• HOME
 • »
 • NEWS
 • »
 • life
 • »
 • FIVE REMOTE HOLIDAY DESTINATIONS TO VISIT DURING THE PANDEMIC KM

മഹാമാരിക്കാലത്ത് സന്ദർശിക്കാൻ പറ്റിയ അഞ്ച് വിദൂര വിനോദസഞ്ചാര കേന്ദ്രങ്ങൾ

നഗരങ്ങളുടെ തിരക്കുകളില്‍ നിന്ന് മാറി ശാന്തമായ അന്തരീക്ഷത്തില്‍ രോഗവ്യാപനത്തിന്റെ ഭീതിയൊഴിഞ്ഞ് അവധി ദിവസങ്ങള്‍ ആസ്വദിക്കാന്‍ ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നമുക്ക് പരിചയപ്പെടാം.

രോഗവ്യാപനത്തിന്റെ ഭീതിയൊഴിഞ്ഞ് അവധി ദിവസങ്ങള്‍ ആസ്വദിക്കാന്‍ ഈ പ്രദേശങ്ങള്‍ നിങ്ങളെ സഹായിക്കും

രോഗവ്യാപനത്തിന്റെ ഭീതിയൊഴിഞ്ഞ് അവധി ദിവസങ്ങള്‍ ആസ്വദിക്കാന്‍ ഈ പ്രദേശങ്ങള്‍ നിങ്ങളെ സഹായിക്കും

 • Share this:
  ഇന്ത്യ വൈവിധ്യങ്ങളുടെ നാട് എന്ന നിലയില്‍ പ്രശസ്തമായ രാജ്യമാണ്. സംസ്‌കാരങ്ങളുടെയും ഭക്ഷണരീതികളുടെയും മാത്രമല്ല, ഭൂപ്രദേശങ്ങളുടെ വൈവിധ്യവും ഇന്ത്യയുടെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്. പ്രസിദ്ധമായ അനേകം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഈ രാജ്യത്തുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, അധികമാര്‍ക്കും അറിയാത്ത വളരെ പ്രത്യേകതകള്‍ നിറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ത്യയിലുണ്ട്. ഏതൊരു സാഹസികനായ യാത്രികനെപ്പോലും അത്ഭുതപ്പെടുത്താന്‍ ശേഷിയുള്ളവയാണ് സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യത്തിന്റെ വിളനിലങ്ങളായ ഈ പ്രദേശങ്ങള്‍.

  കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകാന്‍ തുടങ്ങിയതോടെ യാത്രികര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഈ ഇളവുകളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിനോദസഞ്ചാരം വീണ്ടും സജീവമാകാന്‍ തുടങ്ങുകയാണ്. അധികമാര്‍ക്കും അറിയാത്തതും യാത്രികരുടെ തിരക്ക് അനുഭവപ്പെടാത്തതുമായ വിദൂര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയാകും കോവിഡ് ഭീതി പൂര്‍ണമായും വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ഏറ്റവും അഭികാമ്യം. നഗരങ്ങളുടെ തിരക്കുകളില്‍ നിന്ന് മാറി ശാന്തമായ അന്തരീക്ഷത്തില്‍ രോഗവ്യാപനത്തിന്റെ ഭീതിയൊഴിഞ്ഞ് അവധി ദിവസങ്ങള്‍ ആസ്വദിക്കാന്‍ ഈ പ്രദേശങ്ങള്‍ നിങ്ങളെ സഹായിക്കും. അത്തരത്തിലുള്ള ഇന്ത്യയിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നമുക്ക് പരിചയപ്പെടാം.

  ജവായ്, രാജസ്ഥാന്‍
  ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷം തേടുന്ന യാത്രികര്‍ക്ക് ഏറ്റവും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമാണ് രാജസ്ഥാനിലെ ജവായ്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളാല്‍ സമ്പന്നമായ ജവായ് നദിയുടെ പേരില്‍ തന്നെയാണ് ഈ പ്രദേശം അറിയപ്പെടുന്നത്. പ്രകൃതിയോടും വന്യജീവികളോടും ഇടപഴകാനുള്ള അതിമനോഹരമായ അവസരമാകും ഈ നാട് നിങ്ങള്‍ക്ക് തുറന്നു നല്‍കുക. ജവായ് നദിയുടെ ചുറ്റിലും നിലകൊള്ളുന്ന ഉയര്‍ന്ന ഭൂപ്രദേശങ്ങള്‍ സുന്ദരമായ കാഴ്ചയാണ് സമ്മാനിക്കുക. പുള്ളിപ്പുലികള്‍ വളരെ സ്വതന്ത്രമായി ജീവിക്കുന്ന പ്രദേശമാണ് ജവായ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ഏറ്റവും ഉദാത്തമായ പ്രതീകമാണ് ജവായ് നദിയ്ക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന ഈ ഭൂപ്രദേശം. വന്യജീവികള്‍ക്കിടയിലൂടെ നടത്താന്‍ കഴിയുന്ന സഫാരി യാത്ര സമാനതകളില്ലാത്ത ഒരു അനുഭവമായിരിക്കും. പുള്ളിപ്പുലികളെ കൂടാതെ നീല്‍ഗായ്, കരടികള്‍, ചെന്നായ്ക്കള്‍, കഴുതപ്പുലികള്‍ തുടങ്ങി അനവധി വന്യമൃഗങ്ങളെ കാണാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. ഇതുകൂടാതെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ജവായിക്ക്. ദേശാടനപ്പക്ഷികളുടെ ശൈത്യകാല സങ്കേതമാണ് അതിമനോഹരമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ ഈ പ്രദേശം.

  സിറോ താഴ്വര, അരുണാചല്‍ പ്രദേശ്
  സ്‌കോട്ട്‌ലാന്‍ഡിലെ പച്ചപ്പുല്‍ത്തകിടികളിലൂടെയുള്ള യാത്ര നിങ്ങളുടെ മനസിലെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരിക്കും അല്ലേ? എന്നാല്‍, സ്‌കോട്ട്‌ലാന്‍ഡ് യാത്രയ്ക്ക് വേണ്ടിവരുന്നതിന്റെ പകുതി ചിലവില്‍ ഇരട്ടി സന്തോഷം കണ്ടെത്താന്‍ കഴിയുന്ന ഒരു സ്ഥലം നമ്മുടെ രാജ്യത്ത് തന്നെയുണ്ടെങ്കിലോ! അത്തരമൊരു പ്രദേശമാണ് പ്രകൃതിസൗന്ദര്യത്തിന്റെ പര്യായമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സിറോ പട്ടണം. അരുണാചല്‍ പ്രദേശിലെ അതിമനോഹരമായ പര്‍വ്വതനിരയില്‍ സ്ഥിതി ചെയ്യുന്ന സുന്ദരമായ പട്ടണമാണ് സിറോ. സമാനതകളില്ലാത്ത പ്രകൃതിദൃശ്യങ്ങളുടെയും വന്യജീവി സമ്പത്തിന്റെയും വിളനിലമായ ഈ പ്രദേശം അപതാനി എന്ന് പേരുള്ള ഗോത്രവിഭാഗങ്ങളുടെ കേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ്. വിശാലമായ പച്ചപ്പ്, കണ്ണിന് കുളിര്‍മയും മനസിന് സമാധാനവും നല്‍കുന്ന നെല്‍പ്പാടങ്ങള്‍, മറ്റേത് പ്രദേശങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഗോത്ര സംസ്‌കൃതിയുടെ പാരമ്പര്യം, വര്‍ഷം മുഴുവനും നിലനില്‍ക്കുന്ന സുഖകരമായ കാലാവസ്ഥ എന്നീ ഘടകങ്ങള്‍ ജീവിതത്തില്‍ നിശ്ചയമായും സന്ദര്‍ശിച്ചിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി സിറോ താഴ്വരയെ മാറ്റുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇവിടെ വായുമാര്‍ഗം എത്തുന്ന യാത്രികരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍, കൂടുതല്‍ യാത്രാസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

  മൊറാച്ചി ചിഞ്ചോളി, മഹാരാഷ്ട്ര
  പൂനെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം മഹാരാഷ്ട്രയിലെ അനൗദ്യോഗിക മയില്‍ സങ്കേതമായാണ് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുളിമരങ്ങളുടെയും നൃത്തം ചെയ്യുന്ന മയിലുകളുടെയും കേന്ദ്രമാണ് ഈ പ്രദേശം. പെഷ്വ രാജവംശത്തിന്റെ ഭരണകാലത്താണ് ഇവിടെ പുളിമരങ്ങള്‍ നട്ടുപിടിപ്പിച്ചതെന്നും അവ മയിലുകളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുകയായിരുന്നു എന്നുമാണ് ഐതിഹ്യം. മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതം എന്താണെന്ന് നേരിട്ട് അനുഭവിച്ചറിയാനുള്ള സുവര്‍ണാവസരമാണ് ഈ ഗ്രാമത്തിലേക്കുള്ള യാത്ര വിനോദസഞ്ചാരികള്‍ക്ക് നല്‍കുക. ഗ്രാമവാസികള്‍ യാത്രികര്‍ക്ക് കാളവണ്ടിയിലുള്ള യാത്ര സമ്മാനിക്കുന്നതോടൊപ്പം കാര്‍ഷിക ജീവിതത്തിന്റെയും ജലസേചനത്തിന്റെയുമൊക്കെ പ്രായോഗിക ജീവിതാനുഭവങ്ങള്‍ നേരിട്ട് കാണിച്ചു തരികയും ചെയ്യും. ജൈവ പച്ചക്കറികള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കിയ ലളിതമായ ഭക്ഷണവിഭവങ്ങളും ഇവിടെ നിങ്ങള്‍ക്ക് ആസ്വദിക്കാം.

  വര്‍ക്കല, കേരളം
  കേരളത്തിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വര്‍ക്കല. ശാന്തമായ അന്തരീക്ഷത്തിനും അതിമനോഹരമായ കടല്‍ത്തീരത്തിനും പേരുകേട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇത്. ചുവന്ന മണല്‍ക്കല്ലുകള്‍ നിറഞ്ഞ പാറക്കെട്ടുകളും വിശാലമായ പച്ചപ്പും കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകളാകും. കരിമണല്‍ നിറഞ്ഞ കടല്‍ത്തീരവും ഈ പ്രദേശത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. സാഹസിക പ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പാരാഗ്ലൈഡിങ്, റാഫ്റ്റിങ്, പാരാസെയ്ലിങ് എന്നിവയ്ക്കുള്ള അവസരവും വര്‍ക്കലയില്‍ ലഭിക്കും. വര്‍ക്കല ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. 2000 വര്‍ഷങ്ങള്‍ പഴക്കമുള്ള ജനാര്‍ദ്ദന സ്വാമി ക്ഷേത്രവും ശിവഗിരി മഠവും സ്ഥിതി ചെയ്യുന്നത് വര്‍ക്കലയിലാണ്. ചുരുക്കത്തില്‍, രസകരമായ വിനോദയാത്രയ്ക്കൊപ്പം ആത്മീയമായ സന്തോഷം കൂടി ലക്ഷ്യം വെയ്ക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വര്‍ക്കല.

  ചൗകോരി, ഉത്തരാഖണ്ഡ്
  ഹിമാലയന്‍ മലനിരകളാലും പടുകൂറ്റന്‍ മരങ്ങളാലും ചുറ്റപ്പെട്ട ചൗകോരി അധികമാര്‍ക്കും അറിയാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. നന്ദാദേവി, പഞ്ചചുലി എന്നീ കൊടുമുടികളുടെയും നന്ദ കോട്ടിന്റെയും അതിമനോഹരമായ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന ഒരു ഹില്‍ സ്റ്റേഷനാണ് ചൗകോരി. പ്രകൃതിസൗന്ദര്യത്തോടൊപ്പം നിരവധി ഹൈന്ദവ ക്ഷേത്രങ്ങളുടെ കേന്ദ്രം കൂടിയാണ് ചൗകോരി. വിശാലമായ മലനിരകളിലൂടെയുള്ള ട്രെക്കിങ് അതിവിശിഷ്ടമായ അനുഭവമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
  Published by:Karthika M
  First published:
  )}