴിഞ്ഞദിവസം പുറത്ത് വന്ന പോക്സോ കേസിലെ പത്തു വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു.കുറേ കാലമായി മാനസികപ്രശ്നങ്ങളുണ്ടായിരുന്ന ആളാണ് എന്നാണ് അറിഞ്ഞത്. വിളിച്ചയാൾ പറഞ്ഞു നിർത്തി. നല്ല ഉറക്കത്തിലായതിനാൽ  കാര്യമായി ഒന്നും തോന്നിയില്ല. വിഷമം കൊണ്ട് ആത്മഹത്യ ചെയ്ത ഒരാൾ എന്നായിരുന്നു ആദ്യ ചിന്ത.

  പക്ഷേ പത്തു വയസ്സുകാരിയായ  മകൾ പീഡിപ്പിക്കപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് അച്ഛൻ ആത്മഹത്യ ചെയ്തത്. അതോടെ ചിന്തകൾ മാറി. വേദനകൾ അതുപോലെ അനുഭവിക്കുന്നത്  നോർമൽ അല്ലേ എന്ന് തോന്നി.മരിച്ച ആൾക്ക്  മാനസികപ്രശ്നമെന്ന ചിന്ത മനസ്സിൽ നിന്നു പോയി.

  സംഭവമുണ്ടായത് ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലാണ്. സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിച്ചു. വാർത്ത നൽകി.

  പോക്സോ കേസിലെ റിപ്പോർട്ടിങ് പരിമിതികൾ നന്നായി മനസ്സിൽ വന്നു. ഇരയെ തിരിച്ചറിയുന്ന ഒന്നും  വാർത്തയിൽ പാടില്ല. വീട്, സ്ഥലം, ബന്ധുക്കൾ... മകൾക്ക് ഏറ്റ വേദനയിൽ ജീവിതം അവസാനിപ്പിച്ച അച്ഛന്റെ പേരു പോലും  അങ്ങനെ വാർത്തകളിൽ നിന്ന് മാറി നിന്നു.

  കേസ് ഒത്തുതീർപ്പാക്കാൻ ചില നീക്കങ്ങൾ നടന്നു എന്ന വിവരമാണ് പിന്നെ കേട്ടത്. അതോടെ നേരിട്ട് പോകാൻ തന്നെ തീരുമാനിച്ചു.  രാവിലെ ഒൻപതരയോടെ തന്നെ സ്ഥലത്തെത്തി. ഏതാണ്ട് ഒരേ സമയത്താണ് വിവിധ മാധ്യമസ്ഥാപനങ്ങളിലെ വാഹനങ്ങൾ അവിടെ എത്തിയത്. വണ്ടിയിറങ്ങി മരണ വീട്ടിലേക്ക് നടന്നു പോകുമ്പോൾ അയൽവാസികളിൽ ഒരാൾ ഒരു ചിരിയോടെ ചോദിച്ചു, 'വലിയ സംഭവം ആകുകാണല്ലേ?' മുന്നോട്ട് പോയപ്പോൾ ഓരോരുത്തരോടും ഏതു സ്ഥാപനം ആണെന്ന് ചോദിക്കുന്ന മറ്റൊരാളെയും കണ്ടു.

  ആളൊഴിഞ്ഞ ഒരു പറമ്പ്. അതിനപ്പുറം ചതുപ്പിൽ ഒരു കുഞ്ഞുവീട്. മുറ്റം നിറയെ എവിടെ നിന്നോ ഒഴുകിയെത്തിയ മലിന ജലം.ചതുപ്പു പുരയിടത്തിൽ ജീവിക്കുന്ന അപ്പർ കുട്ടനാട്ടിലെ മനുഷ്യർക്ക് അതൊരു പുതുമയല്ല. അതു പോലെ തോന്നി ഇവിടെയും. വീടിന് അടച്ചുറപ്പുള്ള ഒരു കതക് ഇല്ല. ജനൽ ഒരു പേരിന് മാത്രം. അപ്പോഴും തൊട്ടടുത്ത പണിതീരാത്ത ഒരു വീട്ടിൽ ഒരു തുണ്ടുകയറിൽ തൂങ്ങി നിൽക്കുകയാണ് ആ മനുഷ്യൻ.

  സ്ഥലം നിറയെ രാഷ്ട്രീയ പ്രവർത്തകർ. പ്രത്യേകിച്ച് രണ്ട് പാർട്ടികളുടെ. (കക്ഷി രാഷ്ട്രീയം ഒഴിവാക്കാനായി പാർട്ടികളുടെ പേരുകൾ ഒഴിവാക്കുന്നു). കേസ് അട്ടിമറിച്ചതാണ്. വീട്ടുകാർ അത് പറയുന്നുണ്ട്. ഒരു പ്രധാനപാർട്ടിയുടെ പ്രാദേശിക നേതാവിന്റെ പിതാവാണ് ആണ് പത്തു വയസുകാരിയുടെ മിഠായി കൊടുത്തു പീഡിപ്പിച്ച 74 കാരനായ പ്രതി. ആ പാർട്ടിക്കാരാണ് കേസ് ആട്ടിമറിക്കാൻ ശ്രമിച്ചത്. പലരും ഓരോരുത്തരായി അടുത്തെത്തി കാര്യങ്ങൾ അടക്കം പറഞ്ഞു.  വീട്ടുകാർ സംസാരിക്കും എന്ന് പറഞ്ഞതോടെ ക്യാമറകൾ കുഞ്ഞുവീടിനുള്ളിലേക്ക് നീങ്ങി.എന്താണ് സംഭവിച്ചത് എന്ന് ചോദ്യം. അവർ ഒരുമിച്ചു നിന്ന് ഉത്തരം പറഞ്ഞു. 'സമൂഹം ഞങ്ങളെ ഒറ്റപ്പെടുത്തി. ഞങ്ങൾ മോൾടെ കേസ് ഒത്തു തീർപ്പാക്കാൻ പൈസ വാങ്ങിയെന്ന് പറഞ്ഞു. സങ്കടം സഹിക്കാനാകാത്ത ആളാണ് പുളളി'. ബന്ധുക്കൾ മനസ് തുറന്നു. വല്ലാത്ത ഒരു നിസംഗത തോന്നി. ചോദ്യങ്ങൾ പലതും ഉണ്ടായി എങ്കിലും തങ്ങൾ നേരിട്ട  ക്രൂരമായ ഒറ്റപ്പെടൽ മാത്രമായിരുന്നു ആ വീട്ടിലുള്ളവർക്ക് പറയാനുണ്ടായിരുന്നത്. എതിർപാർട്ടിക്ക് നേരേ ബന്ധുക്കൾ തങ്ങളോട് വെളിപ്പെടുത്തൽ നടത്തിയെന്നായിരുന്നു അവിടെ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകർ പറഞ്ഞിരുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ ബന്ധുക്കൾ അത് പറയാതെ വന്നതോടെ വീണ്ടും അടക്കം പറച്ചിലുകൾ.

  'ഞങ്ങളെക്കുറിച്ച് വളരെ മോശമായി പറഞ്ഞുപരത്തി സർ. ഞങ്ങൾ മോൾടെ പേരിൽ പൈസ വാങ്ങി എന്ന് വരെ പറഞ്ഞു. ഞങ്ങൾക്ക് അങ്ങനെ കഴിയുമോ സാറേ? കുഞ്ഞുമോളല്ലേ! ആരും വീട്ടീന്ന് പുറത്തിറങ്ങാതെ ഇരിക്കുകയാരുന്നു. ഇന്നലെയാണ് അവൻ ഒന്ന് പുറത്ത് പോയത്. അപ്പോളേക്കും അവിടെ നിന്നും പലതും കേട്ടു. സങ്കടം സഹിക്കാൻ വയ്യാതെ പോയതാണ്.' വീട്ടിൽ ഉണ്ടായിരുന്ന കുട്ടിയുടെ അപ്പൂപ്പൻ സങ്കടത്തോടെ പറഞ്ഞു.

  ഒരു വലിയ ഗതികേട് ആ മനുഷ്യനെ ബാധിച്ചിരുന്നു. ഞങ്ങൾ തെറ്റ് ചെയ്തില്ല എന്ന് സമൂഹത്തോട് ആവർത്തിച്ചു പറയേണ്ട ഗതികേട്. ആരാണ് പ്രചാരണം നടത്തിയത് എന്ന് അദ്ദേഹത്തോട് വീണ്ടും ചോദിച്ചു. സമൂഹം. ഒറ്റ വാക്കിൽ ആ മനുഷ്യൻ വീണ്ടും മറുപടി അവസാനിപ്പിച്ചു.

  ആരാണ് ആ സമൂഹം? മനസ് വീണ്ടും ചോദിച്ചു. വൈകാതെ ഉത്തരം വന്നു തുടങ്ങി. കഴിഞ്ഞദിവസം പഞ്ചായത്തിൽനിന്ന് കേസ് ഒത്തുതീർപ്പിന്  രണ്ടുപേർ വന്നില്ലേ എന്ന്  ആ വൃദ്ധനോട് അവിടെ നിന്ന ഒരാൾ ചോദിച്ചു. അത് മോൾക്ക് കൗൺസിലിങ്ങിന് വേണ്ടി വന്നതാണെന്ന് അപ്പൂപ്പൻ മറുപടി പറഞ്ഞു. അവിടെ ഉത്തരം തുടങ്ങുകയാണ്. അവരെ സഹായിക്കാം എന്ന് പറഞ്ഞു അവിടെ നിൽക്കുന്ന ചിലരിൽ  ആ സമൂഹം ഉണ്ട്.  മരണ വീട്ടിലെ വഴിയിൽ നിന്ന് ചിരിച്ചു കൊണ്ട് സംസാരിക്കാൻ വന്നവർ. 'എന്റെ വീടിന്റെ അടുത്തെല്ലാം ചാനലുകാരെ കൊണ്ട് നിറഞ്ഞു' എന്ന് സന്തോഷത്തോടെ ആരോടോ ഫോൺ ചെയ്തു പറയുന്നവർ. അവർ നടന്ന വഴികളിൽ സംശയത്തോടെ നോക്കിയവർ. അവരെ പരിഹസിച്ചവർ. അതെ. ആ പത്തു വയസുകാരിയെ പീഡിപ്പിച്ചയാൾ ഒരു കുറ്റവാളി മാത്രം. അവിടെ ഒരുപാട് കുറ്റവാളികൾ ഉണ്ട്.ഒരു പിഞ്ചുകുഞ്ഞിനെ പോലും കുറ്റവാളിയായി കണ്ട് പിന്നാലെ നടന്നു പീഡിപ്പിക്കുന്നവർ.

  അധികം വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ആ വീട്ടുകാർ സമൂഹം എന്ന വാക്ക് ഉപയോഗിച്ചപ്പോൾ അതിന് ഇത്രയും അർത്ഥം ഉണ്ടെന്ന് മനസിലായിരുന്നില്ല.

  പതിനൊന്നരയോടെ അവിടെ നിന്ന് ഇറങ്ങി. അപ്പോൾ ഒരു കാര്യത്തിൽ സംശയം ബാക്കി ഉണ്ടായില്ല.അതെ. ഈ സമൂഹമാണ് കുറ്റവാളി.

  അങ്ങനെ ഒരു ദുരന്തത്തിൽ നിസഹായനായി ഒരു തുണ്ട് കയറിൽ ജീവിതം അവസാനിപ്പിച്ച ആ മനുഷ്യന്റെ പേര് പോലും പറയാനാകാതെ തിരികെ വാർത്തയിലേക്ക് മടങ്ങി.

  അവിടെ ഞങ്ങൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
  Published by:Jayesh Krishnan
  First published:
  )}