കാടാമ്പുഴ ദേവസ്വത്തിന്റെ കീഴിൽ ഉള്ള സൗജന്യ ഡയാലിസിസ് സെൻറർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഒരു ദേവസത്തിന്റെയോ ക്ഷേത്രത്തിന്റെ കീഴിൽ സൗജന്യ ഡയാലിസിസ് സെൻറർ പ്രവർത്തനം തുടങ്ങുന്നത്. ‘മാധവ സേവ മാനവസേവ’ എന്ന ആപ്തവാക്യം അടിസ്ഥാനമാക്കിയാണ് കാടാമ്പുഴ ദേവസ്വത്തിന്റെ പ്രവർത്തനങ്ങൾ. 1987 ൽ പ്രവർത്തനം തുടങ്ങിയ നാടിന് ആശ്രയമായ ചാരിറ്റബിൾ ആശുപത്രി 36 വർഷങ്ങൾക്ക് ഇപ്പുറം സൗജന്യ ഡയാലിസിസ് കേന്ദ്രമായി ആണ് മാറിയിരിക്കുന്നത്. മാതൃകാപരമാണ് ദേവസ്വത്തിൻ്റെ പ്രവർത്തനമെന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അവയവ മാറ്റ ചികിത്സയുടെ ചിലവുകൾ സ്വകാര്യ ആശുപത്രികളിൽ സുതാര്യം അല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് അവയവ മാറ്റ ചികിത്സക്ക് വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ആലോചിക്കുന്നു എന്നും വ്യക്തമാക്കി.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ്റെ അഭാവത്തിൽ കായിക മന്ത്രി വി അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അടുത്ത ഘട്ടമായി കിഡ്നി ട്രാൻസ്പ്ലാന്റേഷൻ സൗകര്യം കൂടി ഉള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഇവിടെ ഒരുക്കാൻ ആണ് ലക്ഷ്യമിടുന്നത് എന്ന മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം ആര്‍ മുരളി പറഞ്ഞു.
കാടാമ്പുഴ ദേവസ്വത്തിന്റെ കാരുണ്യ സ്പർശം; സൗജന്യ ഡയാലിസിസ് കേന്ദ്രം
സൗജന്യ ഡയാലിസിസ് കേന്ദ്രം എന്ന പദ്ധതി മുന്നോട്ട് വെക്കുകയും അതിനു വേണ്ട നടപടികൾ എടുക്കുകയും ചെയ്ത കാടാമ്പുഴ ദേവസ്വം മുൻ എക്സിക്യൂട്ടിവ് ഓഫീസർ അജയകുമാറിനെ ചടങ്ങിൽ ആദരിച്ചു.
ദേവസ്വത്തിനു കീഴിലെ ആറേക്കർ ഭൂമിയിൽ 10000 ചതുരശ്രേണിയിൽ വൃക്കകളുടെ ആകൃതിയിലാണ് ആശുപത്രി. പൂർണ്ണമായും ശീതീകരിച്ച കെട്ടിടത്തിൽ അന്തർദേശീയ നിലവാരമുള്ള ചികിത്സാ കേന്ദ്രം പ്രവർത്തിക്കുന്നു. 25 ഡയാലിസിസ് യന്ത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് യൂണിറ്റ് .നിലവിൽ 10 ഡയാലിസിസ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത് ബാക്കി ഉടൻ സ്ഥാപിക്കും. പത്തരക്കോടി രൂപയാണ് ഇതുവരെയുള്ള നിർമ്മാണ ചെലവ്. കേന്ദ്രത്തിന്റെ ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ് ചുമതല തിരുവനന്തപുരം സത്യസായി ഓർഫനേജ് ട്രസ്റ്റ് ആണ് നിർവഹിക്കുന്നത്. നെഫ്രോളജിസ്റ്റ് സേവനം കോട്ടയ്ക്കൽ ആസ്റ്റർ മിംസും നൽകുന്നു.
2021 ഒക്ടോബറിൽ ആണ് സൗജന്യ ഡയാലിസിസ് സെൻറർ എന്ന സ്വപ്ന പദ്ധതിക്ക് തറക്കല്ലിട്ടത്. ഒരു വർഷത്തിനുള്ളിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ച് പദ്ധതി യാഥാർത്ഥ്യമാക്കാൻ മലബാർ ദേവസ്വം ബോർഡിന് കഴിഞ്ഞു. 2022 ഒക്ടോബറിൽ കേന്ദ്രം പ്രവർത്തനസജ്ജമായി പരീക്ഷണ അടിസ്ഥാനത്തിൽ ഡയാലിസിസ് ചികിത്സകൾ തുടങ്ങുകയും ചെയ്തു. ജാതിമതഭേദമില്ലാതെ പൂർണ്ണമായും സൗജന്യമായാണ് കാടാമ്പുഴ ദേവസ്വം ഡയാലിസിസ് സെൻററിൽ ചികിത്സ നൽകുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്കാണ് മുൻഗണന. ഭക്തരുടെ സഹായസഹകരണങ്ങളോടെ തുടർ വികസന പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയുമെന്നാണ് മലബാർ ദേവസ്വം ബോർഡിൻറെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ ക്ഷേത്രം സ്ഥിതിചെയ്യുന്ന മാറാക്കര പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും കിഡ്നി രോഗികൾക്കാണ് പരിഗണന നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.