• HOME
  • »
  • NEWS
  • »
  • life
  • »
  • മൂന്നു മക്കളും രണ്ടു മരുമക്കളും ഡോക്ടർമാർ, അഞ്ചു ഡോക്ടർമാരുള്ള കാട്ടിലെ ആദിവാസി കുടുംബം

മൂന്നു മക്കളും രണ്ടു മരുമക്കളും ഡോക്ടർമാർ, അഞ്ചു ഡോക്ടർമാരുള്ള കാട്ടിലെ ആദിവാസി കുടുംബം

ഹോസ്റ്റലില്‍ നിന്ന് പണം ആവശ്യപ്പെട്ട് വിളിയ്ക്കുമ്പോള്‍ ഭക്ഷണം പോലും കഴിയ്ക്കാതെ പണത്തനായി രാഘവനും ഭാര്യയും നെട്ടോട്ടമോടിയ സമയങ്ങളുണ്ട്.

രാഘവന്‍ പുഷ്പ ദമ്പതികള്‍

രാഘവന്‍ പുഷ്പ ദമ്പതികള്‍

  • Share this:
കൊച്ചി: ഇന്ന് ഡോക്ടര്‍മാരുടെ ദിനം. കൊവിഡ് മഹാമാരിയില്‍ രാജ്യത്തിന് താങ്ങായി മാറിയ ഡോക്ടര്‍മാര്‍ക്ക് ആദരവര്‍പ്പിയ്ക്കുമ്പോള്‍ പ്രതിസന്ധികള്‍ മറികടന്ന് മൂന്നു മക്കളെ ഡോക്ടര്‍മാരാക്കി മാറ്റിയ കോതമംഗലം മാമലക്കണ്ടത്തെ ആദിവാസി ദമ്പതികളായ രാഘവന്‍ പുഷ്പ ദമ്പതികള്‍ ഈ ദിനത്തിലെ ഹീറോകളാണ്. മരുമക്കളെക്കൂടി കണക്കിലെടുത്താല്‍ അഞ്ച് ഡോക്ടര്‍മാരാണ് രാഘവന്റെ കുടുംബത്തില്‍.

പൊലിഞ്ഞുപോയ പത്താംക്ലാസ് മോഹം

1965 കാലം സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇടുക്കി വണ്ണപ്പുറത്ത് കാട് വെട്ടിത്തെളിച്ച് കൃഷി തുടങ്ങിയതാണ് രാഘവന്റെ കുടുംബം. ഹൈറേഞ്ചിലെ ജലമുള്ള ഇടങ്ങള്‍ പുഴയോരങ്ങളും തേടി നായാടിയായി അലഞ്ഞുനടന്ന ബാല്യം. പാറയിടുക്കുകളില്‍ കാട്ടുമൃഗങ്ങളേപ്പേടിച്ച് ഒളിച്ചിരുന്നു തേനും ഞണ്ടും മീനും കൂവയും ഭക്ഷണം. ഷര്‍ട്ടിടാതെ നിക്കര്‍ മാത്രമിട്ട് സ്‌കൂളില്‍ പോകുന്ന കാലം.അഞ്ചാം ക്ലാസുകഴിഞ്ഞതോടെ പട്ടയക്കുടിയിലെ മിടുക്കരായി 10 കുട്ടികളെ നാട്ടുകാര്‍ പിരിവിട്ട് തൊടുപുഴയില്‍ പഠിയ്ക്കാനായി എത്തിച്ചു. 50 ഗ്രാം തൂക്കത്തില്‍ കഞ്ഞിയും നൂറും ഗ്രം തൂക്കത്തില്‍ ചോറും ഭക്ഷണം.പഠനം നടന്നെങ്കിലും വിശപ്പടക്കാന്‍ ഭക്ഷണം തികയാതെ വന്നതോടെ എട്ടു പേര്‍ മടങ്ങി. എന്നാല്‍ ശശിയെന്ന സുഹൃത്തിനൊപ്പം രാഘവന്‍ പഠനം തുടര്‍ന്നു. ഇംഗ്ലീഷും ഹിന്ദിയുമടക്കമുള്ളവ പഠിപ്പിയ്ക്കുന്ന ഹോസ്റ്റല്‍ വാര്‍ഡനും അറിയില്ലെന്ന അവസ്ഥ വന്നതോടെ തൊടുപുഴ ഗവര്‍മെണ്ട് സ്‌കൂളിലേക്ക് പഠനം മാറ്റി. 1977 ല്‍ പത്താംക്ലാസ് പരീക്ഷയെഴുതിയെങ്കിലും ദയനീയ തോല്‍വിയായിരുന്നു ഫലം.

കുട്ടികളെ പഠിപ്പിയ്ക്കാന്‍ പാലായനം

അങ്ങേയറ്റം ദുഷ്‌കരമായ ജീവിത സാഹചര്യങ്ങളായിരുന്നു വണ്ണപ്പുറത്തേത്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പര്യാപ്തമല്ലാത്ത കാലം. ചികിത്സാ സൗകര്യങ്ങളില്ല. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെങ്കില്‍ കാട്ടിലൂടെ കിലോമീറ്ററികളോളം സഞ്ചരിയ്ക്കണം. തനിയ്ക്കുണ്ടായ അനുഭവം മക്കള്‍ക്കുണ്ടാകരുതെന്ന വാശിയില്‍ ജീവിതം കോതമംഗലം കുട്ടമ്പുഴയ്ക്കടുത്തുള്ള ആദിവാസി സങ്കേതമായ മാമലക്കണ്ടത്തേക്ക് പറിച്ചുനട്ടു. കൈലിമുണ്ടില്‍ തോളില്‍ കെട്ടി കാട്ടിലൂടെ കിലോമീറ്ററുകളോളം മക്കളെ സ്‌കൂളിലെത്തിച്ചു. ചെറിയ ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ശാരീരകമായ ക്ലേശങ്ങള്‍ക്കപ്പുറം സാമ്പത്തികം വലിയ വെല്ലുവിളിയായിരുന്നില്ല രാഘവന് കുട്ടികള്‍ പ്രൊഫഷണല്‍ പഠനം ആരാഭിച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഏറി. രാഘന്റെയും ഭാര്യയുടെയും അദ്ധ്വനത്തിനൊപ്പം സുമനസുകളുടെ സഹായവും മൂന്നു പേര്‍ക്കും കൈത്താങ്ങായി.

വളച്ചാല്‍ പോരാ ഒടിയ്ക്കണം

രാഘവന്റെ ഭാഷയില്‍ പിടിച്ചാല്‍ വളയ്ക്കണം,വളച്ചാല്‍ ഒടിയ്ക്കുകയും വേണം. അതായത് എന്ത് തീരുമാനിച്ചാലും നടത്തണം. കാട്ടുകോഴിയെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന ഊരാളി ജീവിതെ അങ്ങനാണ്. എവിടെ ചെന്നാലും അവിടംകൊണ്ട് ജീവിയ്ക്കണം. പിന്തിരിഞ്ഞോടുക രാഘവന്റെ നിഘണ്ടിവിലില്ല.എന്‍ട്രന്‍സ് തയ്യാറെടുപ്പ് ആരംഭിയ്ക്കാനൊരുങ്ങിയപ്പോള്‍ മകന്‍ പ്രദീപിനോട് ആദ്യം ചോദ്യവും ഇതായിരുന്നു. നീ ജയിക്കുമോ മകന്റെ ആത്മവിശ്വാസത്തില്‍ രാഘവന്‍ തൃപ്തനായി.

സ്വന്തം പരിശീലനത്തില്‍ തന്നെ ആദ്യ എഴുത്തില്‍ എന്‍ട്രന്‍സ് കടമ്പ കടന്ന പ്രദീപ് ഹോമിയോ ഡോക്ടറായി. ഇപ്പോള്‍ ഇടുക്കിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ഏകാധ്യാപക വിദ്യാലയത്തില്‍ പഠിച്ച സഹോദരി സൂര്യ പത്താം ക്ലാസ് എട്ട് എ പ്ലസും രണ്ട് എയുമായി പാസായി. സുര്യയുടെ പഠനത്തിനായി രാഘവന്‍ രാഷ്ട്രപതിയ്ക്ക് നല്‍കിയ നിവേദനത്തിലാണ് പട്ടികവര്‍ഗ്ഗവിഭാഗത്തിന് എന്‍ട്രന്‍സില്‍ പ്രത്യേക പരീക്ഷയും പരിശീലനവും നല്‍കാന്‍ ഉത്തരവിറങ്ങിയത്. അന്നത്തെ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അടക്കമുള്ളവര്‍ അന്ന് മാമലക്കണ്ടത്തെ രാഘവന്റെ വീട്ടിലെത്തി.എം.ബി.ബി.എസ് ഡോക്ടറായ സൂര്യ കാസര്‍കോഡ് ചിറ്റാരിയ്ക്കലില്‍ സേവനം നോക്കുന്നു. സൂര്യയുടെ ഭര്‍ത്താവും ഡോക്ടറാണ്. ഇളയ ആള്‍ സന്ദീപ് ആയുര്‍വേദ ഡോക്ടറായി കണ്ണൂരില്‍ ജോലിചെയ്യുന്നു. ആറ് മാസം മുമ്പ് കണ്ണൂര്‍ ആയുര്‍വേദ കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയത്.

പണത്തിനായി നെട്ടോട്ടമോടിയ കാലം

മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി കോടികള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന സമ്പന്നകുടുംബങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് മൂന്നുപേരുടെയും വിദ്യാഭ്യാസകാലം. ഹോസ്റ്റലില്‍ നിന്ന് പണം ആവശ്യപ്പെട്ട് വിളിയ്ക്കുമ്പോള്‍ ഭക്ഷണം പോലും കഴിയ്ക്കാതെ പണത്തനായി രാഘവനും ഭാര്യയും നെട്ടോട്ടമോടിയ സമയങ്ങളുണ്ട്. പലചരക്കു കടയില്‍ സാമഗ്രികളുടെ എണ്ണം നേര്‍ പകുതിയിയായി വെട്ടിക്കുറയ്ക്കും. പണം പലചരക്കുകടക്കാരന്‍ തന്നെ പട്ടണത്തിലെത്തിച്ച് കുട്ടികള്‍ക്കയയ്ക്കും. പിന്നീട് കൂലിപ്പണിയെടുത്ത് കടം വീട്ടും. പാലായിലെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ ബ്രില്യന്‍സും കാര്യമായ സഹായം ചെയ്തതായി കുടുംബം പറയുന്നു.

കൃഷി തന്നെ ജീവിതം,കാവല്‍മാടത്തില്‍ ഉറക്കം

മൂന്നു മക്കളും രണ്ട് മരുമക്കളും ഡോക്ടര്‍മാര്‍ ആണെങ്കിലും കൃഷിയിലാണ് രാഘവന്റെയും ഭാര്യയുടെയും ജീവിതം. ഒപ്പം താമസിയ്ക്കാനുള്ള മക്കളുടെ ക്ഷണം സ്നേഹപൂര്‍വ്വം നിരസിയ്ക്കും.നെല്ലും വാഴയും കപ്പയും കുരുമുളകും റബറുമെല്ലാം കൃഷിയുണ്ട്.മക്കള്‍ പണിതു നല്‍കിയ വാര്‍ക്കവീടുണ്ടെങ്കിലും കൃഷി നശിപ്പിയ്ക്കാനെത്തിയ്ക്കുന്ന വന്യമൃഗങ്ങളെ തുരത്താന്‍ വീടിനോട് ചേര്‍ന്ന കാവല്‍ മാടത്തിലാണ് രാഘവന്റെയും ഭാര്യയുടെയും രാത്രി ഉറക്കം.ടൈം ടേബിള്‍ ക്രമീകരിച്ചാണ് കൃഷി. പുലര്‍ച്ചെ 4.30 ഉണര്‍ക്കമുണര്‍ന്നായില്‍ രാത്രി 11 വരെ കൃ്ത്യമായ ഷെഡ്യൂളില്‍ കൃഷിപ്പണികള്‍ ചെയ്തു തീര്‍ക്കും.അടുത്ത കാലം വരെ സ്വന്തം കൃഷിയ്ക്കപ്പുറം തൊഴിലുറപ്പിനും കൂലിപ്പണിയ്ക്കുമൊക്കെ രണ്ടുപേരും പോകുമായിരുന്നു.

മരുമക്കള്‍ക്കും ഉപരിപഠനം

സ്ത്രീധന വിഷയത്തില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാവുന്ന കാലത്ത് ഇക്കാര്യത്തിലും മാതൃകയാണ് രാഘവന്‍ ഒരു രൂപ പോലും സ്ത്രീധനമായി വാങ്ങാതെ മകനെ വിവാഹം കഴിപ്പിച്ചശേഷം ഡോക്ടറായ മരുമകളെ ഉപരിപഠനത്തിന് അയയ്ക്കുകയും ചെയ്തു. മകള്‍ കെട്ടിയിരിയ്ക്കുന്നതും ഡോക്ടറെ തന്നെയാണ്. എല്ലാവരും ഒത്തുചേരുമ്പോള്‍ ആഘോഷമാണെങ്കിലും വീട്ടില്‍ ഇടമില്ല എന്നതാണ് പ്രധാന പരിമിതി.

ഇനി ലക്ഷ്യം പത്താംക്ലാസ് ജയം

ആദ്യശ്രമത്തില്‍ പരാജയപ്പെട്ട പത്താംക്ലാസ് മോഹം ഇന്നും ഒരു വേദനയായി രാഘവന് അവശേഷിയ്ക്കുന്നു.നേരത്തെ രണ്ടും വട്ടം തയ്യാറെടുപ്പു നടത്തിയെങ്കിലും മകളുടെ വിവാഹത്തിരക്കുകള്‍ മൂലം ആദ്യവട്ടവും കൊവിഡ് പ്രതിസന്ധി മൂലം രണ്ടാം തവണയും പരീക്ഷ എഴുതാനായില്ല. മറവിയും ഓര്‍മ്മക്കുറവുമൊക്കെ ഉണ്ടെങ്കിലും ഒരു കൈ പരിശ്രമം കൂടി നടത്താനാണ് രാഘവന്റെ തീരൂമാനം. പൂര്‍ണ്ണസഹായം വാഗ്ദാനം ചെയ്ത ഭാര്യ പുഷ്പ ഒപ്പമുണ്ട്.
Published by:Sarath Mohanan
First published: