നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Happy Diwali| ദീപങ്ങളുടെ ഉത്സവം, ഇന്ന് ദീപാവലി; ഐതിഹ്യവും പ്രാധാന്യവും അറിയാം

  Happy Diwali| ദീപങ്ങളുടെ ഉത്സവം, ഇന്ന് ദീപാവലി; ഐതിഹ്യവും പ്രാധാന്യവും അറിയാം

  ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നുവെന്നതാണ് പ്രത്യേകത.

  ദീപാവലി

  ദീപാവലി

  • Share this:
   രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. പേരുപോലെ തന്നെ ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ദീപാവലി (Deepawali) എന്നും മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ദിവാലി (Diwali) എന്ന പേരിലും ആഘോഷിക്കുന്നു. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നുവെന്നതാണ് പ്രത്യേകത.

   ഐതിഹ്യം

   ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തെയും തിന്മയുടെ മേൽ നന്മയുടെ വിജയവുമാണ് ആഘോഷിക്കുന്നത്. ദീപാവലിയുമാമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങളാണ് പ്രധാനമായും ഉള്ളത്. ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത് എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷം എന്ന നിലയിലാണ് ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്. ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതാണ് ദീപാവലി.

   അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ

   ധന ത്രയോദശി:

   ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും കനകധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുന്നു.

   നരക ചതുർദശി:

   ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച ശ്രീ കൃഷ്‌ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്.

   ലക്ഷ്മി പൂജ:

   ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മി അഥവാ ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.

   ബലി പ്രതിപദ:

   കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.

   ഭാതൃ ദ്വിതീയ:

   ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.

   ആശംസകൾ നേർന്ന് പ്രമുഖർ

   രാഷ്ട്രപതി രാംനാഥ് കോവിന്ദ്- 'ദീപാവലിയുടെ ശുഭകരമായ ഈ അവസരത്തിൽ രാജ്യത്തിന്റെ അകത്തും പുറത്തും താമസിക്കുന്ന എല്ലാ പൗരന്മാർക്കും അദ്ദേഹം ഊഷ്മളമായ ആശംസകളും നന്മകളും നേർന്നു. ദീപാവലി, സമൃദ്ധിയും സന്തോഷവും പരസ്പരം പങ്കുവയ്ക്കുന്നതിനുള്ള ഒരു ശുഭകരമായ അവസരം ആണ്. വൃത്തിയുള്ളതും സുരക്ഷിതവും ആയ രീതിയിൽ ഈ ഉത്സവം ആഘോഷിക്കാനും, പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പുവരുത്താനും നമ്മുക്ക് ഈ അവസരത്തിൽ പ്രതിജ്ഞ എടുക്കാം'

   ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍: 'ദീപാവലി പ്രസരിപ്പിക്കുന്ന സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും ദിവ്യപ്രകാശം അനുകമ്പയും പരസ്പരബഹുമാനവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താന്‍ നമുക്ക് പ്രചോദനമേകട്ടെ ... എല്ലാവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദീപാവലി ആശംസകൾ.'

   മുഖ്യമന്ത്രി പിണറായി വിജയൻ: 'നന്മയുടേയും സ്നേഹത്തിൻ്റേയും വെളിച്ചമാണ് ദീപാവലി പകരുന്നത്. മാനവികതയുടെ സന്ദേശം ഉയർത്തി ദീപാവലി ആഘോഷിക്കാം. ഏവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നു.'

   പ്രതിപക്ഷ നേതാവ് വി ഡി സതീശൻ: 'അന്ധകാരം നിറഞ്ഞ മനസുകളിലും വെളിച്ചം എത്തട്ടെ ... ദീപാവലി ആശംസകൾ'
   Published by:Rajesh V
   First published:
   )}