കോവിഡ് 19 കേസുകൾ കുറഞ്ഞത് ലോകത്താകമാനം സഞ്ചാരമേഖലക്ക് പുത്തനുണർവ് പകർന്നിരിക്കുകയാണ്. യാത്രക്കായി ഒരു സ്ഥലം തെരഞ്ഞെടുക്കുകയെന്നത് പലപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യക്ക് പുറത്ത് വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി സഞ്ചരിക്കാൻ സാധിക്കുന്ന ചില രാജ്യങ്ങളുണ്ട്. വിസയില്ലാതെ യാത്ര ചെയ്യാൻ സാധിച്ചാൽ നിങ്ങൾക്ക് ഒരുപാട് സമയം ലാഭിക്കാൻ സാധിക്കും. ഏകദേശം 30 രാജ്യങ്ങളിൽ നിങ്ങൾക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്നതാണ്. അവയിൽ നിങ്ങളുടെ മനസ്സിനും ശരീരത്തിനും കുളിർമ്മ നൽകുന്ന 5 ദ്വീപ് രാഷ്ട്രങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
കുക്ക് ദ്വീപ് പസഫിക്ക് സമുദ്രത്തിൻെറ തെക്ക് ഭാഗത്തായാണ് പതിനഞ്ചോളം ദ്വീപസമൂഹങ്ങളുടെ കൂട്ടായ്മമായ ഈ ദീപ് രാഷ്ട്രമുള്ളത്. പഞ്ചാരമണൽ ബീച്ചുകളും നീലക്കായൽ പ്രദേശങ്ങളും ഇവിടുത്തെ സവിശേഷതയാണ്. ഇതിലെ ഏറ്റവും വലിയ ദ്വീപായ റാറോത്തോങ്കയിൽ കുന്നിൻ ചെരുവുകളും മനോഹരമായ ഭൂപ്രകൃതിയും നിങ്ങളെ വരവേൽക്കും. പകൽ ആസ്വദിച്ച് യാത്ര ചെയ്യാനും കാഴ്ചകൾ കാണാനും പറ്റുന്നതോടൊപ്പം സാഹസിക കായിക വിനോദങ്ങളിലും ഏർപ്പെടാൻ ഇവിടെ നിങ്ങൾക്ക് സാധിക്കും. ഇന്ത്യൻ പാസ്പോർട്ട് ഉള്ള ഒരാൾക്ക് ഒരു മാസം വരെ കുക്ക് ദ്വീപിൽ കഴിയാവുന്നതാണ്.
ഫിജി 300 ദ്വീപുകൾ ചേർന്നിട്ടുള്ള അതിമനോഹരമായ പ്രദേശമാണ് ഫിജി. സൗത്ത് പസഫിക്കിൽ തന്നെയാണ് ഈ രാജ്യവും സ്ഥിതി ചെയ്യുന്നത്. ഇടതിങ്ങിയ മഴക്കാടുകളും ആവേശത്തിലെത്തിക്കുന്ന വെള്ളച്ചാട്ടങ്ങളും അഗ്നിപർവതങ്ങളുമെല്ലാം ഫിജിയുടെ പ്രത്യേകതയാണ്. അതിമനോഹരമായ പവിഴപ്പുറ്റുകളുള്ള ഫിജി ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കുന്നത് വല്ലാത്ത അനുഭവം തന്നെയായിരിക്കും. കയാക്കിങ് പോലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൌകര്യങ്ങളുമുണ്ട്.
ഇന്തോനേഷ്യ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹണിമൂൺ ലൊക്കേഷനുകളിൽ ഒന്നാണ് ബാലിദ്വീപ്. എന്നാൽ ബാലിദ്വീപ് സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ വിസ ഇല്ലാതെ ഒരു മാസം വരെ ഇന്ത്യക്കാർക്ക് തങ്ങാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിവുള്ള കാര്യമായിരിക്കില്ല. 17000ത്തോളും ചെറുദ്വീപുകളാണ് ഇന്തോനേഷ്യയിലുള്ളത്. ഇവിടുത്തെ സംസ്കാരവും കലയും ഭക്ഷണരീതിയുമൊക്കെ അടുത്തറിയാൻ സാധിക്കുന്നത് മനോഹരമായ അനുഭവം തന്നെയായിരിക്കും.
മൗറീഷ്യസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ് മനോഹരമായ ബീച്ചുകൾ, പവിഴപ്പുറ്റുകൾ, കായൽ പ്രദേശങ്ങൾ എന്നിവ കൊണ്ട് നിങ്ങൾക്ക് സ്വപ്നതുല്യമായ അനുഭവം നൽകുന്ന പ്രദേശമാണ്. വെള്ള പഞ്ചാരമണൽ ബീച്ചുകൾ ഇവിടുത്തെ പ്രത്യേകതയാണ്. വെള്ളച്ചാട്ടങ്ങളും അഗ്നിപർവതങ്ങളും മലകളും കൊടുങ്കാടുമെല്ലാം നിറഞ്ഞ മൗറീഷ്യസിൻെറ ഭൂപ്രകൃതി അനുഭവിച്ച് അറിയേണ്ടത് തന്നെയാണ്. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് മൗറീഷ്യസിൽ മൂന്ന് മാസം വരെ താമസിക്കാം.
ബാർബഡോസ് അറ്റ്ലാൻറിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ കരീബിയൻ ദ്വീപിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ മൂന്ന് മാസം വരെ താമസിക്കാൻ സാധിക്കും. സാംസ്കാരിക വൈവിധ്യം കൊണ്ട് നിങ്ങൾക്ക് മനോഹരമായ അനുഭൂതി നൽകുന്ന രാജ്യമാണ് ബാർബഡോസ്. പഞ്ചാരമണൽ ബീച്ചുകളും തെളിഞ്ഞ വെള്ളമുള്ള കായൽ പ്രദേശങ്ങളുമെല്ലാം ചേരുന്ന ബാർബഡോസ് ദമ്പതികൾക്ക് മധുവിധു ആഘോഷിക്കാൻ പറ്റിയ സ്ഥലം കൂടിയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.